ADVERTISEMENT

വയനാട് തരുണവയിൽ ഭീതിപരത്തി ഓടിനടക്കുന്ന കരടിയെ പിടിക്കാനാകാതെ വനപാലകർ. മൂന്ന് ദിവസമായി നടക്കുന്ന പരിശ്രമത്തിന് ഇപ്പോഴും ഫലമില്ല. മയക്കുവെടി വയ്ക്കാൻ പലതവണ ശ്രമിച്ചിട്ടും തന്ത്രപരമായി കരടി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. നിലവിൽ പനമരം ഭാഗത്ത് കണ്ടതായാണ് വിവരം. ഇതനുസരിച്ച് വനപാലകർ ആ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.

കാടു വിട്ടിറങ്ങിയ കരടി ഞായർ രാത്രിയാണ് വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലൂടെ ഓട്ടപ്രദക്ഷിണമാരംഭിച്ചത്. രണ്ടുദിവസം കൊണ്ട് വള്ളിയൂർക്കാവ്, തോണിച്ചാൽ എന്നിവിടങ്ങളിലൂടെ കറങ്ങിനടന്ന് 3 ദിവസത്തിനുള്ളിൽ ഏകദേശം 30 കിലോമീറ്ററെങ്കിലും ചുറ്റി സഞ്ചരിച്ച് ഇന്നലെ വൈകിട്ട് കരിങ്ങാരി, കുന്നുമ്മലങ്ങാടി, പാലിയാണ, കൊമ്മയാട് പ്രദേശങ്ങളിലെത്തി. വീടുകളിൽ കയറി പഞ്ചസാരയും എണ്ണയും എടുത്തുകൊണ്ടുപോയി.

തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെയും കരടിയുടെ ആക്രമണ ശ്രമം ഉണ്ടായി. സ്കൂളിലെ സ്റ്റോർ റൂമിൽ കയറാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വച്ചതോടെ കരടി ഓടി രക്ഷപ്പെടുകയായിരുന്നു. വന്യജീവി ശല്യം കാരണം വന്‍ നാശനഷ്ടം ഉണ്ടാകുന്നുവെന്നും ഉടൻ പരിഹാരം കാണണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

തരുവണയ്ക്കു സമീപം മയക്കുവെടി വയ്ക്കാനെത്തിയ വനപാലകരെയും തടിച്ചു കൂടിയ 
നാട്ടുകാരെയും മറികടന്ന് കക്കടവ് വയലിലൂടെ പോകുന്ന കരടി.
തരുവണയ്ക്കു സമീപം മയക്കുവെടി വയ്ക്കാനെത്തിയ വനപാലകരെയും തടിച്ചു കൂടിയ നാട്ടുകാരെയും മറികടന്ന് കക്കടവ് വയലിലൂടെ പോകുന്ന കരടി.

ഉർസിഡെ കുടുംബത്തിൽപ്പെട്ട സസ്തനിയാണ്‌ കരടി. എട്ട് തരത്തിലുള്ള കരടികളാണ് ഭൂമിയിലുള്ളത്. ഇതിൽ ആറു വിഭാഗങ്ങൾ മിശ്രഭുക്കാണ്‌. ബാക്കിയുള്ള രണ്ടു വിഭാഗങ്ങളിൽ ധ്രുവക്കരടി (പോളാർ ബെയർ) മാംസം ഭക്ഷിക്കുന്നു, ഭീമൻ പാൻഡ മുള മാത്രം തിന്നു ജീവിക്കുന്നു. ചെറിയ കാലുകളും, പരന്ന് പുറത്തേക്കു നിൽക്കുന്ന അഞ്ചു നഖങ്ങളോടു കൂടിയ പാദങ്ങളും, വലിയ ശരീരവും, പരുപരുത്ത രോമക്കുപ്പായവും നീണ്ട മുഖത്തിന്റെ അറ്റത്തുള്ള മൂക്കും കുറിയ വാലും സാധാരണ കരടിയുടെ രൂപസവിശേഷതകളാണ്‌. 

ചെറു ജീവികളും സസ്യജാലങ്ങളും പ്രധാന ഭക്ഷണമാണ്‌. ഇണ ചേരുമ്പോഴും, പ്രത്യുൽപാദന സമയത്തും, കുട്ടികളെ പരിപാലിക്കുന്ന സമയത്തൊഴിച്ച് ഇവ പൊതുവേ ഒറ്റക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നു. അപൂർ‌വമായി പകലും ഉദയാസ്തമയ സമയങ്ങളിലും ഇരതേടാറുണ്ടെങ്കിലും, കരടികൾ പൊതുവേ രാത്രിഞ്ചാരക്കാരാണ്‌. നല്ല ഘ്രാണശക്തി അവയെ ഇരതേടാനും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും സഹായിക്കുന്നു. വലിയ ശരീരപ്രകൃതിയുണ്ടെങ്കിലും അതിവേഗം ഓടാനും നീന്താനും മരം കേറാനും ഇവക്ക് കഴിയും.

English Summary:

Bear Alert in Wayanad: Tireless Rangers Track Fugitive Wildlife Through Palm Groves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com