ADVERTISEMENT

അക്ഷരാർത്ഥത്തിൽ മനുഷ്യനെ കടത്തിവെട്ടുന്ന രീതിയിൽ അതിമനോഹരമായി നൃത്തം ചെയ്യാൻ സാധിക്കുന്ന ഒരിനം പക്ഷിയുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിലൂടെ അത്ഭുതപ്പെടുത്തുന്ന ഈ പക്ഷികൾ അറിയപ്പെടുന്നത് സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസ് എന്ന പേരിലാണ്. ഗ്രേറ്റർ ലൊഫോറിന എന്നാണ് ഔദ്യോഗികനാമം. ഇവയിലെ ആൺ വർഗമാണ് നൃത്തത്തില്‍ മുന്നിൽ.

മറ്റു പക്ഷികളെ പോലെതന്നെ ഇണയെ ആകർഷിക്കാനാണ് ഇവയുടെ ഈ നൃത്ത സാഹസം.  അതിനായി നടത്തുന്ന പരിശ്രമങ്ങൾ ഒന്നു കാണേണ്ടതാണ്. ഇണയെ ഏതുവിധേനയും ആകർഷിക്കണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ നൃത്തം ചെയ്യാനുള്ള തയ്യാറെടുപ്പാണ്. വെറുതെയങ്ങ് നൃത്തം ചെയ്യുകയല്ല. ആദ്യം അതിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തും. പിന്നീട് അവിടെ കിടക്കുന്ന ഇലകളും മരക്കഷ്ണങ്ങളുമെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കും. തീർന്നില്ല, ചുവന്ന വൈൽഡ് ബെറികൾ ശേഖരിച്ച് വേദിയാകെ അലങ്കരിക്കും.

നൃത്തം കാണാൻ എത്തുന്ന പെൺപക്ഷിക്ക് ഇരിക്കാനായി തൊട്ടടുത്ത മരച്ചില്ലയിൽ പ്രത്യേക സ്ഥലം ഒരുക്കുകയാണ് അടുത്ത പണി. പെൺപക്ഷിക്ക് ഇരിക്കാനുള്ള ഭാഗം വൃത്തിയാക്കുന്നതും ആൺപക്ഷിയുടെ ജോലിയാണ്. നൃത്തത്തിന് തടസ്സമായി നിൽക്കുന്ന ഇലകൾ നീക്കം ചെയ്തും മരക്കൊമ്പ് കൊക്കുകൾ ഉപയോഗിച്ച് ഉരസി മൃദുവാക്കുകയും ചെയ്യും. പിന്നീട് പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി ഇണയെ വിളിച്ചുവരുത്തും. പെൺപക്ഷി എത്തിയാൽ തലകുനിച്ച് ആദരവും സ്വാഗതവും അരുളിയ ശേഷമാണ് നൃത്തപ്രകടനം തുടങ്ങുന്നത്.

ചിറകുകൾ അതിവേഗതയിൽ ചലിപ്പിച്ച് വൃത്താകൃതിയിൽ നീങ്ങിയാണ് ഇവയുടെ നൃത്തം. നൃത്തം തുടങ്ങുന്ന സമയത്ത് കണ്ണുകളുടെ നിറംമാറും എന്നതും പ്രത്യേകതയാണ്. താളത്തിനൊത്ത് ശരീരം ചലിപ്പിച്ച് വൃത്തിയാക്കിയ ഭാഗത്തുനിന്ന് മാത്രം നൃത്തംചെയ്യുന്നു. ഇത് പെൺപക്ഷിക്ക് ഇഷ്ടപെട്ടാൽ അവ ചിറകുകൾ പ്രത്യേക രീതിയിൽ ചലിപ്പിച്ച് ഇണചേരാനുള്ള സമ്മതം അറിയിക്കുകയും ചെയ്യും.അത്ഭുതപ്പെടുത്തുന്ന ഈ പ്രകടനവും ആൺപക്ഷി അതിനുവേണ്ടി നടത്തുന്ന കഷ്ടപ്പാടുകളും കണ്ട ശേഷവും മൈൻഡ് ചെയ്യാതെ പറന്നകലുന്ന പെൺപക്ഷികളുമുണ്ട്.

ആൺ പക്ഷികൾക്ക് കറുത്ത നിറമാണ്. തലയുടെ മുകൾഭാഗത്തും കഴുത്തിന് താഴെയുമായി പച്ച കലർന്ന നീല നിറത്തിൽ പ്രത്യേക രോമങ്ങളും ഇവയ്ക്കുണ്ട്. നൃത്തം ചെയ്യുന്ന സമയത്ത് ശരീരം അതിമനോഹരമായി കാണപ്പെടാൻ ഇത് സഹായിക്കുന്നു. പെൺ പക്ഷികൾക്ക് തവിട്ടു കലർന്ന ചുവപ്പ് നിറമാണ്. 

പെൺപക്ഷികൾ എണ്ണത്തിൽ കുറവായതിനാൽ കഴിവിന്റെ പരമാവധിയുപയോഗിച്ച് അവരെ പാട്ടിലാക്കാൻ ആൺ പക്ഷികൾ ശ്രമിക്കും. സ്വന്തം വില അറിയാവുന്ന പെൺപക്ഷികൾ ഇത്തിരി ഗമയും കാണിക്കാറുണ്ട്. നൃത്തം ചെയ്തു വശീകരിക്കാൻ ശ്രമിക്കുന്ന പതിനഞ്ചോ ഇരുപതോ ആൺ പക്ഷികളെ തള്ളിക്കളഞ്ഞ ശേഷമാണ് ഒടുവിൽ അവ ഇണ ചേരാനായി ഒന്നിനെ തിരഞ്ഞെടുക്കുന്നത്. ഒരേസമയം ഒന്നിലധികം പെൺപക്ഷികളെ ഇണയാക്കുന്നതാണ് ആൺ പക്ഷികളുടെ രീതി.

ഇന്തൊനീഷ്യയിലെയും പപ്വ ന്യു ഗിനിയയിലെയും മഴക്കാടുകളിലാണ് സൂപ്പർബ് ബേർഡ് ഓഫ് പാരഡൈസുകൾ ഏറ്റവുമധികം കാണപ്പെടുന്നത്. പഴങ്ങളും ചെറു പ്രാണികളുമാണ് ഇവയുടെ ഇഷ്ട ഭക്ഷണം. പെൺപക്ഷികൾ അതിൽ ഒന്നു മുതൽ മൂന്നു വരെ മുട്ടകളിടും. 16 മുതൽ 22 ദിവസം വരെയാണ് മുട്ടകൾ വിരിയാനുള്ള സമയം. ഒരു മാസത്തിനുള്ളിൽ സ്വന്തമായി ജീവിക്കാൻ കുഞ്ഞുങ്ങൾ പ്രാപ്തരാകുന്നതോടെ പക്ഷികൾ കൂടു വിട്ടുപോവുകയും ചെയ്യും.

English Summary:

Discover the Superb Bird of Paradise: Nature's Most Graceful Dancer Outpaces Humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com