സൂര്യഗ്രഹണ സമയത്ത് ഭൂമിയിലെ ജീവികൾ വിചിത്രമായി പെരുമാറുമോ?
Mail This Article
ഭൂമി മറ്റൊരു സൂര്യഗ്രഹണത്തിനു കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സൂര്യഗ്രഹണം എക്കാലത്തും മനുഷ്യരുടെ ഭാവനകൾക്കും വിശ്വാസങ്ങൾക്കും നിറം പകരുന്ന പ്രതിഭാസമാണ്. ഇന്ന് സൂര്യഗ്രഹണത്തിന് പിന്നിലെ ശാസ്ത്രീയത മനുഷ്യർ കണ്ടെത്തിയെങ്കിൽ കൂടി, ആ സമയത്ത് ഭക്ഷണമോ വെള്ളമോ ഉപയോഗിക്കാത്ത നിരവധി പേർ ഇപ്പോഴുമുണ്ട്. മനുഷ്യരിൽ മാത്രമല്ല, മറ്റു ജീവികളിലും സൂര്യഗ്രഹണ സമയത്ത് ഇത്തരം വിചിത്ര പെരുമാറ്റങ്ങൾ ശാസ്ത്രലോകം നിരീക്ഷിച്ചിട്ടുണ്ട്.
തിങ്കളാഴ്ചത്തെ സൂര്യഗ്രഹണം വടക്കേ അമേരിക്കയിലാകും ഏറ്റവും വ്യക്തമായി ദൃശ്യമാവുക. സൂര്യനെ മറച്ച് ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലേക്ക് എത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുക. ഏതാണ്ട് അഞ്ച് മിനിറ്റാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കുക.
1851 ൽ സ്വീഡനിൽ, ഭക്ഷണവുമായി വരിവരിയായി നീങ്ങുകയായിരുന്ന ഉറുമ്പുകൾ സൂര്യഗ്രഹണം ആരംഭിച്ചതോടെ അക്ഷരാർത്ഥത്തിൽ മരവിച്ചുനിന്നു. 1932 ൽ അമേരിക്കയിലെ മാസച്യുസിറ്റ്സിൽ സൂര്യഗ്രഹണ സമയത്ത് ഒരു ഹോട്ടലിലെ പാൻട്രി മേഖല മുഴുവൻ പാറ്റകളെ കൊണ്ട് നിറഞ്ഞു. ഇതെല്ലാം ചെറിയ ജീവികളിൽ സൂര്യഗ്രഹണം എങ്ങനെ മാറ്റമുണ്ടാക്കി എന്നതിന് ഉദാഹരണമാണ്. പ്രാചീന മനുഷ്യരെപ്പോലെ ചില ജീവികളും അന്തരീക്ഷത്തിന്റെ അവസ്ഥ നോക്കിയാണ് തങ്ങളുടെ ജീവിതക്രമം നിശ്ചയിക്കുന്നത്.
ജീവികളിൽ ഉണ്ടാക്കുന്ന മാറ്റം
ചെറുജീവികളിൽ മാത്രമല്ല മറ്റു പക്ഷിമൃഗാദികളിലും സൂര്യഗ്രഹണം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് മനസ്സിലാക്കാനായി 1963, 2017 വർഷങ്ങളിൽ ഗവേഷകർ അമേരിക്കയിൽ സൂര്യഗ്രഹണ സമയങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. സൂര്യഗ്രഹണസമയത്ത് പക്ഷികൾ ചലിക്കില്ല, കാറ്റു വീശില്ല തുടങ്ങിയ ധാരണകള്‍ ഉണ്ടായിരുന്നു. എന്നാൽ 1960 ൽ നടത്തിയ പഠനത്തിൽ ചില പക്ഷികൾ ഈ സമയത്ത് പറക്കുന്നതായി കണ്ടെത്തി.
അതേസമയം 2017 ലെ പഠനത്തിൽ, ഇതിനു വിപരീതമായ ഒരു പ്രതിഭാസമാണ് നിരീക്ഷിച്ചത്. സൂര്യഗഹണത്തിനു മുൻപും പിൻപുമായി അൻപതു മിനിറ്റോളം ഒരു പക്ഷി പോലും പറക്കാൻ തയാറായില്ല. പ്രാണികളിലും സമാന സ്വഭാവമാണ് ഉണ്ടായത്.
ഈ വർഷത്തെ സൂര്യഗ്രഹണം
ഇത്തവണ നടക്കാനിരിക്കുന്ന സൂര്യഗ്രഹണം അമേരിക്കയിലെ വസന്തകാലത്താണ്. പക്ഷികളും വണ്ടുകൾ പോലുള്ള ഒട്ടനവധി പ്രാണികളും സജീവമാകുന്ന കാലമാണിത്. അതിനാൽ ഇവയുടെ സ്വഭാവത്തിലെ മാറ്റം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗവേഷകർ. 1932 ലെ പഠനത്തിൽ, സൂര്യഗ്രഹണസമയത്ത് വണ്ടുകളെല്ലാം കൂട്ടിലെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സൂര്യഗഹണ കാലത്ത് ജീവികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ആദ്യ രേഖപ്പെടുത്തൽ 1239 ലാണെന്ന് വിശ്വസിക്കുന്നു. ഇറ്റാലിയൻ സന്യാസിയും എഴുത്തുകാരനുമായ റെസ്റ്ററേഡോ അസീസോ സൂര്യഗ്രഹണ സമയത്ത് നിശ്ചലമായി നിന്ന ജീവികളെക്കുറിച്ച് എഴുതിയിട്ടുണ്ട്. എല്ലാ വന്യമൃഗങ്ങളും എളുപ്പം പിടിക്കാമെന്ന തരത്തിൽ മരവിച്ചുപോയെന്നാണ് റെസ്റ്ററാഡോ എഴുതിയിരിക്കുന്നത്.
ആകാശത്തേക്ക് നോക്കിയ ചിമ്പാൻസികളും വല പൊട്ടിച്ച ചിലന്തികളും
സൂര്യഗ്രഹണസമയത്ത് 1984 ൽ അറ്റ്ലാന്റയിലും വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ആകാശം ഇരുണ്ടുതുടങ്ങിയതോടെ അറ്റ്ലാന്റയിലെ മൃഗശാലയിലുള്ള ചിമ്പാൻസികൾ കൂട്ടിലുള്ള ഉയരം കൂടിയ പ്രദേശത്ത് കൂട്ടത്തോടെ എത്തി ആകാശത്തേക്ക് നോക്കി നിൽക്കാൻ തുടങ്ങിയത്രേ. 1991 ൽ മെക്സിക്കോയിൽ ചിലന്തികളിലാണ് മാറ്റം കണ്ടത്. നെയ്ത വലകളെല്ലാം സൂര്യഗ്രഹണത്തിന് മുന്നേ ചിലന്തികൾ പൊട്ടിച്ചുകളയുകയായിരുന്നു. സൂര്യഗ്രഹണത്തിന് ശേഷം വീണ്ടും അവ വല നെയ്തു.