ശൗര്യ വിടവാങ്ങി; കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലി മരണം 10 ആയി
Mail This Article
നമീബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ചീറ്റപ്പുലികളിലൊരാൾ ചത്തു. ശൗര്യ എന്ന് വിളിക്കുന്ന ആൺചീറ്റയാണ് ചത്തത്. ഇതോടെ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാനാവൂയെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.
അവശനായിരുന്ന ശൗര്യയെ നിരീക്ഷിക്കാൻ ഒരു സംഘം തന്നെയുണ്ടായിരുന്നു. ക്ഷീണം ഭേദമായെങ്കിലും പെട്ടെന്ന് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. സിപിആർ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഫോറസ്റ്റ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ലയൺ പ്രൊജക്ട് ഡയറക്ടറും അറിയിച്ചു.
വിവിധ തരത്തിലുള്ള അണുബാധ മൂലമാണ് നേരത്തെ ആറ് ചീറ്റകളും 3 കുഞ്ഞുങ്ങളും ചത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാനമായി ചീറ്റമരണം റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ കാലാവസ്ഥയെ അപേക്ഷിച്ച് വ്യത്യസ്തമാണ് ഇന്ത്യയുടേതെന്നും അതിനാലാണ് ചീറ്റകൾക്ക് ഇവിടെ ജീവിക്കാൻ ആകാത്തതെന്നും ഒരു കൂട്ടർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചീറ്റകളെ ഇന്ത്യയിലെത്തിച്ച് കൊലയ്ക്കുകൊടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
എന്നാൽ മൺസൂൺ കാലാവസ്ഥയിൽ ഉണ്ടാകുന്ന ചെറുപ്രാണികൾ ഉണ്ടാക്കുന്ന അലർജിയാണ് ചീറ്റകളുടെ മരണത്തിന് കാരണമെന്ന് മധ്യപ്രദേശ് സർക്കാർ പറയുന്നു. ഇതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
1952ലാണ് ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022ലും 2023ലുമായി നമീബിയയിൽ നിന്ന് രണ്ട് ഘട്ടങ്ങളായി 20 ചീറ്റപ്പുലികളെയാണ് ഇന്ത്യയിൽ എത്തിച്ചത്.