മുതലയെ പിടിച്ച് ക്ഷേത്ര തൂണിൽ കെട്ടിയിട്ടു; ആളുകളെത്തി ആരാധന തുടങ്ങി
Mail This Article
കാൺപുരിലെ ഗംഗാ നദിയുടെ സ്നാന ഘട്ടികളിൽ കണ്ടെത്തിയ മുതല ഇപ്പോൾ ജനങ്ങളുടെ ആരാധനാമൂർത്തി. കഴിഞ്ഞ ദിവസമാണ് പ്രദേശവാസികൾ ഘട്ടിൽ മുതലയെ കാണുന്നത്. പരിഭ്രാന്തരായ ഇവർ ഉടൻതന്നെ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. മുതലയെ പിടിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ വനംവകുപ്പ് പലതവണ ശ്രമിച്ചിട്ടും മുതലയെ കണ്ടെത്താനായില്ല. തുടർന്ന് മത്സ്യത്തൊഴിലാളികൾ ദൗത്യം ഏറ്റെടുത്തു.
നിരവധി സ്ഥലങ്ങളിൽ കെണിയൊരുക്കി കാത്തിരുന്നു. മണിക്കൂറുകൾക്കുശേഷം സിവിൽ ലൈൻ ഹോസ്പിറ്റൽ ഭാഗത്തെ ഘട്ടിൽ മുതല കുടുങ്ങുകയായിരുന്നു. പിടികൂടിയ വിവരം വനംവകുപ്പിനെ അറിയിച്ചെങ്കിലും അവർ എത്തിയില്ല. പിന്നാലെ മുതലയെ ആഘോഷമായി സ്നാനഘട്ടിൽ നിന്നും ക്ഷേത്രപരിസരത്തേക്ക് മാറ്റി. അവിടത്തെ തൂണിൽ മുതലയെ ചങ്ങലയ്ക്കിട്ടു. അപ്പോഴേക്കും മുതലയെ പിടികൂടിയ വിവരം അറിഞ്ഞ് പ്രദേശത്തെ ആളുകളെല്ലാം ക്ഷേത്രത്തിലെത്തി. കെട്ടിയിട്ട മുതലയുടെ വായിൽ ചന്ദനവും തലയിൽ കുറിയും വച്ച് ചിലർ പ്രാർഥിക്കാൻ തുടങ്ങി.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും മുതലയോടൊപ്പം ആളുകൾ സെൽഫിയെടുക്കാനും തുടങ്ങിയിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗംഗയിൽ നിന്ന് നിരവധി മുതലകൾ ജനവാസമേഖലയിലേക്ക് എത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.