യാത്രയുടെ ഓർമയ്ക്ക് ഒരു പിടി മണലെടുത്താൽ ലക്ഷങ്ങൾ പിഴ! ഇതാ, പൊന്നും വിലയുള്ള ബീച്ച്
Mail This Article
ബീച്ചിലെത്തുന്നവർ ഏറെ ആകർഷിക്കുന്ന ഒന്നാണ് അവിടത്തെ കല്ലുകളും മണലുമെല്ലാം. നല്ല ഭംഗിയുള്ള ഉരുളൻ കല്ലുകൾ കിട്ടിയാൽ അത് ഭാഗിലാക്കി വീട്ടിലെത്തിക്കുന്നവരുമുണ്ട്. എന്നാൽ വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തെ കാനറി ദ്വീപിലുള്ള (Canary Islands) ലാൻസറോട്ടിലെ ബീച്ചിലെയും ഫ്യൂർട്ടെവെൻചുറ ബീച്ചിലെയും മണൽത്തരികളോ കല്ലോ എടുത്താൽ ലക്ഷങ്ങൾ പിഴകൊടുക്കേണ്ടി വരും. മണൽ, പാറകൾ, കല്ലുകൾ എന്നിവ പിടിച്ചെടുത്താൽ 2.69 ലക്ഷം രൂപവരെയാണ് പിഴ.
വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെതീരത്ത് പടിഞ്ഞാറൻ സഹാറയ്ക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന സ്പാനിഷ് ദ്വീപ് സമൂഹമാണ് കാനറി ദ്വീപുകൾ. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ തിരിച്ചുപോകുമ്പോൾ ഓർമയ്ക്കായി ഒരു പിടി മണൽ കൊണ്ടുപോയി തുടങ്ങി. ഇങ്ങനെ വർഷാവർഷം തുടർന്നതോടെ ലാൻസറോട്ടിലെ ഫ്യൂർട്ടെവെൻചുറയിലെയും മണൽ ഗണ്യമായി കുറഞ്ഞു. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ സർക്കാർ പിഴ ഈടാക്കാൻ തീരുമാനിച്ചു. കൊടുംവരൾച്ചയെ തുടർന്ന് സ്പാനിഷ് ദ്വീപായ ടെനറിഫിലിൽ സർക്കാർ ജല അടിയന്തര പ്രഖ്യാപിച്ചിരിക്കുകയാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ മൊണ്ടാനാസ് ഡെൽ ഹ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ ഭാഗമായി ലാവ, സ്കോറിയ, ചാരം എന്നിവയാൽ സമ്പന്നമാണ് ലാൻസറോട്ട് ദ്വീപ്. 806 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപിൽ എത്തുന്നവർ ഓർമയ്ക്കായി അഗ്നിപർവത വസ്തുക്കൾ കൊണ്ടുപോകാറുണ്ട്. കറുത്ത മണ്ണിനാണ് കൂടുതൽ ഡിമാൻഡ്. ഓരോ വർഷവും ഒരു ടണ്ണോളം വസ്തുക്കൾ വിനോദസഞ്ചാരികൾ കൊണ്ടുപോകുന്നുണ്ടെന്നും ഇത് ദ്വീപിന്റെ ആവാസവ്യസ്ഥ തകർക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.