ഈ ജെല്ലിഫിഷ് ശരിക്കും ജെല്ലിഫിഷല്ല! റോബട്ടാണ്, പ്ലാസ്റ്റിക് നീക്കും റോബട്ട്
Mail This Article
ഭൗമോപരിതലത്തിന്റെ 70 ശതമാനത്തോളം സമുദ്രമാണ്. എന്നാൽ സമുദ്രത്തിന്റെ നല്ലൊരു ഭാഗം പര്യവേക്ഷണം നടന്നിട്ടില്ലാത്ത മേഖലയാണ്. സമുദ്രത്തിന്റെ പരിസ്ഥിതി ആരോഗ്യം കൂട്ടാനായി സമുദ്രാന്തർഭാഗത്തു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അത്യാവശ്യമാണ്. എന്നാൽ ഇന്നുപയോഗിക്കുന്ന ഇത്തരം ഉപകരണങ്ങൾ താരതമ്യേന ശേഷി കുറഞ്ഞവയും ബഹളമയവുമാണ്.
എന്നാൽ ഇപ്പോൾ സമുദ്ര പര്യവേക്ഷണത്തിനായി പുതിയൊരുതരം റോബട്ടിനെ നിർമിച്ചിരിക്കുകയാണ് സ്റ്റട്ട്ഗാർട്ടിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‌റലിജന്‌റ് സിസ്റ്റംസ്. ജെല്ലിഫിഷിന്‌റെ രൂപത്തിലുള്ള ഒരു ജലാന്തര റോബട്ടിനെയാണ് ഇവർ നിർമിച്ചിരിക്കുന്നത്. സമുദ്രത്തിന്‌റെ അടിത്തട്ടിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ഈ റോബട്ട്.
തൊടാതെ തന്നെ മാലിന്യം വലിച്ചെടുക്കാനുള്ള കഴിവ് ഈ റോബട്ടിനുണ്ട്. സാധാരണ ഗതിയിൽ സമുദ്രാന്തർഭാഗത്തെ പര്യവേക്ഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ വലിയ ശബ്ദമുണ്ടാക്കുന്നവയാണ്. എന്നാൽ ഇതിന് ആ പ്രശ്‌നമില്ല. പവിഴപ്പുറ്റുകൾ പോലെ പാരിസ്ഥിതികമായി ദുർബലമായ സമുദ്രമേഖലകളിൽ സുഗമമായ പര്യവേക്ഷണത്തിനായി ഇവ ഉപയോഗിക്കാം.
മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിസിക്കൽ ഇന്റലിജൻസ് ആൻഡ് റോബട്ടിക് മെറ്റീരിയൽസ് ഗ്രൂപ്പാണ് ഇതിന്റെ നിർമാണം പൂർത്തീകരിച്ചത്. സ്ഥിരതയും വെള്ളത്തിൽ നിന്നു പ്രതിരോധവും ഉറപ്പാക്കാനായി ഇലക്ട്രോ ഹൈഡ്രോളിക് അക്‌ച്വേറ്ററുകൾ,എയർ കുഷനുകൾ, മൃദുവായ ഭാഗങ്ങൾ എന്നിവയാണ് ഇതിന്‌റെ നിർമാണത്തിന് ഉപയോഗിച്ചത്.
ഊർജസ്രോതസ്സിൽ നിന്നു സ്വീകരിക്കുന്ന ഊർജത്താൽ റോബട്ടിന്റെ ചലനഘടനകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് ഈ റോബട്ടിന്റെ ചലനത്തിനു കാരണമാകുന്നത്.
16 സെന്റിമീറ്റർ വ്യാസമുള്ള ഈ റോബട്ടിനു സെക്കൻഡിൽ 6.1 സെന്‌റിമീറ്റർ എന്ന തോതിൽ സമുദ്രത്തിൽ നീങ്ങാൻ സാധിക്കും.വളരെ കുറച്ച് ഊർജം മാത്രമേ ഇതിനു വേണ്ടിവരുന്നുള്ളൂ എന്നതും ഗുണമാണ്. രണ്ടോ മൂന്നോ റോബട്ടുകളെ ഒരു സംഘമായി അയച്ച് ടീം അടിസ്ഥാനത്തിലും മാലിന്യം നീക്കാൻ സാധിക്കും.
സമുദ്രത്തിന്‌റെ മലിനീകരണം ഇന്നത്തെ പരിസ്ഥിതി രംഗത്തിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. പ്ലാസ്റ്റിക് ഉൾപ്പെടെ വിവിധ തരം മാലിന്യങ്ങൾ സമുദ്രത്തിൽ ധാരാളമായി അടിഞ്ഞുകൂടുന്നുണ്ട്. ലോക പരിസ്ഥിതി ആരോഗ്യത്തെയും സമുദ്രജീവനെയും പോലും ഇതു ബാധിക്കാം.