അകത്ത് ഭൂഗർഭ നദികളും ഫോസിലുകളും; വനം രൂപപ്പെടുന്നു: അദ്ഭുതഗുഹയുടെ കവാടം കണ്ടെത്തിയത് 2008ൽ
Mail This Article
ലോകത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിപരമായ അദ്ഭുതങ്ങളിൽ ഒന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായ ഇതിൽ ഒരു പരിസ്ഥിതി സംവിധാനം തന്നെ സ്ഥിതി ചെയ്യുന്നു.1990ൽ ആണ് ഈ ഗുഹ കണ്ടെത്തപ്പെട്ടത്. നാട്ടുകാരനായ ഹൊ ഖാൻഹ് എന്നയാളാണ് ഈ കണ്ടെത്തൽ നടത്തിയത്. ഹോ ഖാൻഹ് ഗുഹയിലെത്തിയപ്പോൾ അതിനുള്ളിൽ നിന്നു മേഘങ്ങൾ പുറത്തുവരുന്നതിന്റെയും അകത്ത് നദിയൊഴുകുന്നതിന്റെയും ശബ്ദം കേട്ടു.
എന്നാൽ പ്രദേശത്തെത്തിയ ബ്രിട്ടിഷ് ഗുഹാപര്യവേക്ഷകരോട് ഹോ ഖാൻഹ് ഇക്കാര്യം പറഞ്ഞിരുന്നു. ഈ ഗുഹയുടെ കവാടത്തിൽ തങ്ങളെ എത്തിക്കാൻ വിദഗ്ധർ ഹോ ഖാൻഹിനോട് ആവശ്യപ്പെട്ടു. എന്നാൽ നീണ്ട തിരച്ചിൽ നടത്തിയിട്ടും ഖാൻഹിന് അതു സാധിച്ചില്ല. ഒടുവിൽ 2008ൽ ആണ് ഗുഹാകവാടം അദ്ദേഹം കണ്ടെത്തിയത്. 2009ൽ ഇവിടെ പര്യവേക്ഷണ സംഘമെത്തി.
9 കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന ഈ ഗുഹയുടെ പ്രധാനപാതയ്ക്ക് തന്നെ 5 കിലോമീറ്റർ നീളമുണ്ട്. ഗുഹയുടെ മേൽക്കൂര രണ്ടിടത്ത് തകർന്നതിനാൽ സൂര്യപ്രകാശം ഇതിനുള്ളിലെത്തും. ഈ ഗുഹയ്ക്കുള്ളിൽ ഭൂഗർഭ നദികളും അതിപ്രാചീനമായ ഫോസിലുകളും, മത്സ്യങ്ങളും കീടങ്ങളും ചെടികളും മരങ്ങളുമെല്ലാമുണ്ട്. 20 മുതൽ 50 വർഷം വരെ പഴക്കം ഇതിനുണ്ടെന്നു കരുതപ്പെടുന്നു.
ഗുഹയിലെ ഭൂഗർഭനദിയുടെ സാന്നിധ്യം മൂലം ഇതിനുള്ളിൽ ഒരു വനം വളരുന്നു. അതിനാൽ തന്നെ ഈ ഗുഹയ്ക്ക് സ്വന്തം നിലയ്ക്ക് കാലാവസ്ഥയുമുണ്ട്.
പല്ലിമനുഷ്യരുമായി സാമ്യമുള്ള ജീവികളെ ഇവിടെ കണ്ടെത്തിയെന്നുള്ള വാദങ്ങൾ കഴിഞ്ഞ കുറച്ചുകാലങ്ങളായുണ്ട്. ഭൂമിയിൽ പല്ലിമനുഷ്യർ വസിക്കുന്ന ഇടങ്ങളിലൊന്നായി വിവിധ ഗൂഢവാദ സിദ്ധാന്തക്കാർ ഈ നിഗൂഢഗുഹയെ കണക്കാക്കുന്നു. ഇതിനൊന്നും ശാസ്ത്രീയമായ പിൻബലമില്ലെങ്കിൽ പോലും. പല്ലിമനുഷ്യർ അഥവാ ഉരഗമനുഷ്യർ ഗൂഢവാദ സിദ്ധാന്തക്കാരുടെ ഒരു സങ്കൽപമാണ്. ഉരഗവർഗത്തിലെ കുറേ ബുദ്ധികൂടിയ ജീവികൾ മനുഷ്യരുടെ പുറംവേഷം ധരിച്ച് ഭൂമിയിൽ കഴിയുന്നെന്നാണ് ഇവർ വിശ്വസിക്കുന്നത്.
മധ്യ വിയറ്റ്നാമിലെ ക്വാങ് ബിങ് പ്രവിശ്യയിലാണ് ഈ ഗുഹ. ആദ്യകാലത്ത് ഈ ഗുഹയിലേക്കു പ്രവേശനം അനുവദിച്ചിരുന്നില്ലെങ്കിലും പിൽക്കാലത്ത് അനുവദിച്ചു തുടങ്ങി. ഓക്സാലിസ് അഡ്വഞ്ചർ എന്ന ഒരു കമ്പനിക്ക് മാത്രമാണ് ഇതിനുള്ളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനുള്ള അനുമതിയുള്ളത്. ഈ ഗുഹയ്ക്കുള്ളിൽ വളരെ വിചിത്രരായ ചില ജീവികൾ വസിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഈ വാദത്തെ ഗൂഢവാദ സിദ്ധാന്തക്കാർ വളരെ സീരിയസായി എടുത്തു. റെപ്റ്റീലിയൻസ് ആണ് ഗുഹയിൽ താമസിക്കുന്നതെന്ന സിദ്ധാന്തം പരക്കാനിടയായത് ഇതോടെയാണ്.
വിയറ്റ്നാമിന്റെ അയൽരാജ്യമായ ലാവോസിലും പ്രശസ്തമായ ഗുഹകളുണ്ട്. ഇതിൽ വളരെ പ്രശസ്തമാണ് കോബ്ര കേവ് എന്ന ഗുഹ. ലാവോസിലെ അന്നാമൈറ്റ് പർവതനിരകളിലാണ് ഈ ഗുഹ. രാജ്യത്തിന്റെ തലസ്ഥാനനഗരമായ വിയന്റൈനിൽ നിന്നു 260 കിലോമീറ്റർ ദൂരെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് 1.64 ലക്ഷം വർഷങ്ങൾ പഴക്കമുള്ള പല്ല് ശാസ്ത്രജ്ഞർക്കു കിട്ടി. ഒടുവിൽ പഠനങ്ങൾക്കവസാനം ഈ പല്ല് ഡെനിസോവർ എന്ന ആദിമകാല നരവംശത്തിലെ അംഗങ്ങളുടേതാണെന്നു തെളിഞ്ഞു.