ADVERTISEMENT

പകൽ താപനിലയ്ക്ക് പുറമെ രാത്രിയിലും അതിരാവിലെയുള്ള താപനിലയും വർധിക്കുകയാണ്. ഈർപ്പവും കൂടുന്നതോടെ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ അളവ് രേഖപ്പെടുത്തുന്ന ചൂടിനേക്കാൾ കൂടുതലായിരിക്കും. അന്തരീക്ഷ ഈർപ്പം ഉച്ചയ്ക്ക് 50-60% പരിധിയിൽ ആകാൻ സാധ്യതയുള്ളതിനാൽ അസ്വസ്ഥതയോട് കൂടിയ അന്തരീക്ഷസ്ഥിതിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

തിങ്കളാഴ്ച സംസ്ഥാനത്ത് ആറ് ജില്ലകളിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥ വകുപ്പിന്റെ തന്നെ പാലക്കാട്‌ ജില്ലയിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ 40°c മുതൽ 44.°c വരെ ചൂടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി അഞ്ചാം ദിവസവും പാലക്കാട്ടെ ചൂട് 40 ഡിഗ്രിയ്ക്ക് മുകളിലാണ്. അന്തരീക്ഷ ഈർപ്പം കൂടുതലുള്ള  മേഖലകളിലെല്ലാം ചൂടിനൊപ്പം അസ്വസ്ഥതയും ഉണ്ടാക്കുന്നു.

heat

ശരീരം തളർത്തുന്ന തരത്തിലാണ് ചൂട് അനുഭവപ്പെടുന്നത്. വീട്ടിനകത്തെ കസേരയും കട്ടിലുമടക്കം ചൂടാണ്. ഫാനിട്ട് ആശ്വസിക്കാമെന്ന് വച്ചാൽ ചൂടുകാറ്റാണ് വരുന്നത്. നിലത്തുകിടന്നാലും ഇതേ അവസ്ഥയാണ്.  ഇതിനിടയ്ക്ക് പവർകട്ടും ഉണ്ടാകുന്നു. പാലക്കാട് കിഴക്കൻ മേഖലകളിൽ താമസിക്കുന്ന പലരും രാത്രിയിൽ വീട് അടച്ചുപൂട്ടി കുടുംബത്തോടൊപ്പം ടെറസിലാണ് കിടപ്പ്. ചിലരുടെ ഉറക്കം വരാന്തയിലും മുറ്റത്തുമാണ്.

തൃശൂരിൽ നിന്നുള്ള കാഴ്ച (ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)
തൃശൂരിൽ നിന്നുള്ള കാഴ്ച (ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)

പാലക്കാടിനു പുറമെ, കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിലെ ചില സ്റ്റേഷനുകളിലും 40°c മുകളില്‍ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. 

താപനില (ഏപ്രിൽ 8) 40 ഡിഗ്രി രേഖപ്പെടുത്തിയ സ്റ്റേഷനുകൾ

മങ്കര– 43.8
കാഞ്ഞിരപ്പുഴ–43.5
മലമ്പുഴ ഡാം– 42.4
പോത്തുണ്ടി ഡാം– 42.2
കൊല്ലങ്കോട്– 42.1
തെന്മല– 41.7
വണ്ണാമട–41.7
മീങ്കര–41.5
ചെറുതാഴം–41.3
നിലമ്പൂര്‍–41
മംഗലംഡാം–41
പാണത്തൂർ–40.7
അഞ്ചൽ–40.7
ഒറ്റപ്പാലം–40.7
വെള്ളാനിക്കര– 40.4

പാലക്കാട് കനത്ത ചൂടിനിടയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙ മനോരമ
പാലക്കാട് കനത്ത ചൂടിനിടയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙ മനോരമ

ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് ബയാർ ഓട്ടോമാറ്റിക് സ്റ്റേഷനിലാണ്. 30.8 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ചില ജില്ലകളിൽ മഴ പെയ്തെങ്കിലും അതു തികച്ചും പ്രാദേശികമാണെന്നു കെ‍ാച്ചിസർവകലാശാല റഡാർ റിസർച്ച് കേന്ദ്രം ശാസ്ത്രജ്ഞർമാർ നീരീക്ഷിക്കുന്നു. പലയിടത്തും അന്തരീക്ഷത്തിന്റെ ചൂടു മാത്രം 41 ഡിഗ്രി വരെ അനുഭവപ്പെടുന്നുണ്ടെങ്കിലും കാലാവസ്ഥകേന്ദ്രം‍ (ഐഎംഡി)അത് ഔദ്യേ‍ാഗികമായി എടുക്കുന്നില്ല. സംസ്ഥാനത്തെ നൂറിലധികം സ്ഥലത്തു സ്ഥാപിച്ചിട്ടുളള ഒ‍ാട്ടേ‍ാമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്ക് ഐഐഎംഡി പരിഗണിക്കുന്നില്ലെങ്കിലും ദുരന്തനിവാരണ അതേ‍ാറിറ്റി ഉൾപ്പെടെ, നടപടികൾക്ക് അത് അടിസ്ഥാനമാക്കുന്നുണ്ട്. 

ഏപ്രിൽ 13 വരെ ഉയർന്ന ചൂട്

2024 ഏപ്രിൽ 9 മുതൽ ഏപ്രിൽ 13 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40°C വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   

തൃശൂരിൽ നിന്നുള്ള കാഴ്ച (ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)
തൃശൂരിൽ നിന്നുള്ള കാഴ്ച (ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 9 മുതൽ ഏപ്രിൽ 13 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉഷ്ണതരംഗം നേരത്തെ

സൂര്യനിൽ നിന്നുള്ള അൾട്രാവൈലറ്റ് രശ്മികൾ നേരിട്ടു പതിക്കുന്നതിനാൽ കണ്ണിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കടുത്ത ചൂടിൽ കാർമേഘ രൂപീകരണം ചിലയിടങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അന്തരീക്ഷ സമ്മർദം കാരണം മിക്കയിടത്തും അതു പെയ്യുന്നില്ല. ഉഷ്ണത്തിന്റെ കാഠിന്യത്തിൽ പെയ്യുന്ന മഴ നേരിയ തേ‍ാതിലാണ് ഭൂമിയിൽ പതിക്കുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഉഷ്ണം വർധിച്ചു തുടങ്ങിയതിന്റെ സ്വാധീനവും വരുംദിവസങ്ങളിൽ അനുഭവപ്പെടും. ഉഷ്ണതരംഗം ഉൾപ്പെടെയുളള പ്രതിഭാസങ്ങൾ ഇത്തവണ നേരത്തേ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഈ മാസം അവസാനദിവസം പലയിടത്തായി മേ‍ാശമല്ലാത്ത ഒറ്റ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ ഇപ്പേ‍ാഴത്തെ നിഗമനം.

English Summary:

Sweltering Nights Ahead: Rising Humidity Amplifies Scorching Temperatures Across State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com