പോപ് താരം റിയാനയുടെ പെർഫ്യൂമിന്റെ രഹസ്യം; പൂ വിരിയുന്നത് രാത്രിയിൽ, അതിന് കാരണമുണ്ട്
Mail This Article
പെട്ടെന്നു പൂക്കുകയും അതുപോലെ കൊഴിയുകയും ചെയ്യുന്ന കള്ളിമുൾച്ചെടിയാണ് മൂൺഫ്ളവർ കാക്റ്റസ്. നല്ല വെളുത്ത നിറമാണ് ഇതിന്റെ പൂവുകൾക്ക്. രാത്രിയിൽ മാത്രമാണ് ഇവ പൂക്കുന്നത്. പിറ്റേന്നു സൂര്യനുദിക്കുമ്പോഴേക്കും പൂവ് നശിക്കുകയും ചെയ്യും. പടിഞ്ഞാറൻ ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കണ്ടു വരുന്ന അപൂർവയിനമാണിത്. സെലേനിസറസ് വിറ്റി എന്നാണ് ശാസ്ത്രനാമം.
സാധാരണ കള്ളിമുൾച്ചെടികൾ ഉഷ്ണഭൂമികളിലും മരുഭൂമികളിലും വളരുമ്പോൾ മൂൺഫ്ളവർ വളരുന്നത് ആമസോൺ നദിക്കരയിൽ എപ്പോഴും വെള്ളമുള്ള മേഖലകളിലാണ്. മറ്റുള്ള മരങ്ങളിൽ പടർന്നു കയറിയാണ് ഇവ വളരുന്നത്. ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയുടെ ബൊട്ടാണിക്കൽ ഗാർഡനിൽ ഇതിന്റെ പൂ വിരിഞ്ഞത് വലിയ വാർത്തയായിരുന്നു.
12 മണിക്കൂറുകൾ മാത്രമേ ഈ സുഗന്ധത്തിന് ആയുസ്സുണ്ടാകുകയുള്ളൂ. അതിനു ശേഷം സുഗന്ധം അസ്തമിക്കും. പിന്നീട് മാംസം അഴുകുന്നതു പോലത്തെ ദുർഗന്ധമായിരിക്കും പുറപ്പെടുക. തുടർന്ന് പൂവ് കൊഴിഞ്ഞുവീഴും. പ്രശസ്ത പോപ് താരം റിയാനയുടെ പെർഫ്യൂമായ ‘റിറി’യ്ക്ക് ഈ പൂവിന്റെ മണം ആണ്.
രാത്രിയിൽ മാത്രം പൂവ് വിരിയുന്നതിനൊരു കാരണമുണ്ട്. നീണ്ട തണ്ടുള്ള പൂക്കളായതിനാൽ ഇവയിൽ പരാഗണം നടത്തുന്നത് രണ്ടു കീടങ്ങൾ മാത്രമാണ്. കോക്റ്റിയസ് ക്രുവന്റസും വാൽക്കേരി മോത്തും. ഇവ രണ്ടും രാത്രിയിൽ മാത്രമാണ് പുറത്തിറങ്ങുന്നത്.
2015ൽ ജർമനിയിലെ ബോൺ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണു കള്ളിമുൾച്ചെടിയെ ബ്രിട്ടനിലെത്തിച്ചത്. തുടർന്ന് അലക്സ് സമ്മേഴ്സ് എന്ന ശാസ്ത്രജ്ഞൻ ഇതിനെ ഒരു ചെസ്റ്റർ നട്ട് മരത്തിനു സമീപം നട്ടു വളർത്തുകയായിരുന്നു.