വലയിൽ കുടുങ്ങിയത് ഗർഭിണിയായ സ്രാവ്; പ്രസവിക്കാൻ സഹായിച്ച് പൊലീസ് ഉദ്യോഗസ്ഥർ
Mail This Article
ബ്രസീലിനു സമീപം ഉബാറ്റുബാ എന്ന പ്രദേശത്ത് കടലിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് അനധികൃതമായി സ്ഥാപിച്ച വല എൻവയോൺമെന്റ് മിലിറ്ററി പൊലീസ് ഉദ്യോഗസ്ഥർ കാണുന്നത്. ഉടൻ തന്നെ ബോട്ടിലേയ്ക്ക് വലകൾ വലിച്ചു കയറ്റാൻ തുടങ്ങി. അപ്പോഴാണ് ആ വലയിൽ കുടുങ്ങിയ എയ്ഞ്ചൽ ഷാർക്ക് ഇനത്തിൽപ്പെട്ട മത്സ്യത്തെ കാണുന്നത്. ഗർഭിണിയായ സ്രാവ് ഒരു കുഞ്ഞിന് ജന്മം നൽകിയ നിലയിലായിരുന്നു. ഇനിയും കുഞ്ഞുങ്ങൾ പുറത്തേക്ക് വരാൻ കാത്തിരിക്കുകയാണ്.
കുഞ്ഞുങ്ങൾക്കോ അമ്മസ്രാവിനോ പരിക്കുകളോ അപകടങ്ങളോ ഉണ്ടാകാത്ത വിധത്തിൽ അതീവ ശ്രദ്ധയോടെ പൊലീസ് വല ബോട്ടിലേക്ക് അടുപ്പിച്ചു. ജനിച്ചു വീണ കുഞ്ഞുങ്ങളെ ഓരോന്നിനെയായി ഇവർ സമുദ്രത്തിലേക്ക് തന്നെ നിക്ഷേപിച്ചു. ഇടയ്ക്കുവച്ച് ഒരു കുഞ്ഞ് വീണ്ടും വലയിൽ അകപ്പെടുന്നതും അതിനെയും മുൻപ് കുടുങ്ങിക്കിടന്ന കുഞ്ഞിനെയും വല പൊട്ടിച്ച് തിരികെ കടലിലേക്ക് വിടുകയും ചെയ്തു. ഒടുവിൽ അമ്മ സ്രാവിനെയും വലയിൽ നിന്നും കടലിലേക്ക് അയച്ചു.
കൃത്യസമയത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സ്ഥിതി മറ്റൊന്നാകുമായിരുന്നു. അതിനാൽ തന്നെ അത്ഭുതകരമായ രക്ഷാപ്രവർത്തനമെന്നാണ് വിഡിയോ കണ്ടവർ വിശേഷിപ്പിച്ചത്. ഏഞ്ചൽ ഷാർക്കുകൾ വംശനാശഭീഷണി നേരിടുന്ന ഇനമായതിനാൽ അവയിൽ ഒന്നിനെ രക്ഷിക്കാനായത് ഏറെ പ്രാധാന്യത്തോടെയാണ് സമുദ്ര ജീവി നിരീക്ഷകരും കാണുന്നത്. ഇതിനൊപ്പം മറ്റു മൂന്ന് ഏഞ്ചൽ ഷാർക്കുകളെ കൂടി ഉദ്യോഗസ്ഥർക്ക് രക്ഷിക്കാൻ സാധിച്ചിരുന്നു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഗുരുതര വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഏഞ്ചൽ ഷാർക്കുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്രോളിങ്ങിനിടെ വലയിൽ നിന്നും മൂന്ന് സ്പോട്ടഡ് ഈഗിൾ റേകളെയും 20 ഷാർക്ക് റേകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. 1500 മീറ്ററോളം നീളം വരുന്ന അനധികൃത മീൻ വലകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്.