ദക്ഷിണ കൊറിയയിൽ വർഷത്തിൽ 10 ലക്ഷം പട്ടികളെ അറുത്ത് തിന്നുന്നു; ചൈനയിൽ 2 കോടിയിലധികം
Mail This Article
ദക്ഷിണ കൊറിയയിൽ പട്ടിമാംസം വിൽക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച് പുതിയ നിയമം. പട്ടികളെ അറക്കുന്നതും മാംസം വിൽക്കുന്നതുമെല്ലാം ഇനി നിയമപ്രകാരം തെറ്റാണ്. നിയമം പൂർണമായും പ്രായോഗികതയിലെത്താൻ 2027 ആകും. ചൈനയിലെ ചില ഭാഗങ്ങൾ പോലെ പട്ടിമാംസം പാരമ്പര്യമായി ഭക്ഷിക്കുന്ന രാജ്യമാണു ദക്ഷിണ കൊറിയ. എന്നാൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺജേ ഇൻ തികഞ്ഞ ഒരു നായസ്‌നേഹിയാണ്. പട്ടികളെ മാംസമായി ഉപയോഗിക്കുന്ന പാരമ്പര്യം മാറ്റാനും നിരോധനം ഏർപ്പെടുത്താനും സമയമായെന്ന് അദ്ദേഹം മുൻപ് പ്രഖ്യാപിച്ചത് രാജ്യത്തെ മൃഗസംരക്ഷണ സംഘടനകൾ വലിയ ആവേശത്തോടെയാണു സ്വീകരിച്ചത്.
ഓരോ വർഷവും പത്തുലക്ഷം നായ്ക്കൾ ഭക്ഷണത്തിനായി കൊറിയയിൽ അറുക്കപ്പെടുന്നുണ്ടെന്നാണു കണക്ക്. എന്നാൽ ഇതു കഴിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ക്രൂരമായ രീതിയിൽ നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നതിനു ദക്ഷിണ കൊറിയയിൽ വിലക്കുണ്ടെങ്കിലും ഭക്ഷണ ആവശ്യത്തിനായുള്ള അറുക്കൽ അനുവദനീയമായിരുന്നു. ഇതിലാണു മാറ്റം വന്നത്.
നിലവിൽ ചില തെക്കൻ ഏഷ്യൻ, പസിഫിക് രാജ്യങ്ങളിൽ പട്ടിമാംസം വ്യാപകമായി ഭക്ഷിക്കപ്പെടുന്നുണ്ട്. കംബോഡിയയിൽ വർഷം തോറും 30 ലക്ഷം നായ്ക്കളെ അറുക്കാറുണ്ടെന്നാണു കണക്ക്. ചൈനയാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ ഉപയോക്താവ്. വർഷം തോറും രണ്ടു കോടിയോളം നായ്ക്കളെ ചൈനയിൽ മാംസത്തിനു വേണ്ടി കൊലപ്പെടുത്താറുണ്ട്. ആയിരക്കണക്കിനു വർഷങ്ങളായി ചൈനയിൽ പട്ടിമാംസം ഉപയോഗിക്കപ്പെടുന്നു. ചില നിയമങ്ങളൊക്കെയുണ്ടെങ്കിലും പട്ടിമാംസത്തിന്റെ ഉപയോഗം ചൈനയിൽ വ്യാപകമായി വിലക്കപ്പെടാറില്ല. ചില വിഭാഗം ചൈനക്കാർ, പട്ടിമാംസത്തിനു വലിയ ഔഷധമൂല്യമുണ്ടെന്നും ആരോഗ്യം കൂട്ടാൻ ഇത് ഉപകരിക്കുമെന്നും വിശ്വസിക്കുന്നു.
മഞ്ഞുകാലത്താണു പൊതുവെ ഇതു കൂടുതൽ ഭക്ഷിക്കപ്പെടുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ്, യുനാൻ, ഗ്വാങ്‌സി, ഹിലോങ്ജിയങ്, ജിലിൻ, ലോനിങ് തുടങ്ങിയ പ്രവിശ്യകളിലാണ് ഇതിന്റെ ഉപഭോഗം കൂടുതൽ. 2009 മുതൽ പട്ടിമാംസം വ്യാപകമായി വിപണനം ചെയ്യുന്ന ഡോഗ് മീറ്റ് ഫെസ്റ്റിവൽ ചൈനയിൽ നടന്നതും വലിയ വിമർശനത്തിന് വഴി വച്ചിരുന്നു. ദിവസങ്ങൾ നീണ്ട ഈ ഭക്ഷണോത്സവത്തിൽ 15000 പട്ടികളെയാണത്രേ കൊന്നു തിന്നുന്നത്.
എന്നാൽ 2012 മുതൽ പട്ടിയെ ഭക്ഷിക്കുന്നതിനെതിരെ ചൈനയിൽ മൃഗസ്‌നേഹികൾ വലിയ തോതിൽ ക്യാംപെയ്‌നുകൾ നടത്തിയിട്ടുണ്ട്. വിയറ്റ്‌നാം, ഫിലിപ്പൈൻസ്, തയ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും പട്ടിമാംസം ഉപയോഗിക്കാറുണ്ട്.
ദക്ഷിണകൊറിയയിൽ ഗേഗോഗി എന്ന പേരിലാണു പട്ടിമാംസം അറിയപ്പെടുന്നത്. പട്ടിമാംസം ഉപയോഗിച്ച് തയാർ ചെയ്യുന്ന ഒരു സൂപ്പിൽ നിന്നുമാണ് ഈ പേര് വന്നത്. എഡി ഒന്നാം നൂറ്റാണ്ടുമുതലാണ് ഈ ഭക്ഷ്യരീതി കൊറിയയിൽ പ്രചാരത്തിലായിത്തുടങ്ങിയതെന്ന് കരുതപ്പെടുന്നു. പട്ടിമാംസവും ഉള്ളിയും മുളകുപൊടിയും ചേർത്തുണ്ടാക്കുന്ന ബോസിൻടാങ് എന്ന വിഭവത്തെപ്പറ്റി കൊറിയയിൽ പുസ്തകങ്ങൾ വരെ രചിക്കപ്പെട്ടിരുന്നു. ന്യൂറിയോങി, ലാബ്രഡോർ, റീട്രീവർ, കോക്കർ സ്പാനിയൽ തുടങ്ങിയ ഇനങ്ങളിലുള്ള നായ്ക്കളെയാണു പ്രധാനമായും കൊറിയക്കാർ ഭക്ഷണമാക്കിയത്. ഡോഗ് ഫാമുകളിൽ ഇവയെ വളർത്തുന്നതു കൂടാതെ വീട്ടിൽ ഉണ്ടായിരുന്ന വളർത്തുപട്ടികൾ തുടങ്ങിയവയെയും ഭക്ഷണമാക്കുന്ന പ്രവണതയുണ്ടായിരുന്നെന്നു പറയപ്പെടുന്നു. വൈദ്യുതി ഉപയോഗിച്ചാണ് കൊറിയയിൽ നായ്ക്കളെ കൂടുതലും കൊല്ലുന്നത്.
എന്നാൽ ഇക്കാലത്തായി കൊറിയയിൽ പട്ടിയ ഭക്ഷണമായി ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. വളർത്തുമൃഗങ്ങളെന്ന നിലയിൽ നായ്ക്കളെ കൂടുതലായി വളർത്താൻ തുടങ്ങിയതും, അവയെ ഭക്ഷണസ്രോതസ്സ് എന്നല്ലാതെ ചങ്ങാതിമൃഗങ്ങളായി കൊറിയക്കാർ കാണാൻ തുടങ്ങിയതുമാണു കാരണം. അടുത്തിടെ നടന്ന ഒരു സർവേയിൽ പങ്കെടുത്ത 89 ശതമാനം ആളുകളും നായ്ക്കളെ ഭക്ഷണമാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കൊറിയയിൽ ഏറ്റവും കൂടുതൽ നായമാംസം വിൽക്കുന്ന മുറൻ മാർക്കറ്റിൽ വിൽപനത്തോത് 2017 മുതൽ വൻ ഇടിവിലാണ്. രാജ്യത്തെ മൂന്ന് നായമാംസ മാർക്കറ്റുകൾ അടച്ചുപൂട്ടുകയും ചെയ്തു.