പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീൻ; കൃത്രിമ മഴ, ഇഷ്ടിക കല്ലുകളിൽ വീടുകൾ ഉയരും
Mail This Article
ലക്ഷങ്ങൾ പങ്കെടുത്ത ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തിരുവനന്തപുരം നഗരം ക്ലീൻ. പൊങ്കാലയ്ക്കു പിന്നാലെ ക്ഷേത്രനടയിൽ നിന്നു തുടങ്ങിയ വൃത്തിയാക്കൽ നിമിഷങ്ങൾക്കുള്ളിൽ നഗരമാകെ വ്യാപിച്ചു. രാത്രി എട്ടു മണിക്കു ശേഷം റോഡുകൾ കഴുകി വൃത്തിയാക്കുന്നത് സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നാണ് ആരംഭിച്ചത്. ഒറ്റയോട്ടത്തിനു നഗരം വൃത്തിയാക്കാൻ 3000 പേരാണ് ഇറങ്ങിത്തിരിച്ചത്. ഇവരുടെ മേൽനോട്ടത്തിന് തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ 150 ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ നിന്നുള്ള 750 അംഗ ഗ്രീൻ ആർമിയും നഗരം മാലിന്യമുക്തമാക്കാൻ ഓടിനടന്നു.
86 ചെറിയ ടിപ്പറുകൾ, 11 വലിയ ടിപ്പറുകൾ, 40 മിനി ലോറികൾ 30 പിക്കപ്പ് ഓട്ടോകൾ എന്നിവയടക്കം 167 വാഹനങ്ങളിലാണ് മാലിന്യങ്ങൾ ശേഖരിച്ചത്. കഴിഞ്ഞതവണത്തെക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്തുമെന്നു കണക്കുക്കൂട്ടൽ ഉണ്ടായിരുന്നതു കൊണ്ടുതന്നെ വാഹനങ്ങളും അതനുസരിച്ച് ക്രമീകരിച്ചിരുന്നു. ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലത്താണ് പൊങ്കാല മാലിന്യങ്ങൾ നിക്ഷേപിച്ചത്. സ്ഥലം തികയാതെ വന്നതോടെ തത്ക്കാലത്തേക്ക് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും മാലിന്യം നിർമാർജനം ചെയ്യാനുള്ള അവസരമുണ്ടാക്കി.
പൊങ്കാല കല്ലുകളിൽ വീടുകൾ
ഭക്തർ ഉപേക്ഷിച്ചു പോയ പൊങ്കാല കല്ലുകളും നഗരസഭ ശേഖരിച്ചിട്ടുണ്ട്. മാലിന്യ ശേഖരണത്തിനൊപ്പം എടുത്ത കല്ലുകളെല്ലാം ലൈഫ് ഭവന പദ്ധതിക്കുവേണ്ടി ഉപയോഗിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. കഴിഞ്ഞതവണ രണ്ടുലക്ഷം ഇഷ്ടികകളാണ് നഗരസഭ ശേഖരിച്ചത്. ഇതു 22 പേർക്കു വീട് വച്ചുനൽകാൻ ഉപകരിച്ചതായും ആര്യ ചൂണ്ടിക്കാട്ടി. ഇത്തവണ കല്ലുകളുടെ എണ്ണം രണ്ടു ലക്ഷം കവിയുമെന്നാണ് വിലയിരുത്തൽ.
നഗരത്തിൽ കൃത്രിമ മഴ
ശുചീകരണത്തിനുശേഷം നഗരത്തിൽ കൃത്രിമ മഴ പെയ്യിച്ചു. പൊങ്കാല കഴിഞ്ഞുള്ള പൊടിപടലങ്ങളും മാലിന്യങ്ങളും പൂർണമായും നീക്കം ചെയ്യാനായിരുന്നു നടപടി. സിനിമ സീരിയൽ ഷൂട്ടിങ്ങുകളിൽ കൃത്രിമ മഴ ഒരുക്കുന്ന തിരുവനന്തപുരം കേന്ദ്രമായ തരംഗിണി ആർട്ടിഫിഷ്യൽ റെയിൻ യൂണിറ്റായിരുന്നു ഇതിനുപിന്നിൽ. 13 വർഷമായി സൗജന്യമായാണ് തരംഗിണി ഈ സേവനം നടത്തുന്നത്. മൂന്നു വാഹനങ്ങളാണ് മഴ പെയ്യിക്കാൻ നഗരത്തിലിറങ്ങിയത്. നഗരം ചുറ്റി വാഹനത്തിൽ എത്തിയപ്പോൾ രണ്ടു മണിക്കൂറിനുള്ളിൽ നഗരം വൃത്തിയായി. ഇവരെ സഹായിക്കാൻ നഗരസഭയുടെ 20 ജീവനക്കാരുമുണ്ടായിരുന്നു. വാഹനത്തിൽ വെള്ളം നിറയ്ക്കുന്നതിനു വാട്ടർ അതോറിറ്റി ടാങ്കർ ലോറികളുടെ സൗകര്യവും നൽകി.