വന്യമൃഗ പ്രശ്നം: നിയമത്തില്‍ പരിഹാരമുണ്ട്; സര്‍ക്കാര്‍ തയാറാണോ?
Mail This Article
ജനവാസ മേഖലയിലേക്കും കൃഷിസ്ഥലങ്ങളിലേക്കുമുളള വന്യമൃഗങ്ങളുടെ കടന്നു വരവ് കേരളത്തിലെ പല പ്രദേശങ്ങളെയും സംഘര്‍ഷ ഭരിതമാക്കിയിരിക്കുന്നു. ആനയുടെയും കടുവയുടെയും മറ്റും ആക്രമണത്തില്‍ അടുത്തിടെ നിരവധി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ആന, കാട്ടുപന്നി, മാന്‍ കുരങ്ങ്, എന്നിവ കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും വരുത്തുന്നു. പല വനസമീപ പ്രദേശങ്ങളിലും ജനജീവിതം ദുഃസ്സഹമായി മാറുന്നു. ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്കും ക്രമസമാധാന തകര്‍ച്ചക്കും കാരണമാകുന്നു. ഈ സാഹചര്യം തീവ്രവന്യമൃഗ സംരക്ഷണ വാദത്തിനും, മറുവശത്ത് പരിസ്ഥിതി വിരുദ്ധ പ്രചാരണത്തിനും ഉളള വേദിയായി മാറുകയും ചെയ്യുന്നു.
വന്യമൃഗശല്യം നിയന്ത്രിക്കാനാവാത്തതിന് കാരണമായി വനംവകുപ്പും സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാണിക്കുന്നത് കേന്ദ്ര നിയമമായ 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ ചില കര്‍ശനമായ വകുപ്പുകളാണ്. എന്നാല്‍ വന്യമൃഗങ്ങള്‍ മൂലം മനുഷ്യജീവനും, സ്വത്തുക്കള്‍ക്കും, വിളകള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുളള കൃത്യമായ സംവിധാനവും 1972-ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉണ്ട്. ഈ വകുപ്പുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സര്‍ക്കാരുകളുടെയോ, സംഘടനകളുടെയോ ശ്രദ്ധ ഇനിയും പതിഞ്ഞിട്ടില്ല.
ക്രിമിനല്‍ നടപടി സംഹിത 133ാം വകുപ്പ് പ്രകാരം, കാടിന് പുറത്തിറങ്ങുന്ന മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്ന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പോലും ഉയര്‍ന്നത്. എന്നാല്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഡബ്ലിയു.പി.സി. 13204/2021 നമ്പര്‍ കേസില്‍ 2024 ഫെബ്രുവരി 17 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഈ നിര്‍ദ്ദേശത്തിന് കയ്യോടെ തടയിട്ടു. ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്ന മൃഗങ്ങളെ പ്രത്യേകിച്ചും ആനയെ ക്രിമിനല്‍ നടപടി സംഹിത 133-ാം വകുപ്പ് പ്രകാരം കൊല്ലുകയോ, പിടികൂടുകയോ ചെയ്യാമോ എന്ന വയനാട് ജില്ലാ കലക്ടറുടെ ചോദ്യത്തിന് ഈ വകുപ്പ് പ്രകാരം കാട്ടിലെ മൃഗത്തിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നും സ്വകാര്യ വ്യക്തികളുടെ മൃഗങ്ങള്‍ക്ക് മാത്രമേ ബാധകമാകൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ഇതേ വിധിയില്‍ തന്നെ വനൃമൃഗ ശല്യം പരിഹരിക്കാന്‍ ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിന്‍റെ സാധ്യതകള്‍ സൂചിപ്പിക്കുന്നുമുണ്ട്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവും അടുത്തിടെ 11-ാം വകുപ്പിന്‍റെ സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേരള വനംവകുപ്പ് മന്ത്രി അതിന് നല്‍കിയ വിശദീകരണത്തില്‍ 11-ാം വകുപ്പുപ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഉത്തരവ് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരിമിതമായ അധികാരങ്ങളേയുള്ളൂ എന്നാണ് പ്രസ്താവിച്ചത്. 11-ാം വകുപ്പിന്‍റെ സാധ്യതകള്‍ അദ്ദേഹവും പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ലെന്നാണ് ധരിക്കേണ്ടിയിരിക്കുന്നത്.
1972-ലെ വന്യജീവി സംരക്ഷണ നിയമം 11-ാം വകുപ്പിന്‍റെ 1-ാം ഉപ വകുപ്പിന് (എ) (ബി) എന്നിങ്ങനെ രണ്ട് ഉപ വകുപ്പുകള്‍ കൂടിയുണ്ട്. അതില്‍ (എ) എന്ന ഉപവകുപ്പില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയില്‍ ചേര്‍ത്ത ഏതെങ്കിലും വന്യമൃഗം മനുഷ്യജീവന് അപകടകാരിയാവുകയോ, രക്ഷപെടുത്താന്‍ സാധിക്കാത്തവിധം അവശതയോ, രോഗാതുരമോ ആണെന്ന് ബോധ്യപ്പെടുകയോ ചെയ്താല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കാരണങ്ങള്‍ എഴുതി തയ്യാറാക്കിയ ഉത്തരവിലൂടെ ആ മൃഗത്തെ വേട്ടയാടാന്‍ അനുവാദം നല്‍കാം. എന്നാല്‍ പിടികൂടാനോ, മയക്കാനോ, മറ്റൊരു സ്ഥലത്ത് കൊണ്ട് വിടാനോ സാധിക്കില്ലെന്ന് ബോധ്യമായെങ്കിലേ ആ മൃഗത്തെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിടാന്‍ പാടുളളൂ. പിടികൂടിയ മൃഗത്തെ കാട്ടില്‍ പുനരധിവസിപ്പിക്കാന്‍ സാധ്യമല്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു ബോധ്യമാവുകയും, ആയതിനുളള കാരണങ്ങള്‍ എഴുതി രേഖപ്പെടുത്തുകയും ചെയ്യുകയല്ലാതെ പിടികൂടിയ വന്യമൃഗത്തെ ബന്ധനാവസ്ഥയില്‍ സൂക്ഷിക്കരുത്. പിടികൂടുകയോ മാറ്റിപ്പാര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ വന്യമൃഗത്തിന് ഭീതി ഉളവാകുന്ന സാഹചര്യം പരമാവധി കുറയ്ക്കണമെന്നും ഈ വകുപ്പില്‍ വ്യക്തമാകുന്നു.
ഇനി 11-ാം വകുപ്പിന്‍റെ ഒന്നാം ഉപവകുപ്പിലെ (ബി) എന്ന ഉപവകുപ്പിലേക്ക് വരാം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ, അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, വന്യജീവി സംരക്ഷണ നിയമം രണ്ടാം പട്ടികയില്‍ ചേര്‍ത്ത ഏതെങ്കിലും വന്യമൃഗം, മനുഷ്യജീവനോ, ഏതെങ്കിലും സ്ഥലത്തെ വിളകള്‍ അടക്കം ഏതെങ്കിലും വസ്തുവകകള്‍ക്കോ അപകടകാരിയാവുകയോ, രക്ഷപെടുത്താന്‍ സാധിക്കാത്ത വിധം അവശമോ, രോഗാതുരമോ ആവുകയോ ചെയ്താല്‍, കാരണങ്ങള്‍ എഴുതി രേഖപ്പെടുത്തിയ ശേഷം അത്തരത്തിലുളള ഒരു മൃഗത്തെയോ ഒരു നിശ്ചിത പ്രദേശത്തെ മൃഗങ്ങളുടെ കൂട്ടത്തെയോ വേട്ടയാടാന്‍ അനുമതി നല്‍കാം. വനൃമൃഗ ശല്യം പരിഹരിക്കാന്‍ നിരവധി സാധ്യതകളുളള ഒരു വകുപ്പാണിത്. രണ്ട് വകുപ്പുകളും തമ്മിലുളള വ്യത്യാസം (എ) ഉപവകുപ്പ് 1-ാം പട്ടികയിലെ മൃഗങ്ങള്‍ക്ക് മാത്രം ബാധകവും, അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമാണ്. മനുഷ്യജീവന് അപകടകരമാകുന്നതോ, അതിജീവിക്കാന്‍ ശേഷിയില്ലാത്തതോ ആയ, പ്രത്യേകമായി തിരിച്ചറിഞ്ഞ മൃഗത്തിന് മാത്രമേ ഈ വകുപ്പ് ബാധകമാക്കാന്‍ സാധിക്കൂ. എന്നാല്‍ (ബി) ഉപവകുപ്പ് 2-ാം പട്ടികയിലെ മൃഗങ്ങള്‍ക്കാണ് ബാധകം. മനുഷ്യജീവന് പുറമേ, വിളകളും വസ്തുക്കളും നശിപ്പിക്കുന്ന 2-ാം പട്ടികയിലെ മൃഗങ്ങളെയോ, ഒരു പ്രദേശത്തെ അത്തരം മൃഗങ്ങളുടെ കൂട്ടത്തെയോ, വേട്ടയാടാന്‍ ഈ ഉപവകുപ്പ് അധികാരം നല്‍കുന്നു. ഏറ്റവും പ്രധാനം ഈ അധികാരം സര്‍ക്കാര്‍ പ്രത്യേകമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും നിർവഹിക്കാമെന്നുളളതാണ്. പ്രത്യേകമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ എന്നാല്‍ വന്യജീവി സംരക്ഷണ നിയമത്തിലെ 4(1)(ബി.ബി) വകുപ്പ് പ്രകാരം സര്‍ക്കാരിന് നിശ്ചിത കാലത്തേക്ക് നിയമിക്കാവുന്ന ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും ഉള്‍പ്പെടും. പഞ്ചായത്ത് പ്രസിഡണ്ട്/മുനിസിപ്പല്‍ ചെയര്‍മാന്‍മാരെ അതാത് പ്രദേശത്ത് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായി സര്‍ക്കാരിന് ചുമതലപ്പെടുത്താം.
സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും
ഇന്ന് ഏറ്റവും അധികം കൃഷി നശിപ്പിക്കുന്നത് ആന, കാട്ടുപന്നി, കുരങ്ങ്, മാന്‍, എന്നിവയും, കന്നുകാലികളെ കൊന്നൊടുക്കുന്നത് കടുവയുമാണ്. ഇവയില്‍ ആനയും, കടുവയും പുളളിമാന്‍ ഒഴികെയുളള മാനുകളും, 2023 ല്‍ വന്ന ഭേദഗതിപ്രകാരം നമ്മുടെ നാട്ടിലെ കുരങ്ങും (Bonet Macaque) പട്ടിക 1-ല്‍പ്പെടുന്നു. വനത്തിന് പുറത്തെത്തി കൃഷി നശിപ്പിക്കുന്ന 2-ാം പട്ടികയില്‍പെടുന്ന കാട്ടുപന്നികളെയും, പുളളി മാനുകളെയും വേട്ടയാടാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് സാധിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ 2(16) വകുപ്പ് പ്രകാരം വേട്ട എന്നതിന്‍റെ നിര്‍വ്വചനത്തില്‍ കുരുക്കില്‍പെടുത്തുക, കെണിയില്‍പ്പെടുത്തുക എന്നതെല്ലാം ഉള്‍പ്പെടുന്നതിനാല്‍ വനത്തിന് പുറത്തെത്തി ശല്യക്കാരായി മാറുന്ന ഇത്തരം മൃഗങ്ങളെ ഇല്ലാതാക്കാന്‍ വെടിവെച്ച് കൊല്ലുക എന്ന മാര്‍ഗം മാത്രം അവലംബിക്കേണ്ടതില്ല. ഈ അനുമതി ആവശ്യമനുസരിച്ച് നിശ്ചിത കാലത്തേക്കും നിശ്ചിത സ്ഥലത്തേക്കുമായി പരിമിതപ്പെടുത്തി നിയന്ത്രിക്കാവുന്നതാണ്. കൊല്ലപ്പെട്ട മൃഗത്തെ സര്‍ക്കാര്‍ മുതലായി കണക്കാക്കുമെന്നതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാന്‍ നിയമം കര്‍ഷകര്‍ക്ക് ലളിതമായ വ്യവസ്ഥകള്‍ നല്‍കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത്, നിലവിലെ ലളിതമായ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കാത്തത് കൂടി മനസ്സിലാക്കിയാവണം.
ആന, കടുവ, തുടങ്ങി പട്ടിക 1-ല്‍പെട്ട മൃഗങ്ങള്‍ വനത്തിന് പുറത്തിറങ്ങി അപകടകാരികള്‍ ആവുമ്പോഴും നിയമപ്രകാരം പ്രതിവിധിയുണ്ട്. ഇത്തരം മൃഗങ്ങള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം പതിനൊന്നാം വകുപ്പിന്‍റെ 1(എ) വകുപ്പ് ഉപയോഗിക്കാന്‍ സാധിക്കും. പട്ടിക 1-ല്‍പ്പെട്ട മൃഗങ്ങളെ വേട്ടയാടാന്‍ അധികാരം നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മാത്രമാണ് അധികാരം. ഈ നിയമത്തിന്‍റെ ഒരു പരിമിതി പട്ടിക ഒന്നിൽപ്പെട്ട മൃഗം വസ്തുവകകളോ, വിളകളോ നശിപ്പിച്ചാലും അതിനെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സ്വയമേ അനുമതി നല്‍കാന്‍ അധികാരമില്ല എന്നുളളതാണ്. പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനാ വിരുദ്ധമാണ് ഈ വകുപ്പ്. 11(1) വകുപ്പ് മനുഷ്യ ജീവനോ, ആ മൃഗത്തിന്‍റെ തന്നെ ജീവനോ, ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അദ്ദേഹത്തിനുണ്ടാകുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍, വേണമെങ്കില്‍ മാത്രം വിവേചനാധികാരം ഉപയോഗിച്ച് അധികാരം വിനിയോഗിക്കാനുളള വകുപ്പാണ്. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ ഈ അധികാരം വിനിയോഗിക്കൂ. എന്നാല്‍ ഇവിടെയും ഒരു പോംവഴിയുണ്ട്. ഇതേ നിയമത്തിലെ 4(2) വകുപ്പ് പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നില്‍ അര്‍പ്പിതമായ എല്ലാ ചുമതലകളും അധികാര വിനിയോഗവും നിർവഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന പൊതുവായതോ, പ്രത്യേകമായതോ ആയ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി മാത്രമായിരിക്കണം. ഈ വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന്‍ ബാധ്യസ്ഥനാണ്.
ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരെ നിയമിക്കാനുളള നിര്‍ദ്ദേശ തത്വങ്ങളുടെ 13(ഇ) വകുപ്പ് പ്രകാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് വന്യമൃഗങ്ങള്‍ ജീവനും സ്വത്തുക്കള്‍ക്കും വരുത്തുന്ന നാശനഷ്ടം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാവും. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് കാടിന് പുറത്ത് ജനവാസ മേഖലയില്‍ ജീവനോ, സ്വത്തിനോ നാശനഷ്ടം വരുത്തുന്ന ഷെഡ്യൂള്‍ ഒന്നില്‍പെട്ട ആനയും, കടുവയും അടക്കമുളള വന്യമൃഗത്തെ അടിയന്തരമായി പിടികൂടാനോ വെടിവെച്ച് കൊല്ലാനോ ഉളള ഉത്തരവ് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് സംസ്ഥാന സര്‍ക്കാരിന് ആവശ്യപ്പെടാവുന്നതും, ആ ഉത്തരവ് നടപ്പാക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബാധ്യസ്ഥനാവുന്നതുമാണ്. മനുഷ്യജീവന് ഭീഷണിയാവുന്നത് എന്ന വ്യവസ്ഥയ്ക്ക് സാധൂകരണം തേടുമ്പോള്‍ മനുഷ്യര്‍ക്ക് ജീവിക്കാനുളള മൗലിക അവകാശം സംബന്ധിച്ച് (ൃശഴവേ ീേ ഹശളല )സുപ്രീം കോടതിയുടെ പ്രസക്തമായ നിരവധി വിധിന്യായങ്ങള്‍ ഉദ്ധരിക്കാന്‍ സാധിക്കും. വന്യമൃഗം കാടിന് പുറത്തിറങ്ങി കൃഷി നശിപ്പിക്കുന്നത് കര്‍ഷകന്‍റെ ജീവിക്കാനുളള മൗലിക അവകാശത്തിന്‍റെ ലംഘനമാണ്. ഇതും സര്‍ക്കാരിന് പരിഗണിക്കാവുന്ന കാര്യമാണ്. കാടിന് പുറത്തിറങ്ങി മനുഷ്യജീവനോ, കൃഷിക്കോ അപകടകാരിയായ 1-ാം പട്ടികയില്‍ ഉള്‍പ്പെട്ട മൃഗത്തെ പിടികൂടാനോ, വെടിവെച്ച് കൊല്ലാനോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കാന്‍ വനംവകുപ്പ് മന്ത്രിക്ക് വിപുലമായ അധികാരങ്ങള്‍ ഉണ്ട് എന്നും അത് ഫലപ്രദമായി വിനിയോഗിക്കാനുളള മാര്‍ഗ്ഗങ്ങളുണ്ടെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. കടുവയെ പിടികൂടുന്നതിന് കടുവ സംരക്ഷണ അതോറിറ്റിയുടെ ചില നിര്‍ദ്ദേശങ്ങള്‍ കൂടിയുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വന്യജീവി സംരക്ഷണ നിയമത്തിലെ 4(1) വകുപ്പ് പ്രകാരമുളള അധികാരങ്ങള്‍ക്ക് മുകളിലോ വിപരീതമോ അല്ല. അവ സമയബന്ധിതമായി നടപ്പാക്കാന്‍ സാധിക്കുന്നതുമാണ്.
പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ മൃഗങ്ങള്‍ക്കും വന്യജീവി എന്ന പദവി ലഭിക്കുമോ?
1972 ലെ വന്യജീവി സംരക്ഷണ നിയമം നിര്‍മിച്ചവര്‍ അതീവ ശ്രദ്ധയോടെയൊണ് ഈ വിഷയം കൈകാര്യം ചെയ്തത് എന്ന് കാണാം. 2-ാം വകുപ്പിന്‍റെ 36,37 ഉപവകുപ്പുകളിലായി വന്യമൃഗം, വന്യജീവി എന്നിവയെ വെവ്വേറെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്. 2(36) വകുപ്പ് പ്രകാരം വന്യമൃഗം എന്നാല്‍ 1 ഉം 2 ഉം പട്ടികയില്‍ ചേര്‍ത്തതും പ്രകൃത്യാവന്യമായി കാണപ്പെടുകയും ചെയ്യുന്ന മൃഗമാണ്. 2(37)ാം വകുപ്പില്‍ വന്യജീവിയെ എന്നാല്‍ ഏതെങ്കിലും ആവാസ കേന്ദ്രത്തിന്‍റെ ഭാഗമായ മൃഗമോ, കരയിലെയോ, ജലത്തിലെയോ സസ്യജാലമോ, ഉള്‍പ്പെടും എന്ന് നിര്‍വചിച്ചിരിക്കുന്നു. 2(15) വകുപ്പില്‍ ആവാസകേന്ദ്രം എന്നാല്‍ ഏതെങ്കിലും വന്യമൃഗത്തിന്‍റെയോ, പ്രത്യേകമായി പറഞ്ഞ സസ്യത്തിന്‍റെയോ, സ്വാഭാവിക വാസസ്ഥലമായ കരയോ, ജാലമോ, സസ്യജാലമോ ഉള്‍പ്പെടും എന്നും നിർവചിച്ചിരിക്കുന്നു.
ഒരു വന്യമൃഗത്തിന്‍റെ പ്രകൃത്യാ ഉളള സ്വാഭാവിക വാസസ്ഥലം അതിന്‍റെ കാടാണ്. വന്യമൃഗത്തിന്‍റെ ആവാസകേന്ദ്രത്തിന്‍റെ നേര്‍ വിപരീതം മനുഷ്യന്‍റെ ആവാസ കേന്ദ്രമാണ്. ഇവ തമ്മിലുളള കൂടിച്ചേരല്‍ പ്രകൃതിവിരുദ്ധവുമാണ്. വന്യജീവി സംരക്ഷണ നിയമം വന്യജീവിയുടെ ആവാസ കേന്ദ്രത്തില്‍ അതിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. വന്യജീവി സംരക്ഷണ നിയമത്തിന് 2022-ല്‍ കൊണ്ട് വന്ന ഭേദഗതിയോടെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ആമുഖത്തില്‍ 2022-ലെ ഭേദഗതിക്ക് മുമ്പ്, നിയമത്തിന്‍റെ നിയമത്തിന്‍റെ ഉദ്ദേശമായി പറഞ്ഞിരുന്നത് രാജ്യത്തിന്‍റെ ജൈവമണ്ഡലപരവും, പാരിസ്ഥിതികവുമായ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കാഴ്ചപ്പാടോടെ വന്യമൃഗങ്ങളെയും, പക്ഷികളെയും സസ്യങ്ങളെയും സംരക്ഷിക്കാനും, അതുമായി ബന്ധപ്പെട്ടതും അനുബന്ധമായതും അതില്‍ നിന്ന് ഉരുത്തിരിയുന്നതുമായ കാര്യങ്ങള്‍ക്ക് വേണ്ടിയും കൊണ്ടുവന്ന നിയമം എന്നാണ്. എന്നാല്‍ 2022-ലെ ഭേദഗതിയില്‍ ഇതിലെ വന്യമൃഗങ്ങളുടെയും, പക്ഷികളുടെയും, സസ്യങ്ങളുടെയും എന്ന ഭാഗം ഒഴിവാക്കി പകരം വന്യജീവികളുടെ പരിപാലനത്തിനും, സംരക്ഷണത്തിനും, മാനേജ്മെന്‍റിനും എന്നാക്കി മാറ്റി.
നയപരമായ വലിയ മാറ്റമാണ് ഇതിലൂടെ കൊണ്ട് വന്നത്. വന്യമൃഗത്തിന് പ്രത്യേകമായി ലഭിച്ചിരുന്ന പരിരക്ഷ ഇതോടെ വന്യജീവി എന്ന വിശാല നിര്‍വ്വചനത്തിനുളളിലേക്ക് മാറ്റപ്പെട്ടു. ഇതോടെ 2(37), 2(16) വകുപ്പുകള്‍ക്ക് കൂടുതല്‍ പ്രസക്തി കൈവരികയും, സങ്കേതത്തിനുളളില്‍ (കാട്ടില്‍ ) കാണപ്പെടുന്ന വന്യമൃഗവും അതിന് പുറത്തുളള വന്യമൃഗവും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റം ഫലപ്രദമായി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം.
സംസ്ഥാന സര്‍ക്കാരിന് വ്യക്തത വരുത്താമോ?
അതിനുളള വഴിയും നിയമത്തിലുണ്ട്. ഒന്നും രണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രം ഒരു മൃഗം വന്യമൃഗം അല്ലെന്നും അതാവണമെങ്കില്‍ 2(16) വകുപ്പ് പ്രകാരം വന്യപ്രകൃതിയില്‍ കാണപ്പെടുന്നതുകൂടിയാവണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വന്യപ്രകൃതിയില്‍ കാണപ്പെടുന്നത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. വന്യജീവിസംരക്ഷണ നിയമത്തിന്‍റെ 64(2) (എച്ച്) വകുപ്പ് പ്രകാരം, 64-ാം വകുപ്പിന്‍റെ 2-ാം ഉപവകുപ്പില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ കൂടാതെ, ഈ നിയമത്തില്‍ പ്രതിപാദിക്കേണ്ടതോ പ്രതിപാദിക്കാവുന്നതോ ആയ, 64(2) വകുപ്പില്‍ പ്രത്യേകമായി പറഞ്ഞിട്ടില്ലാത്ത മറ്റ് എന്ത് കാര്യം സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിന് ചട്ടങ്ങളുണ്ടാക്കാം. 2(37) വകുപ്പ് പ്രകാരം വന്യ പ്രകൃതിയില്‍ കാണപ്പെടുക എന്നാല്‍ എന്താണ് എന്ന് വിശദീകരിച്ച് കൊണ്ടും ആയതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടും സംസ്ഥാന സര്‍ക്കാരിന് ചട്ടങ്ങള്‍ നിർമിക്കാനാവും. സ്വാഭാവിക ആവാസ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങി, മനുഷ്യ ആവാസകേന്ദ്രത്തില്‍ സ്ഥിര സാന്നിധ്യമാവുകയും, മനുഷ്യരുടെയും, കന്നുകാലികളുടയെും, ജീവനും, കൃഷിക്കും ഭീഷണിയാവുകയും ചെയ്യുന്ന, വന്യജീവി സംരക്ഷണ നിയമത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ട മൃഗങ്ങളെ വന്യമ്യഗം എന്ന നിര്‍വ്വചനത്തില്‍ നിന്നും ഒഴിവാക്കി, അവയെ ഉചിതമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും.
64 (2) ഡി.ഡി. എന്ന വകുപ്പ് ഏത് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ ഉദ്ദ്യോഗസ്ഥരെ അധികാരപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ചട്ടങ്ങള്‍ നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരമാണ്. വനത്തിന് പുറത്തിറങ്ങി മനുഷ്യജീവനോ, കൃഷിക്കോ നാശമുണ്ടാക്കുന്ന ആ കാരണത്താല്‍ സ്വഭാവ മാറ്റം വന്ന്, പ്രകൃത്യായുള്ള വന്യത നഷ്ടപ്പെട്ട വന്യമൃഗത്തിന് വന്യമൃഗം എന്ന പദവി നഷ്ടപ്പെടും എന്നും ആയതിനാല്‍ ആ മൃഗത്തിനെതിരെ ഉണ്ടാകുന്ന ആക്രമങ്ങള്‍ക്ക് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരം കേസ് എടുക്കാനാവില്ല എന്ന് ചട്ടമുണ്ടാക്കാനാകും. മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരത തടയുന്ന നിയമം ഈ മൃഗങ്ങള്‍ക്ക് ബാധകമാക്കിയാല്‍ ഇത്തരത്തിലുളള മൃഗങ്ങളെ പിടികൂടുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായിരിക്കാനും ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നത് ഒഴിവാക്കാനും സാധിക്കും.
പരിസ്ഥിതി സംരക്ഷണം വന്യമൃഗ കേന്ദ്രീകൃതം ആവണമെന്ന കാഴ്ചപ്പാട് മാറാന്‍ സമയമായിരിക്കുന്നു. മാധവ് ഗാഡ്ഗിലിനെ പോലുളള പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഈ അഭിപ്രായക്കാരാണ്. ഒരുപടി കൂടി കടന്ന് വന്യജീവികളെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഒരു വിഭവമായി കണക്കാക്കണമെന്ന അഭിപ്രായം കൂടി അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. വന്യമൃഗങ്ങളും, വന്യജീവികളും അതിന്‍റെ പ്രകൃത്യായുള്ള ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കപ്പെടുകയും അതിന് നിലവിലുളള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും വേണം. എന്നാല്‍ സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്ന് സ്വയം പുറത്ത് കടക്കുകയും ജനവാസ കേന്ദ്രത്തിലെത്തി തിരികെ പോകാതെ മനുഷ്യര്‍ക്കിടയില്‍ നാശനഷ്ടം വിതയ്ക്കുകയും ചെയ്യുന്ന ഒരു വന്യമൃഗം, വന്യമൃഗ സംരക്ഷണ നിയമപ്രകാരമുളള സംരക്ഷണത്തിന് അര്‍ഹമല്ല. അത്തരം സാഹചര്യങ്ങളില്‍ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. കാടിന് പുറത്ത് വന്യജീവികള്‍ കൊല്ലപ്പെടുന്നതിനെ അതിവൈകാരികതയോടെയും അവയാല്‍ മനുഷ്യന്‍ കൊല്ലപ്പെടുകയും അവരുടെ കൃഷികള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനെ മുന്‍വിധിയോടെയും അല്ല സമീപിക്കേണ്ടത്.
കാടിനുളളില്‍ തന്നെ ഭക്ഷ്യ ശൃംഖലയുടെ ഭാഗമായി നിരവധി വന്യജീവികളാണ് ദിവസേന കൊല്ലപ്പെടുന്നത്. നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുളള പരിഹാരനടപടികളിലേക്കാണ് സര്‍ക്കാരും, കര്‍ഷകരും, പരിസ്ഥിതി സംഘടനകളും യോജിച്ച് നീങ്ങേണ്ടത്. വനത്തിന് പുറത്തുളള നിയന്ത്രിതവും പരിമിതവുമായ വേട്ട ചില ഘട്ടങ്ങളില്‍ അനിവാര്യമാണ്. അതിനെതിരെയുളള യഥാര്‍ത്ഥ്യ ബോധമുള്‍ക്കൊളളാത്ത വൈകാരിക പ്രതികരണങ്ങളില്‍ സര്‍ക്കാര്‍ വശവദമാകരുത്. മൃഗവേട്ട മനുഷ്യവംശത്തിന്‍റെ ഇന്നോളമുളള ചരിത്രത്തിന്‍റെ ഭാഗവുമാണ്. കൊല്ലപ്പെടുന്ന വന്യമൃഗങ്ങളുടെ ഇറച്ചി കഴുകന്‍ പോലുളള ജീവികള്‍ക്ക് എത്തിച്ച് കൊടുക്കുന്ന വള്‍ച്ചര്‍ റസ്റ്റോറന്‍റ് പോലും വനം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. വിഭവശേഷിയില്‍ പരിമിതികളുളള, വനം വകുപ്പ് ഉദ്ദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്ന, അശാസ്ത്രീയമായതും, നിയമം വേണ്ട രീതിയില്‍ വ്യാഖ്യാനം ചെയ്ത് ഉപയോഗിക്കാത്തതുമായ ഇപ്പോഴത്തെ നടപടികളിലാണ് മാറ്റം വരേണ്ടത്. സമീപകാലത്ത് രൂപപ്പെട്ട തീവ്ര വന്യമൃഗപ്രണയം എന്ന പ്രവണതയാലും വനസമീപ പ്രദേശങ്ങളിലെ കര്‍ഷകരെകുറിച്ചുളള വിദ്വേഷാത്മകമായ മുന്‍ധാരണകളാലും നയിക്കപ്പെടുന്നവരുടെ ആശയങ്ങള്‍ സര്‍ക്കാരിന്‍റെ നയത്തിലും നടപടികളിലും പ്രതിഫലിക്കാന്‍ പാടില്ല. വനത്തിന് പുറത്തെത്തി നാശം വിതക്കുന്ന വന്യജീവികളെ പ്രതിരോധിക്കാന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ തന്നെയുളള വ്യവസ്ഥകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇതുതന്നെയാണ് കേരള ഹൈക്കോടതിയും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയും പറയാതെ പറഞ്ഞതും.