ADVERTISEMENT

ഭൂമിയുടെ ശ്വാസകോശമെന്നാണു തെക്കൻ അമേരിക്കയിലെ ഇടതൂർന്ന ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. ഇടക്കാലത്ത് ആമസോണിലെ വനബാഹുല്യം കുറഞ്ഞുവരുന്നത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ബ്രസീലിൽ ഭൂരിഭാഗവും തൊട്ടടുത്തുള്ള ചില രാജ്യങ്ങളിൽ ബാക്കി ഭാഗവും സ്ഥിതി ചെയ്യുന്ന ഈ മഴക്കാടുകൾ ഗംഭീരമായ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. എന്നാൽ വനംകൊള്ളയും കാടുവെട്ടിത്തെളിച്ചുള്ള അനധികൃത കൃഷിയും ആമസോണിനെ പരുങ്ങലിലാക്കിയിരുന്നു. ഇപ്പോൾ, ആമസോണിലെ വനനശീകരണത്തോത് പകുതിയായി കുറഞ്ഞെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബ്രസീലിൽ ലുല ഡി സിൽവ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള നേട്ടമാണിത്.

ആമസോണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ അവിടത്തെ തദ്ദേശീയ ഗോത്രങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. അക്കൂട്ടത്തിലൊരു ഗോത്രമാണ് ജുമ. അവിശ്വസനീയമായ ഒരു കഥയുണ്ട് ജുമയ്ക്ക്. പുറംലോകവുമായി പരിചയപ്പെടുന്നതിന് മുൻപ് പതിനയ്യായിരത്തിലധികം പേരുണ്ടായിരുന്നു ജുമ ഗോത്രത്തിൽ. ആമസോണിലെ കുടിയേറ്റവും അനധികൃത പിടിച്ചടക്കലും വെറും നാലുപേർ എന്ന അവസ്ഥയിലേക്ക് ജുമയെ എത്തിച്ചു. ഇന്നീ ഗോത്രം വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. 

ആമസോൺ മഴക്കാട് (Photo Contributor: worldclassphoto/ Shutterstock)
ആമസോൺ മഴക്കാട് (Photo Contributor: worldclassphoto/ Shutterstock)

ആമസോണിലെ മറ്റു പല ഗോത്രങ്ങളെയും പോലെ പുരുഷാധിപത്യം ശക്തമായി നിലനിന്നിരുന്ന ഒരു ഗോത്രം. കൊടിയ പ്രകൃതിചൂഷണവും പിടിച്ചടക്കലുകളും ഇന്നും തുടർക്കഥയായ ആമസോണിലെ കെണികളിൽ ഒടുങ്ങേണ്ടതായിരുന്നു ഈ ഗോത്രം. എന്നാൽ വിധി മറ്റൊന്നായി മാറി.  ‌ഇതിനെല്ലാം ഗോത്രം നന്ദി പറയുന്നതു മൂന്നു സ്ത്രീകളോടാണ്. മാൻഡെ, ബോറിയ, മെയ്‌റ്റെ എന്നീ സഹോദരിമാർക്ക്.

ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്താണ് ജുമ തദ്ദേശ ഗോത്രമേഖല. കൊച്ചി നഗരത്തിന്റെ ഒന്നരയിരട്ടി വിസ്തീർണമുണ്ട് ഇവിടെ. പൊതുജനശ്രദ്ധയിലേക്ക് എത്തുന്നതിനു മുൻപ് ജുമഗോത്രത്തിൽ പതിനയ്യായിരത്തിലധികം അംഗങ്ങളുണ്ടായിരുന്നു. വിദേശ കുടിയേറ്റക്കാരെ ജുമഗോത്രം ശക്തമായി എതിർത്തിരുന്നു. എതിരാളികൾ ഗോത്രത്തിലുള്ളവരെ പലപ്പോഴും കൂട്ടക്കുരുതി നടത്തി.‌ ഇത്തരത്തിലുള്ള വംശഹത്യകളിൽ അവസാനത്തേത് 1964ലാണ് നടന്നത്. 60 പേരാണ് അന്നു കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് അരൂക.

അരൂകയ്ക്ക് അന്നത്തെ വംശഹത്യയിൽ പിതാവിനെ നഷ്ടമായി. 1998ൽ ജുമ ഗോത്രം വെറും ആറംഗങ്ങളായി ചുരുങ്ങി. ബ്രസീലിന്റെ ഗോത്രക്ഷേമവകുപ്പായ ഫുനായി ഇവരെ ഉരിയു വോവോ എന്ന സമീപഗ്രാമത്തിലേക്കു മാറ്റി. അരൂകയുൾപ്പെടെയുള്ളവർ അവിടെ ജീവിക്കാൻ പണിപ്പെട്ടു. ഒടുവിൽ തന്റെ മൂന്നു പെൺമക്കളുമായി ജുമയിലേക്കു തിരികെപ്പോകാൻ അരൂക തീരുമാനിക്കുന്നത്. ഇതോടെ ജുമ ഗോത്രത്തിൽ  നാലുപേരായി. അവസാന ഗോത്രപുരുഷനായി അരൂക അറിയപ്പെട്ടു തുടങ്ങി. 

അരൂക (Photo: X/ @LovHipHopAfrica)
അരൂക (Photo: X/ @LovHipHopAfrica)

ബോറിയ, മാൻഡെ, മെയ്റ്റ എന്നിവരായിരുന്നു അരൂകയുടെ പെൺമക്കൾ. ജൻമനാട്ടിലെ തങ്ങളുടെ യൗവ്വന കാലയളവിൽതന്നെ ജുമ ഗോത്രത്തെ തിരികെക്കൊണ്ടുവരണമെന്നും ജന്മനാടിനെ സംരക്ഷിക്കണമെന്നും ഇവർ തീരുമാനമെടുത്തിരുന്നു.  ഗോത്രത്തിന്റെ നേതൃസ്ഥാനം മാൻഡെ ഏറ്റെടുത്തു. മറ്റു രണ്ട് സഹോദരിമാരും അരൂകയും മാൻഡെയെ പ്രോത്സാഹിപ്പിച്ചു.

മറ്റുള്ള ഗോത്രങ്ങളിലെ പുരുഷൻമാരെ വിവാഹം കഴിക്കാൻ മാൻഡെയും സഹോദരിമാരും തീരുമാനിച്ചു. മുൻപ് ഇങ്ങനെ വിവാഹം നടന്നാൽ പിതാവിന്റെ ഗോത്രത്തിലേക്കാണു കുട്ടികൾ പോവുക. പക്ഷേ, മാൻഡെയുടെയും ബോറിയയുടെയും മെയ്റ്റയുടെയും മക്കൾ ജുമ ഗോത്രമായാണു സ്വയം കണക്കാക്കിയത്. അങ്ങനെ നാലുപേരുള്ള ഗോത്രം ഇന്ന് 24 പേരായി മാറി. മൂന്നു സഹോദരിമാരുടെയും മക്കളുൾപ്പെടെയാണിത്. 2021ൽ അരൂക കോവിഡ് ബാധിതനായി മരിച്ചു. 

അരൂക (Photo: X/@Survival)
അരൂക (Photo: X/@Survival)

മാൻഡെ ജുമ ഉൾപ്പെടെ അനേകം പ്രാചീന ഗോത്രങ്ങളുടെ ഭാഷയായ കവാഹിമയെക്കുറിച്ച് പഠനങ്ങൾ നടത്താനായി മുന്നിട്ടിറങ്ങി. ഈ സഹോദരിമാരുടെ മക്കളാണ് ഇന്നു ഗോത്രം. ജുമയുടെ ജന്മനാടിന്റെ അതിർത്തികൾ ഇവർ സംരക്ഷിക്കുന്നു. തദ്ദേശീയമായി ഉണ്ടാക്കുന്ന ചെറുവള്ളങ്ങളിൽ ഇവർ ചുറ്റിക്കറങ്ങി അനധികൃത കടന്നുകയറ്റക്കാർക്കുമേൽ ശക്തമായ ജാഗ്രത പുലർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com