യഥാർഥത്തിൽ ജീവിച്ചിരുന്ന കിങ് കോങ്! വമ്പൻ ആൾക്കുരങ്ങിന്റെ വംശനാശ കാരണം കണ്ടെത്തി
Mail This Article
പണ്ടു ചൈനയിൽ ഭീമാകാരരായ ആൾക്കുരങ്ങുകൾ ജീവിച്ചിരുന്നു. പത്തടി പൊക്കവും ഇന്നത്തെ ഗൊറില്ലകളുടെ ഇരട്ടി ഭാരവുമുള്ള ആൾക്കുരങ്ങുകൾ. എന്നാൽ കാലഗതിയിൽ ഇവയ്ക്ക് വംശനാശം സംഭവിച്ചു. ഇതെങ്ങനെ പറ്റിയെന്നത് ജന്തുശാസ്ത്ര ഗവേഷകർക്കിടയിൽ വലിയൊരു ചോദ്യമാണ്. ജൈജാന്റോപിത്തേക്കസ് ബ്ലാക്കി എന്നാണ് ഈ ആൾക്കുരങ്ങുകളുടെ പേര്. ജർമൻ–ഡച്ച് ഗവേഷകനായ ജി.എച്ച്.ആർ വോൻ കോനിഗ്സ്വാൽഡാണ് ഇവയെ കണ്ടെത്തിയത്. ചൈനയിൽ തദ്ദേശ മരുന്നുകൾ വിൽക്കുന്ന കടകളിൽ ഇവയുടെ പല്ലുകൾ ഡ്രാഗൺ എല്ലുകൾ എന്ന പേരിൽ വിൽക്കുന്നതു കണ്ട കോനിഗ്സ്വാൽഡ് നടത്തിയ അന്വേഷണമാണ് കാണാമറയത്തായിരുന്ന ഈ സവിശേഷ ആൾക്കുരങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ മനുഷ്യർക്ക് നൽകിയത്.
പിൽക്കാലത്ത് ഇവയുടെ പല്ലുകളും താടിയെല്ലുകളും തെക്കൻ ചൈനയിലെ ഗുഹകളിൽ നിന്നു കണ്ടെത്തിയിരുന്നു. വലുപ്പമുള്ളതായിരുന്നു ഇവയുടെ പല്ല്. ഇന്നത്തെ വിയറ്റ്നാമുമായി അതിർത്തി പങ്കിടുന്ന തെക്കൻ ചൈനയിലെ ഗ്വാംഗ്സി മേഖലയിലാണ് ഇവ ജീവിച്ചിരുന്നതെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്. ഇവിടെ 22 ഗുഹകളിൽ പരിശോധന നടത്തിയ ശാസ്ത്രസംഘം ഇവയിൽ പകുതിയിലും ഇവയുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ടായിരത്തിലധികം പല്ലുകൾ ഇവയുടേതായി കണ്ടെത്തിയിരുന്നു. ചൈനയിൽ 16 ഇടങ്ങളിലായി ഇവയുടെ പല്ലുകൾ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 2.95 ലക്ഷം മുതൽ 2.15 ലക്ഷം വരെ വർഷങ്ങൾ മുൻപ് ഈ ജീവികൾ ഭൂമിയിലുണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിനു ശേഷം ഇവയ്ക്ക് വംശനാശം സംഭവിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇവയ്ക്ക് നാശമേകിയതെന്നാണു പുതിയ പഠനം. ഈ പഠനം നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചു.
നിബിഡവനങ്ങൾ നിലനിന്നിരുന്ന കാലത്ത് പഴങ്ങൾ കഴിച്ചായിരുന്നു ഈ ആൾക്കുരങ്ങുകൾ ജീവിച്ചത്. എന്നാൽ കാലാവസ്ഥാവ്യതിയാനം കാരണം പഴങ്ങൾ ലഭ്യമല്ലാതായതോടെ ഇവയ്ക്ക് നാശം സംഭവിക്കുകയായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിലുണ്ടെന്നു ധാരാളം പേർ വിശ്വസിക്കുന്ന ജീവികളെ ക്രിപ്റ്റിഡ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമായ ജീവികളാണ് ബിഗ്‌ഫൂട്ട്, യതി തുടങ്ങിയവ. ബിഗ്ഫൂട്ട് സാസ്‌ക്വാച് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഹിമാലയത്തിലും മറ്റും ഉണ്ടെന്നു പലരും അവകാശപ്പെടുന്നതാണു യതി
വടക്കേ അമേരിക്കയിൽ പലയിടത്തും ബിഗ്ഫൂട്ടുകളുണ്ടായതായി ആളുകൾക്കിടയിൽ വിശ്വാസമുണ്ട്. യതികളെ പോലെ തന്നെ ഇവയും മറഞ്ഞിരിക്കാൻ മിടുക്കരാണത്രേ. വടക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയെന്നു പറഞ്ഞ് കൂടുതൽ അവകാശവാദങ്ങൾ വരുന്നത്. ബിഗ്ഫൂട്ടിന്‌റെ മറ്റൊരു പേരായ സാസ്‌ക്വാച്ചിന് തദ്ദേശീയ ഭാഷയിൽ വന്യമനുഷ്യൻ, ശരീരമെമ്പാടും രോമമുള്ള മനുഷ്യൻ തുടങ്ങിയവയാണ് അർഥം.
ഈ ബിഗ്ഫൂട്ടും യതിയുമൊക്കെ യഥാർഥത്തിൽ വംശനാശത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്നും ഭൂമിയിൽ തുടരുന്ന ജൈജാന്റോപിത്തേക്കസുകളാണെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും ശാസ്ത്രീയമായ അടിസ്ഥാനമില്ല.