കാൽവിരലിൽ നല്ല കടി കിട്ടും! മെഡിറ്ററേനിയൻ ദ്വീപിൽ ടോ ബൈറ്റേഴ്‌സ് കീടങ്ങൾ പെരുകുന്നു
Mail This Article
കാൽവിരലുകളിൽ അതിവേദനയുണ്ടാക്കുന്ന തരത്തിൽ കടിക്കുന്ന കീടങ്ങൾ മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസിൽ വർധിക്കുന്നതായി പഠനം. ടോ ബൈറ്റേഴ്‌സ് എന്ന പേരിലും അറിയപ്പെടുന്ന, ജലജീവികളായ ഈ കീടങ്ങൾ ലെഥോസെറസ് എന്ന ജനുസ്സിൽപെടുന്നവയാണ്. ജയന്റ് വാട്ടർ ബഗ്‌സ് എന്നറിയപ്പെടുന്ന, 12 സെന്റിമീറ്റർ വരെ വളരുന്ന ഈ കീടങ്ങളെ നീന്തൽക്കാരുടെ സഹായത്തോടെ ഗവേഷകരാണു കണ്ടെത്തിയത്.
സൈപ്രസ് ദ്വീപിന്റെ കിഴക്കൻ തീരത്തായാണ് ഇവയുള്ളതെന്നാണ് ഗവേഷകർ പറയുന്നു. ലോകത്തെമ്പാടും കുളങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെ ഇവയെ കാണാറുണ്ട്. പ്ലയർ പോലുള്ള ശരീരഘടന ഉപയോഗിച്ചാണ് ഇവ കടിക്കുന്നത്, എന്നിട്ടു വിഷമയമുള്ള ഉമിനീർ വഴി ഇരയെ ചലനമില്ലാതെയാക്കും.
ബീച്ചുകളിലും മറ്റും പോകുന്നവവരുടെ കാലിൽ ഇവ കടിക്കാറുണ്ട്. അങ്ങനെയാണ് ടോ ബൈറ്റേഴ്‌സ് എന്ന പേരു കിട്ടിയത്. അതിവേദനയുണ്ടാക്കുന്ന കടിയാണ് ഇവയുടേതെങ്കിലും ഇതു മനുഷ്യർക്കു വലിയ ഹാനികരമൊന്നുമല്ല. മനുഷ്യരെ കൊല്ലാനോ മറ്റേതെങ്കിലും രീതിയിൽ പ്രശ്‌നമുണ്ടാക്കാനോ ഉള്ള വിഷമൊന്നും ഇവയ്ക്കില്ല.
തുർക്കി, ലബനൻ, ഇസ്രയേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും സൈപ്രസിൽ ആദ്യമായാണ് ഇവയെ കണ്ടെത്തിയത്. ലെഥോസെറസ് പാട്രുവെലിസ് എന്ന സ്പീഷീസിൽപെടുന്ന കീടങ്ങളെയാണ് ഇപ്പോൾ സൈപ്രസിൽ നിന്നു കണ്ടെത്തിയത്. എന്നാൽ ലെഥോസെറസ് കുടുംബത്തിൽതന്നെയുള്ള മറ്റു കീടങ്ങളും ഇവിടെയുണ്ടെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സമീപരാജ്യങ്ങളിൽ നിന്ന് ഇവ പറന്നെത്തിയതാണെന്നു പഠനം പറയുന്നു. കാറ്റിൽപെട്ടു വന്നതോ സൈപ്രസ് തീരത്തെ പ്രകാശത്തിൽ ആകൃഷ്ടരായി വന്നതോ ആകാം.
മെഡിറ്ററേനിയൻ കടലിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപായ സൈപ്രസിൽ ഉത്തരഭാഗത്തു തുർക്കിയോട് ആഭിമുഖ്യവും ദക്ഷിണഭാഗത്ത് ഗ്രീസിനോട് ആഭിമുഖ്യവും പുലർത്തുന്ന ഭരണകൂടങ്ങളാണുള്ളത്. മെഡിറ്ററേനിയനിലെ വലിയൊരു വിനോദസഞ്ചാരമേഖലയാണ് ഈ ദ്വീപ്.