ഡൽഹി ‘ഫുൾ ചില്ലാണ്’; ചുറ്റുമുള്ളതുപോലും കാണില്ല; തണുപ്പകറ്റാൻ കൽക്കരി കത്തിക്കുന്നവർ മരണത്തിലേക്ക്
Mail This Article
രാജ്യതലസ്ഥാനമായ ഡൽഹിയിൽ തീവ്രമായ തണുപ്പ് തുടരുകയാണ്. കനത്ത മൂടൽമഞ്ഞുള്ളതിനാൽ കാഴ്ചപരിമിതിയും കുറഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം ഡൽഹിയിലെ സഫ്ദർജംഗിൽ കുറഞ്ഞ താപനില 3.3 ഡിഗ്രി സെൽഷ്യസ് ആണ്. ലോധി റോഡിൽ 3.1 ഡിഗ്രി സെൽഷ്യസും. സാധാരണക്കാരുടെ ജീവിതം താറുമാറായ അവസ്ഥയാണ്. മഞ്ഞുവീഴ്ച കാരണം പലയിടങ്ങളിലും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കാലാവസ്ഥ മോശമായതിനാൽ ഡൽഹിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്. 168ലധികം വിമാനങ്ങൾ ഒരു മണിക്കൂറോളം വൈകിയാണ് സർവീസ് നടത്തിയത്. ട്രെയിനുകളുടെ സമയക്രമവും താളംതെറ്റിയ നിലയിലാണ്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകളും വൈകി. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച രാവിലെ പുറപ്പെടേണ്ട 44 വിമാനങ്ങൾ വൈകിയിരുന്നു.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ഉത്തർപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ജനുവരി 16 വരെ തണുപ്പ് കുറയാൻ സാധ്യതയില്ല. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) നൽകിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) രാവിലെ 9 മണിക്ക് 365 ആണ് രേഖപ്പെടുത്തിയത്.
തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കൽക്കരി, ഒടുവിൽ മരണത്തിലേക്ക്
അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ കൽക്കരി കത്തിക്കുകയും അതിൽനിന്നുള്ള പുക ശ്വസിച്ച് നിരവധിപ്പേർ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നുണ്ട്. ഉത്തൽപ്രദേശിൽ കൽക്കരി കത്തിച്ച പുക ശ്വസിച്ച് ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. ഡൽഹി അലിപുരിൽ രണ്ട് കുട്ടികളടക്കം നാലുപേര്‍ സമാനരീതിയിൽ മരണപ്പെട്ടു. നിരവധിപ്പേർ പുക ശ്വസിച്ച് ശ്വാസംമുട്ടലുണ്ടായി ആശുപത്രിയിൽ എത്തുന്നുണ്ട്.
തണുപ്പകറ്റാൻ കൽക്കരി കത്തിക്കുമ്പോൾ ജാഗ്രത വേണമെന്ന് ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉറങ്ങുന്നതിനു മുൻപ് തന്നെ കത്തിച്ച കൽക്കരി അണയ്ക്കണമെന്ന് നിർദേശമുണ്ട്.