തേനുണ്ടാക്കുന്ന കടന്നലിനെ അറിയാമോ? അവക്കാഡോയിൽ പരാഗണം നടത്തിയ ഹണി വാസ്പ്
Mail This Article
കടന്നൽ...പ്രാണിലോകത്തെ കുപ്രസിദ്ധനായ വില്ലൻ. അടുത്തെങ്ങാനുമൊരു കടന്നൽകൂട് കണ്ടാൽ പിന്നെ അതു പൊളിച്ചുനീക്കാതെ ആർക്കുമൊരു സമാധാനമില്ല. അതിന്റെ അടുക്കലേക്കു ചെല്ലാനും പേടിയാണ്. എന്തു വിശ്വസിച്ചു ചെല്ലും. അതിനുള്ളിലുള്ള കടന്നലുകൾക്കെങ്ങാനും കലിപ്പ് കയറി ഒരു കുത്തുതരാൻ തോന്നിയാൽ വേദന ഉടനെയൊന്നും പോകില്ല.
യുഎസിൽ പലപ്പോഴും വിചിത്രമായ സർവേകൾ നടക്കാറുണ്ട്. പറക്കുന്ന പ്രാണികളിൽ ഏറ്റവും ഇഷ്ടപ്പെട്ടതേത്, വെറുക്കുന്നതേത് എന്ന ചോദ്യത്തിൽ ഒരു സർവേ ഒരിക്കൽ നടന്നു. പങ്കെടുത്തവരിൽ പലരുടെയും ഇഷ്ടപ്പെട്ട പ്രാണി തേനീച്ചയായിരുന്നു. സ്വാഭാവികം, രുചിയേറുന്ന തേൻ നമുക്കായി തയാർ ചെയ്തു തരുന്ന തേനീച്ചയോട് നമുക്ക് ഒരു ഇഷ്ടമുണ്ടാകുമല്ലോ. എന്നാൽ സർവേയിൽ ഏറ്റവും കൂടുതൽ ആളുകൾ വെറുത്ത പറക്കുംപ്രാണി കടന്നലുകളായിരുന്നു.
പാവം കടന്നലുകൾ. അവയെ ഇത്രയ്ക്ക് വെറുക്കേണ്ട കാര്യമൊന്നുമില്ല. പരിസ്ഥിതിയിൽ വലിയൊരു സ്വാധീനം ചെലുത്തുന്ന ജീവികളാണ് ഇവ. വിളകളെയും ചെടികളെയുമൊക്കെ നശിപ്പിക്കുന്ന പുഴുക്കളെയും ചില പ്രാണികളെയുമൊക്കെ കൊന്നൊടുക്കുന്നതിൽ കടന്നലുകൾക്ക് വലിയൊരു സംഭാവനയുണ്ട്.
തേനീച്ചകൾ പൂക്കളിൽ നിന്നു പൂന്തേൻ ശേഖരിച്ച് തേനാക്കി മാറ്റി കൂട്ടിലാക്കും. കടന്നലുകളും പൂന്തേനാണു കുടിക്കുന്നത്. എന്നാൽ ഇവ തേനീച്ചകളെപ്പോലെ അതു തേനാക്കി മാറ്റുന്നില്ല.
എന്നാൽ എല്ലാ കടന്നലുകളും ഈ വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നില്ല. ചില കടന്നലുകൾ തേൻ നിർമിക്കാറുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ അളവിൽ തേൻ ഉണ്ടാക്കുന്ന കടന്നലുകളാണ് മെക്‌സിക്കൻ തേൻകടന്നലുകൾ. തേനീച്ചക്കൂടിന്‌റെ ആകൃതിയിലുള്ള കൂട്ടിലേക്ക് പൂന്തേൻ കൊണ്ടുവന്ന് ഇവ തേനാക്കി മാറ്റും.
തേനീച്ചകളേക്കാൾ ചെറുതാണ് കറുത്ത നിറമുള്ള ഈ കടന്നലുകൾ. പൂക്കളിൽ പോകുമ്പോൾ പൂമ്പൊടി ഇവയുടെ ദേഹത്ത് പറ്റിപ്പിടിക്കുന്നതിനാൽ പരാഗണത്തിൽ ഇവ സഹായകമാണ്. അവൊക്കാഡോ ചെടികളിൽ ആദ്യമായി പരാഗണം നടത്തിയത് ഈ പ്രാണികളാണെന്നു കരുതിപ്പോരുന്നു.
തേനീച്ചകളുമായി സാമ്യം തോന്നുമെങ്കിലും ജനിതകപരമായി വളരെയേറെ വ്യത്യാസം പുലർത്തുന്നവയാണ് ഈ കടന്നലുകൾ. മെക്‌സിക്കൻ തേൻകടന്നലുകൾ തേൻ ഉണ്ടാക്കുമെങ്കിലും തേനീച്ചകൾ ഉണ്ടാക്കുന്ന അളവിൽ അതില്ല.
ഈ തേൻ മനുഷ്യർ ഭക്ഷിക്കാറുണ്ട്. മേപ്പിൾ മരത്തിന്റെ കറയിൽ നിന്നുണ്ടാക്കുന്ന മേപ്പിൾ സിറപ്പിന്‌റെ സ്വാദാണത്രേ ഈ തേനിന്.