രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം പട്നയിൽ തുറന്നു
Mail This Article
പട്ന ∙ ഗംഗയിലെ ഡോൾഫിനുകളുടെ ജീവിതരീതി പഠിക്കാൻ നദിക്കരയിലൊരു ഗവേഷണകേന്ദ്രം. പട്ന സർവകലാശാലാ ക്യാംപസിൽ ഗംഗാ തീരത്താണ് രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ഉദ്ഘാടനം ചെയ്തു.
വംശനാശഭീഷണി നേരിടുന്ന ഗാൻജറ്റിക് ഡോൾഫിനുകളെക്കുറിച്ചുള്ള ഗവേഷണത്തിനായി 2013 ൽ അനുമതി ലഭിച്ച പദ്ധതിയാണ് പ്രതിബന്ധങ്ങൾ നീന്തിക്കയറി ഒടുവിൽ യാഥാർഥ്യമായിരിക്കുന്നത്. ഗംഗയിലെ ഡോൾഫിനുകളുടെ ഭക്ഷണ രീതി, പെരുമാറ്റം, അതിജീവന പ്രക്രിയ തുടങ്ങിയ വിഷയങ്ങളിലാകും നാഷനൽ ഡോൾഫിൻ റിസർച് സെന്ററിൽ (എൻഡിആർസി) പഠനഗവേഷണങ്ങൾ.
ഡോൾഫിൻ സംരക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ പുതിയ ഗവേഷണ കേന്ദ്രം സഹായകമാകും. ഗംഗയിലെ മത്സ്യബന്ധനം ഡോൾഫിനുകൾക്കു ഭീഷണിയാകാതിരിക്കാൻ മത്സ്യതൊഴിലാളികൾക്കു പ്രത്യേക പരിശീലനം നൽകാനുള്ള ചുമതലയും കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്.