യുഎസിലെ ഒരു മരത്തിന് കാറൽ മാർക്സിന്റെ പേരുണ്ടായിരുന്നു! ഇപ്പോഴത് ജനറൽ ഷെർമാൻ
Mail This Article
കമ്യൂണിസ്റ്റുകാരോട് പൊതുവെ അത്ര പ്രതിപത്തിയുണ്ടായിരുന്ന രാജ്യമല്ല യുഎസ്. ലോകത്തിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയനുമായി രാജ്യാന്തരവേദിയിൽ നേർക്കുനേർ കൊമ്പുകോർത്ത രാജ്യം യുഎസായിരുന്നു. ഇരു ശക്തികളും തമ്മിലുള്ള ശീതസമരം കാലങ്ങൾ നീണ്ടുനിന്നു. കമ്യൂണിസമെന്ന ആശയത്തെ ഇത്ര കണ്ട് എതിർത്തിരുന്ന യുഎസിൽ ഒരു പ്രമുഖ മരത്തിന് കമ്യൂണിസ്റ്റ് സൈദ്ധാന്തികാചാര്യൻ കാറൽ മാർക്സിന്റെ പേര് തന്നെ ഇടയ്ക്കുണ്ടായിരുന്നു എന്നത് വിശ്വസിക്കാമോ? അവിശ്വസനീയമായി തോന്നുന്നുണ്ടെങ്കിലും സംഭവം സത്യമാണ്. ആ മരമാണെങ്കിൽ ചില്ലറക്കാരനുമല്ല.
വൻ സെക്കോയമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന സെക്കോയ നാഷനൽ പാർക്കിലാണ് ഈ മരം. മറ്റുള്ള മേഖലകളെ അപേക്ഷിച്ച് യുഎസ് വനംവകുപ്പ് അധികൃതർ എല്ലാ ശ്രദ്ധയും ഇങ്ങോട്ടേക്കു നൽകിയിരിക്കുന്നു. കാട്ടുതീകളും മറ്റും സംഭവിക്കുമ്പോൾ വൻ പ്രതിരോധം അവർ ഇവിടെ പടുത്തുയർത്തും. അതിനൊരു കാരണമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മരവും 2700 വർഷത്തോളം പഴക്കം അവകാശപ്പെടുന്നതുമായ ജനറൽ ഷെർമാൻ എന്ന മരം ഇവിടെയാണ്. ഈ മരം തന്നെയാണ് ഒരിക്കൽ കാറൽ മാർക്സ് മരമെന്ന് അറിയപ്പെട്ടിരുന്നത്.
യുഎസ് ആഭ്യന്തരയുദ്ധത്തിലെ കമാൻഡറായിരുന്ന വില്യം ടെകുംസെ ഷെർമാന്റെ പേരാണ് ഈ മരത്തിനു കിട്ടിയത്. 1879ൽ ജെയിംസ് വോൾവർട്ടൺ എന്ന പ്രകൃതി സ്‌നേഹിയാണ് കാട്ടിൽ ഈ മരം കണ്ടെത്തിയത്. ജനറൽ ഷെർമാനു കീഴിൽ ലഫ്റ്റനന്‌റായി മുൻപ് ജോലി ചെയ്തിരുന്ന വോൾവെർട്ടൺ തന്‌റെ പ്രിയപ്പെട്ട ജനറലിന്‌റെ പേര് തന്നെ മരത്തിനു നൽകി.
1886ൽ കീവാ കോളനി എന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം മേഖലയിൽ ആധിപത്യം സ്ഥാപിച്ചു. ഇവർ മരത്തിനെ പുനർനാമകരണം ചെയ്തു കാറൽ മാർക്‌സ് മരം എന്നു പേരു നൽകി. ആറു വർഷം ഇത് ആ പേരിൽ അറിയപ്പെട്ടു. 1892ൽ സെക്കോയ നാഷനൽ പാർക്ക് നിലവിൽ വന്നതോടെ ജനറൽ ഷെർമാൻ എന്ന പഴയ പേര് വീണ്ടും മരത്തിനു കിട്ടി.
2006 ജനുവരിയിൽ മരത്തിന്‌റെ ഏറ്റവും വലിയ ശാഖകളിലൊന്ന് ഒടിഞ്ഞു വീണിരുന്നു. 2 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ളതായിരുന്നു ഈ ശാഖ. ഏകദേശം മുപ്പതു നിലക്കെട്ടിടത്തിന്‌റെ പൊക്കവും, മൂന്ന് ടെന്നിസ് കോർട്ടുകളുടെ വീതിയുമുള്ള മരം അമൂല്യമായ ജൈവവിശേഷമാണ്.
ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിൽ പലതും സ്ഥിതി ചെയ്യുന്നത് കലിഫോർണിയയിലാണ്.1905ൽ മറിഞ്ഞു വീണ ലിൻഡ്‌സേ ക്രീക്ക് ട്രീയാണ് ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മരം. വലുപ്പത്തിൽ രണ്ടാമനായ ക്രാനൽ ക്രീക്ക് ജയന്റ് എന്ന മരം 1940ൽ മരംവെട്ടുകാർ വെട്ടിനശിപ്പിച്ചു. തുടർന്നാണു ജനറൽ ഷെർമാൻ ലോകത്തിലെ ഏറ്റവും വലിയ മരമായി മാറിയത്.
2021 സെപ്റ്റംബർ ഒൻപതിനു സെക്കോയ നാഷനൽ പാർക്കിൽ രണ്ടിടത്തായി ഇടിമിന്നൽ മൂലം കോളനി, പാരഡൈസ് എന്നീ പേരുകളിൽ കാട്ടുതീകൾ ഉടലെടുത്ത് വൻ അഗ്നിബാധയായി മാറി. 18000 ഏക്കറിൽ ഈ കാട്ടുതീ വ്യാപിച്ചു.കെഎൻപി കോംപ്ലക്‌സ് ഫയർ എന്നാണ് ഈ അഗ്നിബാധ അറിയപ്പെടുന്നത്.ഇതോടെ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ ജനറൽ ഷെർമാൻ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റും സർവസന്നാഹങ്ങളുമായി നിലയുറപ്പിച്ചു.മരത്തിന്റെ തടിമുഴുവൻ അലുമിനിയം ഫോയിൽ കൊണ്ടു മൂടി. പരിസരത്തെ അഗ്നിബാധയുടെ കനത്ത ചൂടേറ്റ് നശിച്ചുപോകാതിരിക്കാനായിരുന്നു ഇത്. സെക്കോയ മരങ്ങൾ പൊതുവെ വരൾച്ച, കടുത്ത ചൂട്, അഗ്നിബാധ എന്നിവയെ പ്രതിരോധിക്കുന്നവയാണ്. എങ്കിലും അധികൃതർ എല്ലാ ശ്രദ്ധയുമെടുത്തിരുന്നു.