ഈ ചങ്ങാത്തം അപകടം; വേമ്പനാട്ടിലും മീനച്ചിലാറിലും പെറ്റുപെരുകി ‘ചങ്ങാതി’ തുമ്പികൾ, ജലമലിനീകരണം രൂക്ഷം
Mail This Article
ഒരു പ്രത്യേക പ്രദേശത്ത് അത്യപൂർവമായ ജീവികളോ പക്ഷികളോ അവിടേക്കു കൂട്ടത്തോടെ എത്തിയാൽ ‘സംതിങ് ഫിഷി’ എന്ന് പറയാറുണ്ട്. അവർക്ക് അനുകൂലമായ എന്തോ സാഹചര്യം ഉടലെടുത്തെന്നു കരുതാം. പലപ്പോഴും അത് യാഥാർഥ്യമാകാറുണ്ട്. അത്തരത്തിൽ കോട്ടയത്തെ ചില ഭാഗങ്ങളിൽ കണ്ട ചങ്ങാതിത്തുമ്പികളും ഒരു സന്ദേശം നൽകുന്നുണ്ട്– ജലാശയങ്ങളെ മലിനമാകുന്നു! വേമ്പനാട്ടു കായലോര മേഖലയിൽ 60 കി.മീ ദൂരത്തിൽ 14 സ്ഥലങ്ങളിലായി നടന്ന സർവേയിൽ 30 ഇനം തുമ്പികളെയാണ് കണ്ടെത്തിയത്. സാമൂഹിക വനവൽക്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും ചേർന്നാണ് സർവേ നടത്തിയത്. ചങ്ങാതിത്തുമ്പികളുടെ പെരുകൽ വേമ്പനാട്ടു കായലിൽ ജലമലിനീകരണം രൂക്ഷമായതിന്റെ തെളിവാണെന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ ഡയറക്ടർ ഡോ. പുന്നൻ കുര്യൻ മനോരമ ഓൺലൈനോട് പറഞ്ഞു. തുമ്പികളെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത്:
‘‘മീനച്ചിലാർ, വേമ്പനാട്ടു കായൽ, കോന്നി വനമേഖല എന്നിവിടങ്ങളിലെല്ലാം വർഷങ്ങളായി വാർഷിക തുമ്പി സർവേ നടത്താറുണ്ട്. ഇങ്ങനെ നടത്തിയതിൽ മലിനീകരണമുള്ള സ്ഥലങ്ങളിലെല്ലാം ചങ്ങാതിത്തുമ്പികളുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ടു. പൊതുവെ എല്ലാ തുമ്പികളും ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. അതിൽ ചിലത് വളരെ ശുദ്ധമായ വെള്ളത്തിൽ മാത്രമേ മുട്ടയിടാറുള്ളൂ. എന്നാൽ ചങ്ങാതിത്തുമ്പികൾ വ്യത്യസ്തരാണ്. അവർക്ക് മുട്ടയിടാൻ മലിനജലം വേണം. അതുകൊണ്ടുതന്നെ അവയെ മലിനീകരണ സൂചകമായി കണക്കാക്കുന്നു.
മീനച്ചിലാറിന്റെ കാര്യമെടുത്താൽ ഈരാറ്റുപേട്ട, പാലാ, കിടങ്ങൂർ, കോട്ടയം തുടങ്ങി നഗരപ്രദേശങ്ങളോട് ചേർന്നയിടങ്ങളിൽ ചങ്ങാതിത്തുമ്പികളെ കണ്ടെത്തി. വേമ്പനാട്ടു കായലിന്റെ ഭാഗങ്ങളായ ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളിലും കണ്ടെത്തി. നഗരങ്ങളിലെ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന പ്രദേശങ്ങളിലെല്ലാം വലിയ തോതിൽ ചങ്ങാതിത്തുമ്പികളെ കാണാൻ കഴിഞ്ഞു.
വനപ്രദേശത്തും ഉയർന്ന പ്രദേശങ്ങളിലും കരചേർന്ന ഭാഗങ്ങളിലുമാണ് സാധാരണ സൂചിത്തുമ്പിയെയും കരിയിലത്തുമ്പിയെയും കാണാറുള്ളത്. എന്നാൽ ഇത്തവണ കായൽപ്രദേശത്തും ഈ തുമ്പികളെ കാണാനായി. വൈക്കം, കുമരകം മേഖലയിലാണ് കണ്ടെത്തിയത്.
തുമ്പികൾ പലവിധം
തുമ്പി രണ്ടുതരത്തിലാണ് കാണപ്പെടുക. ശരീരം വലുപ്പമുള്ളതും (ഉദാ: കല്ലൻതുമ്പി) മെലിഞ്ഞതും (സൂചിത്തുമ്പി). പണ്ട് വീടുകളുടെ പരിസരത്ത് സ്ഥിരം കാണുന്നവയാണ് സ്വാമിത്തുമ്പികൾ (കറുപ്പും വെളുപ്പും കലർന്നവ), മകുടിവാലൻ തുടങ്ങിയവ. മലിനീകരണം കൂടിയതോടെ ഇവയുടെ സാന്നിധ്യം കുറഞ്ഞു.
ഓണസമയത്ത് വരുന്ന തുമ്പികളെ ഓണത്തുമ്പികളെന്നും തുലാത്തുമ്പികളെന്നും വിളിക്കാറുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽനിന്ന് എത്തുന്ന ഈ ദേശാടനത്തുമ്പികൾ തുലാമാസത്തോടുകൂടിയാണ് കേരളത്തിലെത്തുന്നത്. കൂട്ടമായി എത്തുന്ന ഇവ ഇവിടെ പെറ്റുപെരുകുന്നു. പിന്നീട് കുറച്ചുപേർ ഇവിടെ നിൽക്കുകയും മറ്റുള്ളവ തിരിച്ചുപോവുകയും ചെയ്യുന്നു. അടുത്ത വർഷം പുതിയ ബാച്ച് എത്തുന്നു.
പരിസ്ഥിതി സംരക്ഷണത്തിലേക്ക്
കാർഷിക സംസ്കൃതിയായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത്. എന്നാൽ പെട്ടെന്നായിരുന്നു ഉപഭോക്തൃ സംസ്കൃതിയിലേക്കുള്ള ചുവടുമാറ്റം. അതോടെ മനുഷ്യന്റെ ജീവിതരീതികളിലും മാറ്റംവന്നു. മലിനീകരണം കൂടി. നട്ടുപിടിപ്പിച്ച് കഴിക്കുക എന്നതു മാറി വാങ്ങിക്കഴിക്കുക എന്ന നിലയിലെത്തി. എല്ലാം വിപണിവൽകൃതമായി മാറുകയായിരുന്നു.
പ്രകൃതിയെ വിലവയ്ക്കാത്ത രീതിയിലുള്ള ജീവിതരീതിയിൽ ഇപ്പോൾ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. 1980 മുതൽ 2010 വരെ പ്രകൃതിചൂഷണം പതിവായിരുന്നു. ഇതിനു ശേഷമാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള നടപടികൾ ആഗോളതലത്തിൽ ഗൗരവമായി ചർച്ച ചെയ്തത്. കാലാവസ്ഥാ മാറ്റത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനുമായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. സ്വച്ഛ് ഭാരത്, ശുചിത്വ മിഷൻ എന്നിവയെല്ലാം ഇതിനുദാഹരണം.
പരിസ്ഥിതിയിലെ മാറ്റവും മലിനീകരണവും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞതോടെ അത് മറികടക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഒരു വശത്ത് പ്രകൃതി നശിക്കുന്നുണ്ടെങ്കിലും മറുവശത്ത് അവയെ നിലനിർത്താനുള്ള ശ്രമങ്ങളും നടക്കുന്നതിൽ ആശ്വസിക്കാം.
വന്യജീവികൾ നാട്ടിലേക്ക്
കാട്ടിൽനിന്നു വന്യജീവികൾ നാട്ടിലേക്ക് എത്തുന്നതിന് രണ്ടു വശങ്ങളുണ്ട്. 1972ൽ വന്യജീവിസംരക്ഷണ നിയമം വന്നതോടെ മൃഗങ്ങളെ വേട്ടയാടുന്നത് കുറഞ്ഞു. പെറ്റുപെരുകൽ വന്യജീവികളുടെ എണ്ണം വർധിപ്പിക്കുന്നു. ഇത് നല്ല കാര്യമാണ്. എന്നാൽ ഇക്കോടൂറിസം എന്ന പേരിൽ കാടിനുള്ളിൽ നടത്തുന്ന പദ്ധതികൾ അവയുടെ ജീവിതരീതിയെ മാറ്റുന്നു. സന്ദർശകർക്ക് വന്യമൃഗങ്ങളെ കാണാനായി പലരീതിയിൽ അവയെ ഉൾക്കാട്ടിൽനിന്നു പുറത്തേക്ക് കൊണ്ടുവരുന്നു. ഉൾക്കാട്ടിൽ വെള്ളം ലഭിക്കുന്ന സ്ഥലങ്ങളെല്ലാം മനുഷ്യൻ കയ്യടക്കി റിസോർട്ട് പണിയുന്നു. ജലസ്രോതസ്സുകളുടെ ചൂഷണം കാരണം വേനൽക്കാലത്ത് വനത്തിൽ വെള്ളമില്ലാതാകുന്നു. ഇതോടെ വന്യമൃഗങ്ങൾ വെള്ളം കിട്ടുന്ന സ്ഥലത്തേക്ക് പോകാൻ അവ നിർബന്ധിതരാകുന്നു.
മൃഗങ്ങൾ കാടിറങ്ങുന്നതിന്റെ കാരണം മനുഷ്യൻ തന്നെയാണ്. മനുഷ്യന്റെ കടന്നുകയറ്റം കാടിന്റെ വ്യാപ്തി കുറച്ചു. ലഘുവന വിഭവങ്ങളുടെ ശേഖരണം വർധിച്ചതോടെ വന്യമൃഗങ്ങൾക്ക് ഭക്ഷണമില്ലാതെയായി. ഇതോടെ അവർ മനുഷ്യവാസ മേഖലയിലേക്ക് വരികയും വിളകൾ നശിപ്പിക്കുകയും ചെയ്യുന്നു. ആനകൾ പ്ലാവുകൾ തേടിയെത്തി. ഒരു ജന്തു നൈസർഗികമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിൽ മനുഷ്യന്റെ ഇടപെടലുണ്ടാകുന്നു. കൃത്യമായ പഠനം നടത്തിയ ശേഷമാകണം പ്രതിവിധി തേടേണ്ടത്.
കാലാവസ്ഥാ മാറ്റം
കേരളത്തിലെ കാർഷിക വിളകളും ജീവിതരീതിയും പണ്ടത്തെ മിതമായ കാലാവസ്ഥയ്ക്ക് അനുകൂലമായിട്ടുള്ളതാണ്. കർക്കിടകത്തിൽ ഞാഞ്ഞൂലിനും വിഷം, തിരുവാതിര നാറ്റുവേലയ്ക്ക് തിരിമുറിയാതെ, കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും ചോറ്, കുംഭത്തിൽ ചേന നട്ടാൽ കുടംപോലെ തുടങ്ങിയ പഴഞ്ചൊല്ലുകളെല്ലാം ഉണ്ടായത് അന്നത്തെ കാലാവസ്ഥാ രീതികളെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാലിന്ന് ഇതിനൊന്നും പ്രസക്തിയില്ല. മഴ, മഞ്ഞ്, ചൂട് എന്നിവയെല്ലാം താളംതെറ്റി.