സ്വന്തം വീട്ടിലെ മരം മുറിക്കാൻ അയൽവാസി അനുവദിക്കണം; അതെന്താ അങ്ങനെ?
Mail This Article
ഫിൻലൻഡിൽ ജനസംഖ്യ 56 ലക്ഷമാണ്. കേരളത്തിന്റെ ആറിലൊന്നുമാത്രം. ചതുരശ്രകിലോമീറ്ററിൽ 17 പേർ. നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 890 പേരും. എന്നാൽ കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള രാജ്യം. യൂറോപ്പിലെ ഏറ്റവും കൂടുതൽ വനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണിത്. ഭൂപ്രദേശത്തിന്റെ 69% വനങ്ങളും 10% തടാകങ്ങളുമാണ്. കേരളത്തിന്റെ 30 ശതമാനമാണ് വനങ്ങളെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
60 ശതമാനം വനങ്ങളും ഇവിടെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. യൂറോപ്പിലെ സ്വകാര്യ വന ഉടമസ്ഥതയുടെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. അഞ്ചിൽ ഒരാൾക്ക് ഒരു വനമുണ്ട്. ഫിന്നിഷ് സർക്കാരിന് രാജ്യത്തെ വനങ്ങളുടെ 25% ഉടമസ്ഥതയുണ്ട്. കയറ്റുമതി വരുമാനത്തിന്റെ 20% വനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളിൽ നിന്നാണ്. വനങ്ങളാൽ സമ്പുഷ്ടമായ രാജ്യങ്ങൾ വനസംരക്ഷണം എങ്ങനെയാണു നടത്തുന്നതെന്ന അറിവ് രസകരമായിരിക്കും.
ഒരു മരം മുറിച്ചാൽ നടണം ഒരു തൈ
1886 സെപ്റ്റംബർ 3 ന് പാസാക്കിയ ഫോറസ്റ്റ് ആക്റ്റ് ആണിത്. മരങ്ങൾ നീക്കം ചെയ്യുമ്പോൾ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതുണ്ട് . മുൻകൂർ അനുമതിയോ അറിയിപ്പോ ഇല്ലാതെ ചില മരങ്ങൾ നീക്കം ചെയ്യരുത്. ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടണം. സുസ്ഥിരമായ രീതിയിലുള്ള ഉൽപാദനവും സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും വനങ്ങളുടെ സുസ്ഥിരമായ ഉപയോഗവും പ്രോത്സാഹിപ്പിക്കണം ഇതൊക്കെയാണ് ഈ നിയമം അനുശാസിക്കുന്നത്. ഉടമകൾ വനനശീകരണം തടഞ്ഞ് വനങ്ങളുടെ ആരോഗ്യസ്ഥിതി നിലനിർത്തണം.
നമ്മുടെ നാട്ടിൽ വികസനത്തിന്റെ പേരിൽ വനങ്ങൾ വലിയ തോതിൽ അപ്രത്യക്ഷമാകുന്നു. അടിസ്ഥാനസൗകര്യ വികസനം പൂര്‍ണമായും ഒഴിവാക്കാൻ ഒരു സമൂഹത്തിനുമാവില്ല. എന്നാൽ പുതിയ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതു സംസ്‌കാരത്തിന്റെ ഭാഗമാകണം.
യോകമിയഹൻ ഒയിക്കയുഡെട് (എവിടെയും സഞ്ചരിക്കുവാനുള്ള എല്ലാവരുടെയും അവകാശങ്ങൾ)
എസ്തോണിയ, ഫിൻലൻഡ്, ഐസ്‍ലൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ നോർഡിക് രാജ്യങ്ങളിൽ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വനത്തിൽ പ്രവേശിക്കുവാനുള്ള രസകരമായ നിയമമാണിത്. കാൽനടയാത്ര നടത്താനും വനത്തിൽ ക്യാംപി ചെയ്യാനും ബോട്ടിങ് നടത്താനും കാട്ടുപൂക്കൾ, കൂൺ, ബെറികൾ എന്നിവ പറിക്കാനും അനുവാദമുണ്ട്. എന്നാൽ ഈ അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്തങ്ങളുമില്ലാതില്ല. അവിടെയാണ് പൗരന്മാരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം.
മാലിന്യം തള്ളുകയോ വന്യമൃഗങ്ങളെയോ വിളകളെയോ ദ്രോഹിക്കുകയോ ശല്യപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാതിരിക്കുവാനുള്ള ബാധ്യതയുണ്ട്. തീ ഉണ്ടാക്കുന്നതും ശബ്ദമുണ്ടാക്കുന്നതും പലപ്പോഴും നിരോധിച്ചിരിക്കുന്നു. ചില രാജ്യങ്ങളിൽ ഒരു രാത്രി കാട്ടിൽ ഒരു കൂടാരം വയ്ക്കുന്നത് അനുവദനീയമാണ്. എന്നാൽ സ്വകാര്യ വ്യക്തികൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭൂമിയിലേക്ക് (വീടുകൾ, പൂന്തോട്ടങ്ങൾ മുതലായവ) പ്രവേശനം അനുവദനീയമല്ല.
സ്വന്തം വീട്ടിലെ മരം മുറിക്കാനും വേണ്ടിവരും അയൽവാസിയുടെ അനുമതി
സ്വന്തം വീട്ടിലെ മരം മുറിക്കണമെങ്കിലും സിറ്റിയുടെ അനുവാദം ആവശ്യമുണ്ട്. മാത്രമല്ല നിയമപ്രകാരം അയൽപക്കകാരുടെ അനുമതിയും വേണം. സ്വന്തം വീട്ടിൽ ക്യാംപിങ് നടത്താനോ മറ്റ് ആവശ്യങ്ങൾക്കോ തീ പുകയ്ക്കണമെങ്കിലും അയൽപക്കക്കാരുടെ സമ്മതം ആവശ്യമുണ്ട്. വീടുകളിലെ വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾക്കും സമ്മതമില്ലെങ്കിൽ ബുദ്ധിമുട്ടേണ്ടിവരും. മാത്രമല്ല ഹൗസിങ് കമ്പനികളും അനുവാദം നൽകേണ്ടതുണ്ട്.