ADVERTISEMENT

പറമ്പുകളിലും മറ്റും വളർന്നുവന്നിരുന്ന റോസ് അരളി ഇപ്പോൾ അലങ്കാര സസ്യമായി മാറിയിരിക്കുകയാണ്. ദേശീയപാതയുടെ മീഡിയനിൽ നിരനിരയായി പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ക്ഷേത്രപരിസരത്തും ഇവയെ കാണാം. ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് തുളസിക്കും തെച്ചിക്കുമൊപ്പം അരളിയെയും കൂടെ കൂട്ടാറുണ്ട്. എന്നാലിത് ഒഴിവാക്കേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അരളി ഭക്ഷ്യയോഗ്യമല്ല. അതിലുള്ള വിഷാംശം നിവേദ്യം കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിലേക്കും എത്തുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അരളിയുടെ എല്ലാ ഭാഗവും വിഷാംശം ഉള്ളതാണെന്ന് മുതിർന്ന ശാസ്ത്രജ്ഞനും കെ.എഫ്.ആർ.ഐ (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) മുൻഡയറക്ടറുമായ ഡോ. കെ.വി. ശങ്കരൻ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. 

അരളി (Photo: X/ @blackgirldating)
·
അരളി (Photo: X/ @blackgirldating) ·

‘‘നോര്‍ത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡർ എന്നാണ് അരളിയുടെ ശാസ്ത്രീയനാമം. അപ്പോസയനേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷമാണ്. പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. 

ഡോ. കെ.വി. ശങ്കരൻ
ഡോ. കെ.വി. ശങ്കരൻ

അരളിയുടെ ഇതൾ വയറ്റിലെത്തിയാൽ ഉടൻ മരണമെന്ന് പ്രചരണങ്ങൾ ഉണ്ട്. എന്നാൽ അത് തെറ്റാണ്. അരളി ശരീരത്തിലെത്തിയാൽ ഉടൻ ആരും മരിക്കില്ല. പക്ഷേ ശരീരത്തില്‍ എത്തുന്ന വിഷാംശത്തിന്റെ അളവ് അനുസരിച്ച് ആരോഗ്യസ്ഥിതി  മാറിമറിയും. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിവയെല്ലാം ബാധിക്കുന്നു. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇതുകൂടി ആയാൽ മരണംവരെ സംഭവിക്കാം. പൂവില്‍ നിന്നുണ്ടാക്കുന്ന തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു.’’– കെ.വി. ശങ്കരൻ പറഞ്ഞു.

അതേസമയം, തെച്ചിയും തുളസിയും പ്രശ്നക്കാരല്ലെന്നും ഇവ ആയുർവേദ ചികിത്സയില്‍ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പല ക്ഷേത്രങ്ങളും അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രത്തിൽ പത്ത് വർഷം മുൻപ് തന്നെ അരളിപ്പൂവിനെ നിവേദ്യപൂജയിൽനിന്ന് മാറ്റിനിർത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com