ലിറ്റ്സിയ വാഗമണിക: പുതിയ ഇനം കുറ്റിപ്പാണൽ വാഗമണ്ണിൽ കണ്ടെത്തി
Mail This Article
ജൈവവൈവിധ്യത്തിന്റ അപൂർവ കലവറയെന്ന് തെളിയിച്ച് പുതിയ സസ്യത്തെ കണ്ടെത്തി സസ്യശാസ്ത്ര ഗവേഷകൻ. തുരുത്തിക്കാട് ബിഎഎം കോളജ് ബോട്ടണി അസിസ്റ്റന്റ് പ്രഫസർ ഡോ. എ. ജെ. റോബി, കോഴഞ്ചേരി സെന്റ് തോമസ് കോളജ് ബോട്ടണി ഗവേഷക രേവതി വിജയശർമ എന്നിവരാണ് കുറ്റിപ്പാണൽ വിഭാഗത്തിൽ പെട്ട പുതിയ സസ്യം കണ്ടെത്തിയത്. ന്യൂസിലൻഡിൽ നിന്നുള്ള രാജ്യാന്തര പ്രസിദ്ധീകരണമായ ഫൈറ്റോ ടാക്സയുടെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു.
ലിറ്റ്സിയ വാഗമണിക എന്നാണ് ലൊറേസിയ കുടുംബത്തിലെ ഈ പുതിയ സസ്യത്തിന്റെ പേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാഗമണ്ണിൽ സമുദ്ര നിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരമുള്ള നിത്യഹരിത വനപ്രദേശത്താണ് ഇതു കണ്ടെത്തിയത്. ഔഷധ്യ മൂല്യമുള്ള സസ്യമാണ് കുറ്റിപ്പാണൽ. ഇതിനു സമാനമായ ഗുണങ്ങളുള്ള പുതിയ സസ്യത്തിന്റെ ഔഷധ്യമൂല്യം കണ്ടെത്താൻ ശ്രമിക്കുമെന്നും ഡോ. റോബി പറഞ്ഞു.