കാണ്ടാമൃഗത്തിന്റെ കൊമ്പ് മുറിക്കുന്നതെന്തിന്?; ക്യാംപയ്നിന്റെ ഭാഗമായി രോഹിത് ശർമ
Mail This Article
കണ്ടാൽ ഭീകരജീവിയെന്ന് തോന്നിക്കുംവിധമുള്ള രൂപമാണ് കാണ്ടാമൃഗത്തിന്റേത്. ഇരുണ്ട നിറവും ഒറ്റ കൊമ്പും ആരെയും ഒന്ന് പേടിപ്പിക്കും. കറുപ്പ്, വെള്ള, വലിയ ഒറ്റക്കൊമ്പുള്ളവ, സുമാത്രൻ, ജാവൻ എന്നിങ്ങനെ അഞ്ച് തരത്തിലുള്ള കാണ്ടാമൃഗങ്ങൾ ലോകത്തുണ്ട്. ഇവയെല്ലാം തന്നെ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഏറെ ഗുണങ്ങളുള്ള ഇവയുടെ കൊമ്പിന് വിപണിയിൽ വൻ ഡിമാൻഡ് ആണ്. കാണ്ടാമൃഗങ്ങൾ മുമ്പ് യുറേഷ്യയിലും ആഫ്രിക്കയിലും ഉടനീളം വ്യാപകമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകദേശം 500,000 കാണ്ടാമൃഗങ്ങൾ ലോകമെമ്പാടും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജാവൻ, സുമാത്രൻ കാണ്ടാമൃഗങ്ങൾ ഏഷ്യയിൽ വംശനാശ ഭീഷണിയിലാണ്. ഇനി ഭൂമിയിൽ ആകെ അവശേഷിക്കുന്നത് 58 മുതൽ 68 വരെ ജാവൻ കാണ്ടാമൃഗങ്ങളാണ്.
സൗത്ത് ആഫ്രിക്കയിലെ സർക്കാർ തന്നെ കാണ്ടാമൃഗത്തെ പിടിച്ച് അവയുടെ കൊമ്പുകൾ പകുതി വെട്ടിമാറ്റി കാട്ടിലേക്ക് തിരിച്ചയക്കുന്നു. ഇത് ക്രൂരതയല്ലേ എന്ന് തോന്നാം. പക്ഷേ ഇത് കാണ്ടാമൃഗത്തെ രക്ഷിക്കാൻ സഹായിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. വിപണിയിൽ വൻ വിലയുള്ള കാണ്ടാമൃഗത്തിന്റെ കൊമ്പ് കൈക്കലാക്കാൻ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവർക്കുവേണ്ടത് പൂർണമായിട്ടുള്ള കൊമ്പാണ്. അവർ അങ്ങനെ ചെയ്താൽ കാണ്ടാമൃഗത്തിന്റെ സ്ഥിതി ദയനീയമായിരിക്കും. വേഗത്തിൽ ചഞ്ഞൊടുങ്ങും.
ഇക്കാരണത്താലാണ് സെപ്റ്റംബർ 22 ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത്. കാണ്ടാമൃഗങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാനും ഈ അത്ഭുതകരമായ ജീവികളിലെ അവശേഷിക്കുന്ന എണ്ണത്തെ സംരക്ഷിക്കുകയുമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. കാണ്ടാമൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ, മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ എന്നിവർ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. 2021ലെ ഐപിഎൽ മത്സരത്തിൽ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ‘ഒറ്റക്കൊമ്പൻ കാണ്ടാമൃഗം’, കാണ്ടാമൃഗത്തെ സംരക്ഷിക്കൂ എന്നിങ്ങനെ രേഖപ്പെടുത്തിയ ഷൂസ് ധരിച്ച് രോഹിത് കളിച്ചിട്ടുണ്ട്.