ADVERTISEMENT

പാമ്പുകൾ പടം പൊഴിച്ചിട്ടിരിക്കുന്നത് മുറ്റത്തോ തൊടിയിലോ കിടക്കുന്നതു കണ്ടാൽ പോലും ഭയന്നു പോകുന്നവരുണ്ട്. അപ്പോൾ സ്വന്തം കൈകൊണ്ട് പാമ്പിന്റെ പടം പൊഴിച്ചെടുത്താലോ. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പടം പൊഴിക്കാൻ സമയമായ ഒരു പാമ്പിനെ കയ്യിലെടുത്ത് അതിന് സഹായം നൽകുകയാണ് മൃഗസ്നേഹിയായ മൈക്ക് ഹോൾസ്റ്റൻ എന്ന വ്യക്തി. മൃഗശാല സൂക്ഷിപ്പുകാരൻ കൂടിയായ അദ്ദേഹം സൂക്ഷ്മമായി പാമ്പിനെ കൈകാര്യം ചെയ്യുന്നത് വിഡിയോയിൽ കാണാം.

തൻറെ ഇസ്റ്റഗ്രാം പേജിലൂടെ മൈക്ക് തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒരു പാമ്പിന്റെ തലഭാഗം ഇടം കൈയിൽ പിടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ നിൽപ്പ്. പിന്നീട് വലംകൈ ഉപയോഗിച്ച് അദ്ദേഹം പാമ്പിന്റെ വായയുടെ ഭാഗത്തുനിന്നും അതിന്റെ ത്വക്ക് അടർത്തി എടുത്തുതുടങ്ങി. കണ്ണിന്റെ ഭാഗമെത്തിയപ്പോൾ പടം പറിച്ചെടുക്കാൻ മൈക്ക് അല്പം ബുദ്ധിമുട്ടുന്നതും കാണാം. ഈ സമയത്തെല്ലാം ഏറെ അനുസരണയോടെയാണ് പാമ്പ് അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്നത്. ഒടുവിൽ തലയിൽ നിന്നും പൂർണ്ണമായി അദ്ദേഹം പടം അടർത്തിയെടുത്തു.

തൊട്ടടുത്ത നിമിഷം ഏറെ സ്നേഹത്തോടെ പാമ്പിന്റെ തലയിൽ മൈക്ക് ചുംബിക്കുകയും ചെയ്യുന്നുണ്ട്. അതിനുശേഷം സൂക്ഷ്മതയോടെ അതിന്റെ ശരീരത്തിൽ നിന്നും ത്വക്ക് പിന്നിലേയ്ക്ക് സാവധാനത്തിൽ വലിച്ചെടുത്ത് പൂർണ്ണമായി നീക്കം ചെയ്യുകയാണ് അദ്ദേഹം. ഏറെ ബുദ്ധിമുട്ടേറിയ പ്രവർത്തിയിൽ ഒരു കൈത്താങ്ങ് കിട്ടിയ ആശ്വാസത്തിലായിരുന്നു പാമ്പ്. ക്രിസ്തുമസ് സമ്മാനങ്ങൾ തുറന്നെടുക്കുന്നത് ഇങ്ങനെയാണെന്ന അടിക്കുറിപ്പാണ് വിഡിയോയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്നത്. എന്തായാലും വ്യത്യസ്തമായി വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. 

ഏഴു കോടിയിൽപരം ആളുകളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിഡിയോ കണ്ടത്. ഇത്രയും വലിയൊരു സഹായം ചെയ്തതിന് പാമ്പിന് മൈക്കിനോട് നന്ദിയുണ്ടാവും എന്ന് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നു. ഒരു പാമ്പിനെ അൺബോക്സ് ചെയ്യുന്ന വിഡിയോ ഇത് ആദ്യമായി കാണുകയാണെന്നാണ് രസകരമായ ഒരു കമന്റ്. എത്ര വിഷമില്ലാത്ത ഇനമാണെങ്കിലും പാമ്പുകളെ കൈകാര്യം ചെയ്ത് പരിശീലനമുള്ളവർ മാത്രമേ ഇത്തരം സാഹസങ്ങൾക്കു മുതിരാവൂയെന്ന് ഓർമ്മിപ്പിക്കുന്നവരും കുറവല്ല.

ദൃശ്യത്തിനൊപ്പം മൈക്ക് പങ്കുവച്ച കുറിപ്പിൽ നിന്നും ഈസ്റ്റേൺ ഇൻഡിഗോ എന്ന ഇനത്തിൽപ്പെട്ട പാമ്പാണിത് എന്നാണ് മനസ്സിലാക്കാനാകുന്നത്. നോർത്ത് അമേരിക്കയിലെ ഏറ്റവും നീളം കൂടിയ ഈ പാമ്പിനത്തിന് ഒൻപത് അടി വരെ നീളമുണ്ടാകും. വിഷമില്ലാത്ത ഇനം കൂടിയാണ് ഇവ. ഇതിനുപുറമേ മറ്റു പാമ്പുകളിൽ നിന്നും സ്വന്തം ശരീരത്തിൽ വിഷമേൽക്കില്ല എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ റാറ്റിൽ സ്നേക്കുകളെയും മറ്റു പാമ്പുകളെയുമൊക്കെ ഇവ ഭക്ഷണമാക്കുകയും ചെയ്യും.

English Summary:

Brave Zookeeper's Viral Rescue: Watch Mike Holsten Gently Save a Snake Shedding Its Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com