100 കിടക്കകൾ കൂടി ഉൾപ്പെടുത്തി ആസ്റ്റർ മെഡ്സിറ്റി വിപുലീകരിച്ചു

Mail This Article
കേരളം ലോകോത്തര മെഡിക്കൽ ടൂറിസം കേന്ദ്രമായി വളരുകയാണ്, പൊതു-സ്വകാര്യ മേഖലകളുടെ പരസ്പര സഹകരണമാണ് അതിന്റെ പ്രധാന ശക്തി. സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നേട്ടത്തിൽ ആസ്റ്റർ മെഡ്സിറ്റി നൽകുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളും പ്രധാന ഘടകമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റിയിൽ പുതുതായി പണികഴിപ്പിച്ച നാലാമത്തെ ബഹുനില കെട്ടിടം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാമൂഹികസേവന പരിപാടികള്‍ ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, നസീറ മൂപ്പൻ, എക്സിക്യൂട്ടീവ് ഡയറക്ടറും കോർപ്പറേറ്റ് ഗവർണൻസിന്റെ ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ആസ്റ്റർ ഇന്ത്യ സിഒഒ രമേശ് കുമാർ, ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് എന്നിവർ പങ്കെടുത്തു.

കേരളത്തിൽ നൂതന ചികിത്സാരീതികൾ തേടിയെത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്താണ് കൂടുതൽ സൗകര്യങ്ങളുമായി ആശുപത്രി വികസിപ്പിച്ചത്. ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള വിശാലമായ പുതിയ നാലാമത്തെ ടവറിൽ, 100 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യമുണ്ട്.
ആസ്റ്റർ ഇൻസ്റ്റിട്യൂട്ട് ഓഫ് കാർഡിയാക് സയൻസസ്, ആസ്റ്റർ ഏസ്തെറ്റിക്സ്, പ്ലാസ്റ്റിക് & റീകൺസ്ട്രക്ടീവ് സർജറി ,ഡെർമറ്റോളജി എന്നീ പ്രധാന വിഭാഗങ്ങൾ ഇനിമുതൽ പുതിയ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. വൈദ്യശാസ്ത്ര രംഗത്ത് മികവിന്റെയും ആധുനികതയുടെയും സാമൂഹികസേവനത്തിന്റെയും പത്താം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുന്നത്. ഇവിടെ സ്ത്രീകളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രായമായവരുടെ ചികിത്സയ്ക്കും വേണ്ടി പ്രത്യേകം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
നവീകരിച്ച ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു. 360-ഡിഗ്രി ഹാർട്ട് കെയർ വിഭാഗം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറ്റുപോയ കൈപ്പത്തി ആസ്റ്റർ മെഡ്സിറ്റിയിലെ ചികിത്സയിലൂടെ വിജയകരമായി തുന്നിചേർത്ത എം. ജി മനോജാണ് ഏസ്തറ്റിക്സ് വിഭാഗം ഉദ്ഘാടനം ചെയ്തത്.
തൊഴിലിടത്തിലെ അപകടത്തിൽ കൈപ്പത്തി നഷ്ടമായ ഇദ്ദേഹത്തെ ആസ്റ്റർ മെഡ്സിറ്റിയിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ആൻഡ് ഏസ്തറ്റിക്സ് വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ചേർന്നാണ് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. രോഗം വന്ന ശേഷം ചികിത്സ തേടാമെന്ന ചിന്ത മാറ്റി, രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന “ടേക്ക് ചാർജ്” എന്ന ക്യാമ്പയിന് സമഗ്രമായ പരിപാടികൾ ആവിഷ്കരിക്കും.