‘സ്‌നോബോൾ എർത്ത്’ പ്രതിഭാസത്തിന്റെ തെളിവുകൾ ഇന്നും ഭൂമിക്കടിയിൽ
Mail This Article
ഭൂമിയെന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് സമുദ്രങ്ങളുടെ നീലച്ഛവി കലർന്ന ഗോളത്തിന്റെ ചിത്രമാണ് അല്ലേ... എന്നാൽ ഭൂമി ഒരിക്കൽ ഇങ്ങനെയല്ലായിരുന്നത്രേ. വെള്ളപ്പന്തുപോലെ, ഐസ് നിറഞ്ഞ ഒരു ഗോളമായി അന്നു ഭൂമി മാറി. 70 കോടി വർഷം മുൻപായിരുന്നു ഇത്. എന്താണ് ഇതിനു വഴിവച്ചതെന്ന കാര്യത്തിൽ ഇന്നും ശാസ്ത്രലോകത്ത് ചർച്ചകളും വാദങ്ങളും സജീവമാണ്.
എന്നാൽ സ്‌നോബോൾ എർത്ത് എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ തെളിവുകൾ ഇന്നും ഭൂമിക്കടിയിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 70 കോടി വർഷം മുൻപ് സംഭവിച്ച ഈ വമ്പൻ ഹിമയുഗം ഏകദേശം 6 കോടി വർഷങ്ങളോളം നീണ്ടുനിന്നു. ദിനോസറുകളൊക്കെ ഭൂമിയിൽ വിഹരിക്കുന്നതിനു വളരെക്കാലം മുൻപ് തന്നെ ഇതവസാനിച്ചു.
ഈ ഹിമയുഗം തുടങ്ങിയപ്പോഴോ അതിന്റെ കാലത്തോ ബഹുകോശജീവികളോ സസ്യജാലങ്ങളോ ഭൂമിയിൽ അത്ര വ്യാപകമായിരുന്നില്ല. അക്കാലത്ത് അന്തരീക്ഷ കാർബൺ ഡയോക്‌സൈഡിന്റെ ചംക്രമണം അഗ്നിപർവതങ്ങളും പാറകളുമാണ് നിയന്ത്രിച്ചിരുന്നത്. അന്ന് ഭൗമപ്ലേറ്റുകളിൽ ഘടനാപരമായ പുനക്രമീകരണം നടന്നു. ഇതു മൂലം അഗ്നിപർവതങ്ങളിൽ നിന്ന് കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതു കുറഞ്ഞു.
ഇപ്പോഴത്തെ കാനഡ സ്ഥിതി ചെയ്യുന്ന മേഖലയിലെ പാറക്കെട്ടുകളിലും പർവതങ്ങളിലും വലിയ തോതിൽ ശോഷണം ഉണ്ടാകുകയും ചെയ്തു. ഈ ശോഷണ പ്രക്രിയ കാർബൺ ഡയോക്‌സൈഡിനെ വലിച്ചെടുക്കുകയും ചെയ്തു. ഈ രണ്ട് പ്രവർത്തനങ്ങളുടെ ഫലമായി ഭൗമാന്തരീക്ഷത്തിൽ കാർബൺ ഡയോക്‌സൈഡിന്‌റെ അളവ് വലിയ തോതിൽ കുറഞ്ഞു. തുടർന്നാണത്രേ ഭൂമിയൊരു ഹിമഗോളമായി മാറിയത്.