സ്രാവുകളെ കണ്ടു പഠിക്കാൻ ടാങ്കിലിറങ്ങി; പത്തു വയസ്സുകാരന്റെ കാല് കടിച്ചുമുറിച്ചു
Mail This Article
സ്രാവുകളെ അടുത്തു കണ്ടറിയാനും മനസ്സിലാക്കാനുമായി ബഹമാസിലെ ഒരു റിസോർട്ട് ഒരുക്കിയ പരിപാടിക്കിടെ പത്തു വയസ്സുകാരന് സ്രാവിന്റെ ആക്രമണമേറ്റു. യുഎസ് സ്വദേശിയായ കുട്ടിയുടെ കാല് സ്രാവ് കടിച്ചു മുറിക്കുകയായിരുന്നു. സ്രാവുകളെ പാർപ്പിച്ചിരിക്കുന്ന ടാങ്കിനുള്ളിൽ ഇറങ്ങിയ സമയത്താണ് അപ്രതീക്ഷിതമായ സംഭവം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ഭയാനകമായ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബഹമാസിലെ അറ്റ്ലാൻഡിസ് പാരഡൈസ് ഐലൻഡ് റിസോർട്ട് നടത്തിയ 'വോക്കിങ് വിത്ത് ദ ഷാർക്ക്' എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പത്തു വയസ്സുകാരനും കുടുംബവും. പരിശീലകനൊപ്പമാണ് കുട്ടി ടാങ്കിൽ ഇറങ്ങിയത്. എന്നാൽ നടന്നു നീങ്ങുന്നതിനിടെ റീഫ് ഷാർക്ക് ഇനത്തിൽപ്പെട്ട രണ്ട് സ്രാവുകൾ ബാലന് സമീപമെത്തുകയും കാലിനിടയിലൂടെ പോവുകയുമായിരുന്നു. പേടിച്ചുവിറച്ച കുട്ടി അബദ്ധത്തിൽ ഒരു സ്രാവിന്റെ ശരീരത്തിൽ ചവിട്ടി. തന്നെ ആക്രമിക്കുകയാണെന്ന് കരുതിയ സ്രാവ് കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടി വെള്ളത്തിന് മുകളിലേക്ക് എത്തി. അപകടമാണെന്ന് മനസ്സിലാക്കിയതോടെ പരിശീലകരും കുടുംബവും കുട്ടിയെ പുറത്തേക്ക് വലിച്ചിട്ടു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായാണ് വിവരം.
10 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അരമണിക്കൂർ ഷാർക്ക് ടാങ്കിൽ ചെലവിടാനുള്ള അവസരമാണ് റിസോർട്ട് ഒരുക്കിയിരുന്നത്. ഇതിന് 110 ഡോളറും (9000 രൂപ) ഈടാക്കിയിരുന്നു. അപകടത്തിനുപിന്നാലെ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അങ്ങേയറ്റം അപകടകാരികളായ സമുദ്രജീവികളെ ഉൾപ്പെടുത്തുന്ന ഇത്തരം സാഹസ പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ വിമർശനങ്ങളുയരുന്നുണ്ട്.