ഒരു ബീച്ച് മുഴുവൻ മനോഹരമായ ഗ്ലാസ് കല്ലുകൾ! പറയാനുള്ളത് മാലിന്യം തള്ളലിന്റെ വലിയ കഥ
Mail This Article
കുപ്പയ്ക്കുള്ളിൽ മാണിക്യമെന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. ഏതു മോശം കാര്യത്തിലും മനോഹരമായ മറ്റൊന്ന് ഒളിഞ്ഞിരിക്കാം എന്നാണ് ഈ വാക്യത്തിന്റെ സാരം. യുഎസിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കലിഫോർണിയ. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനവും ഏറ്റവും വലിയ മൂന്നാമത്തെ സംസ്ഥാനവും ഇതുതന്നെയാണ്.
കലിഫോർണിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് ഗ്ലാസ് ബീച്ചാണ്. ഈ കടൽത്തീരം കാണാൻ അനേകം സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. പൂർണമായും പ്രകൃതിനിർമിതമല്ല ഗ്ലാസ് ബീച്ച്. അതിനു പിന്നിൽ ഒരു കഥയുണ്ട്. കടൽത്തീരം നിറഞ്ഞുകിടക്കുന്ന സ്ഫടികക്കല്ലുകളാണ് ഈ ബീച്ചിലെ പ്രധാന ആകർഷണം. ഇവ ഇവിടെ എങ്ങനെ വന്നു.
കലിഫോർണിയയിൽ ഈ ബീച്ചിന്റെ സമീപത്തു സ്ഥിതി ചെയ്യുന്ന ഫോർട്ട് ബ്രാഗ് മേഖലയിലെ നിവാസികൾ ഈ ബീച്ചൊരു മാലിന്യവസ്തു തള്ളുന്ന പ്രദേശമായി മാറ്റിയിരുന്നു. കുപ്പിച്ചില്ലുകളായിരുന്നു ഈ മാലിന്യത്തിന്‌റെ നല്ലൊരു പങ്ക്. ഈ മേഖലയിൽ ഗ്ലാസ് മാലിന്യം തള്ളുന്നതിന്റെ തോത് നാൾക്കുനാൾ വർധിച്ചു വന്നു. 1967 ആയപ്പോഴേക്കും ഇവിടെ 3 തള്ളൽകേന്ദ്രങ്ങളുണ്ടായി. ഏതാണ്ട് ആ സമയത്ത് ക്യാംപെയ്‌നുകൾ നടക്കുകയും ഈ മേഖലയിലെ മാലിന്യം തള്ളൽ ആളുകൾ നിർത്തുകയും ചെയ്തു. പിന്നീട് കുറേക്കാലം. മാലിന്യത്തിലെ ജൈവ വസ്തുക്കൾ വിഘടിച്ചുപോയി. ഗ്ലാസ് അവശേഷിച്ചു.
നദികളിലും മറ്റുമുള്ള കല്ലുകൾ കണ്ടിട്ടില്ലേ. കാലങ്ങളായുള്ള ഒഴുക്ക് ഇവയെ പോളിഷ് ചെയ്ത് ഉപരിതലം മിനുസമുള്ളതാക്കും. ഇതേ പ്രതിഭാസം ഗ്ലാസ് ബീച്ചിലും സംഭവിച്ചു. പതിറ്റാണ്ടുകൾ തിരകൾ തലോടി കശക്കി അവിടെ കിടന്ന ഗ്ലാസ്മാലിന്യം രൂപാന്തരം പ്രാപിച്ചു. അവ മിനുസമുള്ള ഗ്ലാസ് പരലുകളായി ബീച്ച് നിറഞ്ഞു കിടക്കുന്നു.
ഇന്ന് ഗ്ലാസ് ബീച്ച് ഒരു സംരക്ഷിത മേഖലയാണ്. ഇവിടെ പോകാനും ഫോട്ടോയെടുക്കാനുമൊക്കെ വിനോദസഞ്ചാരികൾക്ക് അവസരമുണ്ട്. എന്നാൽ ഗ്ലാസ് ബീച്ചിലെ മിനുസക്കല്ലുകൾ എടുത്തുകൊണ്ട് പോകാനോ അവ നശിപ്പിക്കാനോ ശ്രമിക്കുന്നത് നടപടി ക്ഷണിച്ചുവരുത്തുന്ന കാര്യമാണ്.
ഭൂമിയിലെ മാലിന്യ നിക്ഷേപത്തിന്റെയും എല്ലാത്തിനെയും മനോഹരമാക്കുന്ന പ്രകൃതിയുടെ മഹിമയുടെയും ഉദാഹരണമായി ഗ്ലാസ് ബീച്ച് കലിഫോർണിയയിൽ നിലകൊള്ളുന്നു.