അരിക്കൊമ്പൻ ഹാപ്പി ആണോ? ഒറ്റയാനെ നാടുകടത്തിയിട്ട് ഒരു വർഷം, ഇപ്പോൾ പിടിയാനകൾക്കൊപ്പം
Mail This Article
ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന ഒറ്റയാനെ കാടുകടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ഏപ്രിൽ 29 നാണ് ചിന്നക്കനാൽ സിമന്റുപാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റിയത്. തമിഴ്നാട്ടിലെ തിരുനെൽവേലി കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.
അരിക്കൊമ്പന്റെ ആരോഗ്യനില ഗുരുതരമാണെന്നും തമിഴ്നാട് സർക്കാർ വിവരങ്ങൾ പങ്കുവയ്ക്കാത്തതും കേരളത്തിലെ മൃഗസ്നേഹികളെ പ്രകോപിതരാക്കി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇവർ സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്ൻ നടത്തി. പ്രതിഷേധം ശക്തമായതോടെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 23നു ശേഷം അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ കേരളത്തിലുണ്ടായിരുന്ന അരിക്കൊമ്പന്റെ ചിത്രവും തമിഴ്‍നാട്ടിലെത്തിയ ശേഷമുള്ള അരിക്കൊമ്പന്റെ ചിത്രവും പങ്കുവച്ച് ആളുകൾ വീണ്ടും ആരോപണം ഉന്നയിച്ചു. ഇരു ചിത്രങ്ങളും പരിശോധിക്കുമ്പോൾ അരിക്കൊമ്പൻ ക്ഷീണിതനാണെന്നും ആവശ്യമായ ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ചെന്നും ചിലർ ആരോപിച്ചു. നിലവിൽ പിടിയാനക്കൂട്ടത്തോടൊപ്പം കോതയാർ വനത്തിൽ സുഖമായി അരിക്കൊമ്പൻ കഴിയുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് പറഞ്ഞത്. ഇതിന് ആധാരമായ ചിത്രവും അവർ പിന്നീട് പങ്കുവച്ചിരുന്നു. അരിക്കൊമ്പൻ ചരിഞ്ഞതായും പിന്നീട് പ്രചരണങ്ങൾ ഉണ്ടായി. ഈ സമയം കാട്ടാനയുടെ റൂട്ട്‌മാപ്പ് പങ്കുവച്ചുകൊണ്ടാണ് തമിഴ്നാട് ചെറുത്തത്.
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് അരിക്കൊമ്പൻ നാശം വിതച്ചത്. പെരിയാർ കടുവാസങ്കേതത്തിലേക്കു മാറ്റി 4 ദിവസങ്ങൾക്കു ശേഷം അരിക്കൊമ്പൻ തമിഴ്നാട് കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയിരുന്നു. അരിക്കൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തുടർന്നു തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ തിരുനെൽവേലി ജില്ലയിലെ കോതയാർ വനമേഖലയിലേക്കു മാറ്റി.
ഇപ്പോഴും കാട്ടാനശല്യം
അരിക്കൊമ്പൻ പോയതിനു ശേഷവും ചിന്നക്കനാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. വീടുകൾക്കും കടകൾക്കും എതിരെയുള്ള കാട്ടാന ആക്രമണങ്ങൾ കുറഞ്ഞെങ്കിലും കഴിഞ്ഞ 4 മാസത്തിനിടയിൽ ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ 2 പേരെയാണു കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. പന്നിയാർ സ്വദേശിനി പരിമളം (44), ചിന്നക്കനാൽ സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) എന്നിവരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അരിക്കൊമ്പനെ കാടുകടത്തിയശേഷം ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ മേഖലയിൽ ഭീതി പരത്തുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുകൂടാതെ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാനും പ്രദേശത്ത് നാട്ടുകാർക്ക് ഭീഷണിയാണ്. ഈ 2 ഒറ്റയാൻമാർ ഉൾപ്പെടെ 19 ആനകളാണു ചിന്നക്കനാൽ മേഖലയിലുള്ളത്. ഇതിൽ 2 വയസ്സിലധികമുള്ള 4 കുട്ടിക്കൊമ്പന്മാരും ഉണ്ടെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. ഭാവിയിൽ ഈ കുട്ടിക്കൊമ്പൻമാരും ഭീഷണിയാകുമെന്ന ആശങ്കയാണു നാട്ടുകാർക്ക്.
വിദഗ്ധസമിതി രൂപീകരിച്ചിട്ട് ഒരു വർഷം, ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല
അരിക്കൊമ്പനെ കാടു മാറ്റുന്നതുമായി ബന്ധപ്പെട്ടു പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയെ തുടർന്ന് 2023 മാർച്ചിലാണ് ഹൈക്കോടതി മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ സമിതിയെ കൂടാതെയാണ് ഏതാനും ദിവസം മുൻപ് മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനു ദീർഘകാല - ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ പുതിയ സമിതിയെ നിയോഗിച്ചത്.