ADVERTISEMENT

കർണാടക ഹസനിലെ കാപ്പിത്തോട്ടങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു തണ്ണീർക്കൊമ്പൻ. ജലസേചനത്തിനുള്ള പൈപ്പുകൾ തകർക്കലായിരുന്നു ‘ഹോബി.’ പൈപ്പിൽനിന്നുള്ള ജലധാരയിൽ കുളിച്ചുരസിച്ചും വെള്ളം കുടിച്ചും മണിക്കൂറുകളോളം നിൽക്കും. തണ്ണീർക്കൊമ്പൻ എന്ന പേരുവീണത് അങ്ങനെയാണ്. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്ടമുണ്ടാക്കുമെങ്കിലും ആരെയും ഉപദ്രവിച്ച ചരിത്രമില്ല.

രണ്ടാഴ്ച മുൻപ് കർണാടക വനംവകുപ്പ് ഹാസനിലെ ജനവാസകേന്ദ്രത്തിൽനിന്നു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ‘തണ്ണീർക്കൊമ്പൻ’ എന്ന കാട്ടാന വെള്ളിയാഴ്ചയാണ് മാനന്തവാടിയിൽ എത്തുന്നത്. മയക്കുവെടി വച്ചിട്ടും മയങ്ങാതെ നിന്ന തണ്ണീർക്കൊമ്പനെ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ രാത്രിയിൽ ലോറിയിൽ കയറ്റി കർണാടക ബന്ദിപ്പൂർ വനമേഖലയിലെ ഗുണ്ടി റെയ്ഞ്ചിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കാട്ടാന ചരിഞ്ഞു. നിർജലീകരണമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ തിടുക്കത്തിൽ നടത്തിയ തണ്ണീർക്കൊമ്പൻ ഓപ്പറേഷനെ നിരവധിപ്പേർ വിമർശിച്ചു. ഒരു കാട്ടാനയെ പിടികൂടുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ ഒന്നും അനുസരിച്ചിട്ടില്ലെന്നും റേഡിയോ കോളർ എന്നത് തട്ടിപ്പാണെന്നും പ്രമുഖ ആനചികിത്സകൻ ഡോ. ഗിരിദാസ് ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. 

തണ്ണീർക്കൊമ്പൻ
തണ്ണീർക്കൊമ്പൻ

നിർജലീകരണത്തിന്റെ ഭാഗമായി ഹൈപ്പോവൊളിമിക് ഷോക്ക് ഉണ്ടാവുകയും തുടർന്ന് തണ്ണീർക്കൊമ്പന് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തു. ഇതിനുമുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മദപ്പാടിലിരിക്കുന്ന ആന ചങ്ങലപ്പൊട്ടിച്ച് ഓടുന്നതുകണ്ട് മയക്കുവെടിവച്ചാൽ ചിലപ്പോൾ ആന ചരിയും. ശരീരത്തിൽ വെള്ളമില്ലാത്ത അവസ്ഥയിലാണ് വെടിയുതിർക്കുന്നത്. പിന്നീട് ശരീരമാകെ കുഴഞ്ഞ നിലയിലായിരിക്കും. ഇത് അപകടം വിളിച്ചുവരുത്തുന്നു.

തണ്ണീർക്കൊമ്പനെ പിടികൂടിയ സംഭവത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഒരാനയെ പിടികൂടുമ്പോൾ ചില പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്. മയക്കുവെടിയേറ്റ ആന നേരിട്ട് ലോറിയിൽ കയറിയതല്ല, കുങ്കിയാനകൾ തള്ളിക്കയറ്റിയാണ്. അതിനാൽ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ മുറിവുകളുണ്ട്. അതിന് എന്ത് ചികിത്സയാണ് നൽകേണ്ടത്. മയക്കുവെടിവച്ച ശേഷം ആനയുടെ ആരോഗ്യനില തൃപ്തികരമാണോ, എന്തെങ്കിലും മരുന്ന്, ഫ്ലൂയിഡ് നൽേകണ്ടതുണ്ടോ..? ഇതെല്ലാം കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ആനയെ കിട്ടിയ സന്തോഷത്തിൽ വണ്ടിയിൽ കയറ്റി വിടുകയല്ല വേണ്ടത്. അത് തെറ്റായ നടപടിയാണ്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല. തണ്ണീർക്കൊമ്പന്റെ ജീവൻ നിലനിർത്താൻ എന്ത് നടപടിയാണ് അവിടെ സ്വീകരിച്ചത്? ഒന്നുമില്ല !’’

മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയ്ക്ക് മയക്കുവെടി ഏറ്റപ്പോൾ. ചിത്രം: ജിതിൻ ജോയൽ ഹാരിം∙ മനോരമ.
മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയ്ക്ക് മയക്കുവെടി ഏറ്റപ്പോൾ. ചിത്രം: ജിതിൻ ജോയൽ ഹാരിം∙ മനോരമ.

മയക്കുവെടി മദ്യം പോലെ

ഒരു ദിവസം കുറഞ്ഞത് 280 ലീറ്റർ വെള്ളമാണ് ആന കുടിക്കുക. ഇതിൽ 60–70 ലീറ്ററോളം മൂത്രമായി പോകുന്നു. ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് വെള്ളം ആവശ്യമുണ്ട്. തുമ്പിക്കൈയിലൂടെ ആവിയായും കുറച്ച് വെള്ളം പോകുന്നു. തണ്ണീർക്കൊമ്പന് ആവശ്യമായ വെള്ളം ലഭിച്ചിട്ടില്ല. അത് മനസ്സിലാക്കി ആനയ്ക്ക് വെള്ളം നൽകണമായിരുന്നു.

വാഹനത്തിൽ നിർത്തിക്കൊണ്ട് തന്നെ അതിന്റെ ആരോഗ്യനില പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ ‘അയ്യോ, ആന ചരിഞ്ഞുപോയി’ എന്ന് പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? ആന ചരിഞ്ഞതല്ല, കൊന്നതാണ് എന്ന വിമർശനം ഒരിക്കലും തള്ളിക്കളയാനാകില്ല. മൃഗപരിപാലന നിയമലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്.

തണ്ണീർക്കൊമ്പനെ പിടിക്കാനായി എത്തിയ കുങ്കിയാനകൾ.
തണ്ണീർക്കൊമ്പനെ പിടിക്കാനായി എത്തിയ കുങ്കിയാനകൾ.

തുടർച്ചയായി മയക്കുവെടി (Xylazine) വച്ചതുകൊണ്ട് ആനയുടെ ആരോഗ്യത്തിന് പ്രശ്നമുണ്ടാകില്ല. മയക്കുവെടിയെന്നത് മദ്യപാനം പോലെയാണ്. കുറച്ചുസമയത്തേക്ക് ശരീരം കുഴഞ്ഞുപോകും. ബോധമുണ്ടാകും, പക്ഷേ നടക്കാനാകില്ല. ഹൃദയാഘാതം ഇല്ലാതാകാൻ ക്സൈലസിനൊപ്പം കീറ്റമീൻ (Ketamine) കൂടി ചേർക്കുന്നു. നാട്ടാനയാണെങ്കിൽ അതിന്റെ വലുപ്പവും ഭാരവും നോക്കിയാണ് ഡോസ് നിർണയിക്കുന്നത്. കാട്ടാനയുടേത് ഏകദേശ ധാരണയിലാണ് ഡോസ് നിർണയിക്കുന്നത്. ചിലപ്പോൾ കൂടുതൽ ഡോസ് ആവശ്യമായി വരുമ്പോഴാണ് വീണ്ടും വെടിയുതിർക്കുന്നത്.

പി.ബി. ഗിരിദാസ്
പി.ബി. ഗിരിദാസ്

റേഡിയോ കോളർ തട്ടിപ്പ്

ആനയ്ക്ക് റേഡിയോ കോളർ നൽകുന്നത് അവയുടെ സഞ്ചാരപാത നിരീക്ഷിക്കുന്നതിനാണ്. ജനവാസമേഖലയിലേക്ക് കടക്കാനുള്ള ശ്രമം തടയുകയാണ് ലക്ഷ്യം. എന്നിട്ട് ഇവിടെ എന്ത് സംഭവിച്ചു?. ലക്ഷങ്ങൾ മുടക്കി വാങ്ങിയ റേഡിയോ കോളർ കഴുത്തിലിട്ട് തണ്ണീർക്കൊമ്പൻ കേരളത്തിലെത്തി. 

റേഡിയോ കോളർ എന്നത് രാജ്യാന്തര ഉത്പന്നമാണ്. അത് ഇന്ത്യയിൽ വിതരണം ചെയ്യുന്നത് ഒരു ഏജൻസിയാണ്. അവർക്ക് ഒരു റേഡിയോ കോളർ വിറ്റാൽ 5 ലക്ഷം രൂപ വരെ കമ്മിഷനായി ലഭിക്കും. അതിനാൽ ഇവർ എൻജിഒയെ ലക്ഷ്യം വച്ച് ക്യാംപെയ്ൻ തുടങ്ങും. കാട്ടാനശല്യത്തിനെതിരെ എൻജിഒ പരാതി നൽകുകയും ആനകൾക്ക് റേഡിയോ കോളർ നൽകുകയും ചെയ്യുന്നു. അരിക്കൊമ്പന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. അരിക്കൊമ്പൻ ദൗത്യത്തിനായി മൂന്നംഗ കമ്മിഷനെ വച്ചിരുന്നു. അതിൽ ഒരംഗം റേഡിയോ കോളർ ഹോൾസെയ്ൽ ബിസിനസുകാരനാണ്. കോടതിയിൽ പണം മുടക്കിയാലും കുഴപ്പമില്ല. നാട്ടിൽ പിടിക്കുന്ന കാട്ടാനകളെ റേഡിയോ കോളർ ധരിപ്പിച്ച് കാട്ടിലേക്ക് വിട്ടാൽ മാത്രമേ ബിസിനസ് നടക്കുകയുള്ളൂ. ഇതാണ് യാഥാർഥ്യം.

മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീർക്കൊമ്പൻ ചിത്രം: മനോരമ
മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീർക്കൊമ്പൻ ചിത്രം: മനോരമ

റേഡിയോ കോളർ വച്ചിട്ട് നമുക്ക് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? ആനകൾക്ക് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ?. അരിക്കൊമ്പനെ ലക്ഷങ്ങൾ വിലയുള്ള റേഡിയോ കോളറിട്ട് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് വിട്ടു. എന്നിട്ട് അവൻ എത്തിയത് എവിടെ? തമിഴ്നാട്ടിലെ ജനവാസമേഖലയിൽ. അപ്പോൾ പിന്നെ ഇതിന്റെ ഗുണമെന്താണ്? കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ നിരവധി ആനകൾക്കും റേഡിയോ കോളർ ധരിപ്പിച്ചിട്ടുണ്ട്. ജനവാസമേഖലയിൽ കടക്കുന്നുവെന്ന് സിഗ്നൽ വഴി അറിഞ്ഞ് ആനയെ തടഞ്ഞ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ മാസവും റേഡിയോ കോളറിന് മെയിന്റനൻസ് ഫീസ് സർക്കാർ നൽകണം. ഇത് ചെറിയ തുകയല്ല. ഇതിനെക്കുറിച്ച് കൃത്യമായി പഠനം നടത്തിയാണ് ഞാൻ പറയുന്നത്. റേഡിയോ കോളർ എന്നത് തട്ടിപ്പാണെന്ന് പിന്നീട് മനസ്സിലാകും.

കാട്ടാനയെ മയക്കുവെടിവച്ചതിനു പിന്നാലെ പിടികൂടാനുള്ള ശ്രമം തുടരുമ്പോള്‍. ചിത്രം:ജിതിൻ ജോയൽ ഹാരിം∙ മനോരമ.
കാട്ടാനയെ മയക്കുവെടിവച്ചതിനു പിന്നാലെ പിടികൂടാനുള്ള ശ്രമം തുടരുമ്പോള്‍. ചിത്രം:ജിതിൻ ജോയൽ ഹാരിം∙ മനോരമ.
English Summary:

Mystery Surrounds the Sudden Death of Wild Elephant Thaneer Komban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com