ADVERTISEMENT

കനത്ത ശൈത്യത്തിൽ ഉത്തരേന്ത്യ അടിമുടി വിറയ്ക്കുകയാണ്. തണുത്തുറഞ്ഞ പ്രഭാതം ജനങ്ങളെ കാര്യമായി വലയ്ക്കുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങളിൽ ഡൽഹി, ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് കുറഞ്ഞതായി കാണിക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുകയാണ്.

ഡൽഹിയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ബുധനാഴ്ച പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ടും വ്യാഴാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച പരിധി കുറഞ്ഞതിനാൽ ഡൽഹിയിലെ പൊതുഗതാഗതമുൾപ്പെടെ താളംതെറ്റി. ഡൽഹിയിൽ ചൊവ്വാഴ്ച മാത്രം 90 ലധികം വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഡിസംബർ, ജനുവരി മാസത്തിൽ മൂടൽമഞ്ഞുണ്ടാകുമെന്ന് അറിഞ്ഞിട്ടും അധികൃതർ വേണ്ടത്ര തയാറെടുപ്പുകൾ നടത്തിയില്ലെന്ന് യാത്രക്കാർക്കിടയിൽ പരാതി ഉയർന്നു. വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വാർ റൂം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കുമെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. എന്നാൽ വാർ റൂം ഉപയോഗശൂന്യമാണെന്ന് യാത്രക്കാർ വിമർശിച്ചു.

നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകിയോടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തുന്ന 20 ട്രെയിനുകൾ അഞ്ച് മണിക്കൂർ വരെ വൈകിയെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് പറഞ്ഞു.

കനത്ത മൂടൽമഞ്ഞിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ (Photo: X/ @irshad_dil)
കനത്ത മൂടൽമഞ്ഞിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ (Photo: X/ @irshad_dil)
തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തീ കത്തിച്ചിരിക്കുന്നു. സമീപത്ത് കുട്ടികൾ (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തീ കത്തിച്ചിരിക്കുന്നു. സമീപത്ത് കുട്ടികൾ (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച മൂടൽമഞ്ഞോടുകൂടിയ ശീതക്കാറ്റ് നിലനിന്നിരുന്നു. ജയ്പുർ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും കുറഞ്ഞ താപനില ഫത്തേപുരിലും കരൗളിയിലും 2.9 ഡിഗ്രി സെൽഷ്യസും സംഗ്രിയയിൽ 3 ഡിഗ്രി സെൽഷ്യസും ആണ്. രാജസ്ഥാനിൽ വരണ്ട കാലാവസ്ഥയാണെന്നും ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

തണുപ്പത്ത് രാവിലെ റിപബ്ലിക് ദിന പരേഡിന്റെ റിഹേഴ്സൽ നടത്തുന്ന പിബിജി അംഗങ്ങൾ (Photo by Money SHARMA / AFP)
തണുപ്പത്ത് രാവിലെ റിപബ്ലിക് ദിന പരേഡിന്റെ റിഹേഴ്സൽ നടത്തുന്ന പിബിജി അംഗങ്ങൾ (Photo by Money SHARMA / AFP)

ശീതകാല മഴ കാത്തിരിക്കുന്ന ഡൽഹിക്ക് നിരാശ മാത്രമാണുള്ളത്. രേഖപ്പെടുത്തുന്ന തരത്തിൽ അവസാനമായി മഴ പെയ്തത് 2023 നവംബറിലാണ്. അടുത്ത 10 ദിവസങ്ങളിൽ ഡൽഹിയിൽ മഴയ്ക്ക് സാധ്യതയില്ല.

തണുപ്പത്ത് കമ്പിളിപ്പുതപ്പ് മൂടി കിടന്നുറങ്ങുന്നയാൾ (Photo by Money SHARMA / AFP)
തണുപ്പത്ത് കമ്പിളിപ്പുതപ്പ് മൂടി കിടന്നുറങ്ങുന്നയാൾ (Photo by Money SHARMA / AFP)
മഞ്ഞുമൂടിയ വഴിയിലൂടെ നടക്കുന്ന ആളുകൾ. ഡൽഹിയിൽ നിന്നുള്ള കാഴ്ച ( Photo: Twitter/ @lekh27)
മഞ്ഞുമൂടിയ വഴിയിലൂടെ നടക്കുന്ന ആളുകൾ. ഡൽഹിയിൽ നിന്നുള്ള കാഴ്ച ( Photo: Twitter/ @lekh27)

കശ്മീരിൽ മഞ്ഞുവീഴ്ചയില്ലാത്ത ശൈത്യം

എൽനിനോ പ്രതിഭാസം കാരണം കശ്മീരിൽ മഞ്ഞുവീഴ്ചയില്ലാതായിരിക്കുകയാണ്. കാലാവസ്ഥയിലെ ഈ മാറ്റം സഞ്ചാരികളുടെ വരവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

മഞ്ഞുവീഴ്ചയില്ലാത്ത ഗുൽമോഹർ (Photo: X/@Cyclistumar)
മഞ്ഞുവീഴ്ചയില്ലാത്ത ഗുൽമോഹർ (Photo: X/@Cyclistumar)

മഞ്ഞുവീഴ്ചയില്ലാത്തതിനാല്‍ ഹിമാനികൾ പെട്ടെന്ന് ഉരുകുമെന്നു കാലാവസ്ഥാ പ്രവചനങ്ങളും പറയുന്നു. ഈ പ്രവണത തുടർന്നാൽ, വെള്ളത്തിന് പ്രധാനമായും മഞ്ഞിനെ ആശ്രയിക്കുന്ന നദികൾ ക്രമേണ വറ്റിവരളും. ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയില്ലാത്ത പ്രവണത തുടർന്നാൽ നദികൾ വറ്റി സമീപത്തെ സമതലങ്ങളെയും ബാധിക്കും.കശ്മീർ താഴ്‌വരയിൽ മാത്രമല്ല, ലഡാക്കിലെ ചില സ്ഥലങ്ങളിൽ പോലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലാണ്. 

പഹൽഗാമിലെ മഞ്ഞണിഞ്ഞ വഴികൾ (ഫയൽ ചിത്രം). Image Credit: Niladri Sikder/istockphoto
പഹൽഗാമിലെ മഞ്ഞണിഞ്ഞ വഴികൾ (ഫയൽ ചിത്രം). Image Credit: Niladri Sikder/istockphoto

ഹിമാചൽ പ്രദേശിലെ ഷിംലയിലും മണാലിയിലും സമാനമായ സ്ഥിതിയാണ്. ഉത്തരാഖണ്ഡിലെ ഔലിയിലും ഇക്കുറി മഞ്ഞുവീഴ്ചയില്ല. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ കഴിഞ്ഞ ഞായറാഴ്ച 15 ഡിഗ്രി സെൽഷ്യസ് പരമാവധി താപനില രേഖപ്പെടുത്തി. മഞ്ഞുകാലത്ത് ഇത് വളരെ ഉയര്‍ന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com