ഓഹരി വിപണിയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ നേട്ടം കൊയ്യുന്നതെന്തുകൊണ്ട്? അവർക്ക് മനകട്ടി കൂടുതലോ?

Mail This Article
പുരുഷന്മാർ മാത്രമേ ഓഹരി വിപണിയിൽ നിന്ന് നേട്ടമെടുക്കുന്നുള്ളൂ എന്നൊരു ചിന്താഗതി പൊതുവെ ഉണ്ട്. സ്ത്രീകൾക്ക് ഓഹരി നിക്ഷേപമോ, വ്യാപാരമോ പറ്റില്ലെന്നാണ് സമൂഹത്തിന്റെ പൊതുവെയുള്ള തോന്നൽ. എന്നാൽ ഓഹരി വിപണിയിലേക്ക് വരുമ്പോൾ ഇതെല്ലാം തെറ്റാണെന്ന് കണക്കുകൾ കാണിക്കുന്നു.
സ്ത്രീകളാണ് പല മാനദണ്ഡങ്ങളിലും പുരുഷന്മാരേക്കാൾ മെച്ചം എന്നാണ് അമേരിക്കയിലെയും ഇന്ത്യയിലെയും ലോകത്തിലെ മറ്റു രാജ്യങ്ങളിലും നടത്തിയ പഠനങ്ങൾ കാണിക്കുന്നത്. സാമ്പത്തിക കാര്യങ്ങൾ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണോ? എങ്ങനെയാണ് കൂടുതൽ നേട്ടം സ്ത്രീകൾക്ക് ഈ രംഗത്ത് കൈവരിക്കാനാകുന്നത്?

ഹ്രസ്വ കാല നേട്ടങ്ങളെയോ, കോട്ടങ്ങളെയോ ഗൗനിക്കാറില്ല
പൊതുവെ ഓഹരി വിപണിയിൽ നിന്ന് നേട്ടമെടുക്കണമെങ്കിൽ നിക്ഷേപത്തിന് വളരാൻ ആവശ്യത്തിന് സമയം കൊടുക്കണം. സ്ത്രീകൾക്ക് കൂടുതൽ ക്ഷമയുള്ളതുകൊണ്ട് ഹ്രസ്വ കാലത്തിൽ നിക്ഷേപം താഴ്ന്നു പോയാലും പിന്നീട് അത് നല്ല നേട്ടത്തിലേക്ക് എത്തുന്നത് കാണാം. എന്നാൽ പുരുഷന്മാർ ഹ്രസ്വ കാല നേട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് പഠനങ്ങൾ കാണിക്കുന്നു.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ്
സ്ത്രീകൾ നിക്ഷേപത്തിൽ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും വ്യാപാരത്തിൽ അവരുടെ പങ്ക് ഇപ്പോഴും ചെറുതാണ്. 2021 സാമ്പത്തിക വർഷത്തിലും 2022 സാമ്പത്തിക വർഷത്തിലും ഇക്വിറ്റി എഫ്&ഒ വിഭാഗത്തിലെ വ്യാപാരികളിൽ 84% ത്തിലധികം പുരുഷന്മാരായിരുന്നു. എന്നും ഓഹരി വിപണിയിൽ പുരുഷന്മാരുടെ ആധിപത്യം കൂടുതലായിരുന്നെങ്കിലും ലാഭ കണക്കുകളിലേക്കു വരുമ്പോൾ സ്ത്രീകൾ അവരെ കടത്തി വെട്ടി എന്നും കാണാം. ഫ്യൂച്ചേഴ്സ് ആൻഡ് ഒപ്ഷൻസ് വിഭാഗത്തിൽ വ്യാപാരം ചെയ്തിരുന്ന വെറും 16 ശതമാനം സ്ത്രീകളായിരുന്നു മൊത്തത്തിൽ ഈ മേഖലയിലെ ലാഭത്തിൽ 28 ശതമാനവും ഉണ്ടാക്കിയിരുന്നത്.
വൈവിധ്യവത്കരണം
പല തരത്തിലുള്ള ആസ്തികളിൽ പണം നിക്ഷേപിക്കുന്നതും സ്ത്രീകളുടെ പോർട്ടഫോളിയോ പുരുഷന്മാരുടെക്കാൾ മെച്ചമാകുന്നതിനു കാരണമാകുന്നുണ്ട്. സ്വർണം, ഓഹരി, ഇ ടി എഫ്, കമ്മോഡിറ്റീസ് തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപിക്കുന്നതിലും സ്ത്രീകൾ മുൻപന്തിയിലാണ്. ഇത് റിസ്ക് കുറയ്ക്കാന്‍ അവരെ സഹായിക്കുന്നു. റിസ്ക് കൂടുതലുള്ള നിക്ഷേപങ്ങളെ സ്ത്രീകൾ ഒഴിവാക്കാറുണ്ട് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
മനക്കട്ടി കൂടുതൽ സ്ത്രീകൾക്കോ
വികാരങ്ങളെ മെരുക്കാനും നിലയ്ക്ക് നിർത്താനും സ്ത്രീകൾ കൂടുതൽ മിടുക്കരാണ് എന്ന് പഠനങ്ങൾ കാണിക്കുന്നു. ഭയം, അത്യാഗ്രഹം തുടങ്ങിയ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകൾ മിടുക്കരാണെന്നാണ് ഇതിനർത്ഥം. ഇപ്പോഴത്തെപ്പോലെ പ്രക്ഷുബ്ധമായ വിപണി സാഹചര്യങ്ങളിൽ ശാന്തത നിലനിർത്താനുള്ള കഴിവ് സ്ത്രീകൾക്ക് കൂടുതലായതിനാൽ മൊത്തത്തിലുള്ള നിക്ഷേപ വിജയത്തിന് കാരണമാകുന്നു

കോംപൗണ്ടിങ് സ്ത്രീകളുടെ ശക്തി
സ്ത്രീകൾ നല്ല നിക്ഷേപകരും പണമുണ്ടാക്കുന്നവരും ആണെന്നുള്ള കാര്യം ഒരു ആഗോള പ്രതിഭാസമാണെന്ന് വിവിധ രാജ്യങ്ങളിലെ ഓഹരി വിപണിയിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു.വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്നുള്ള ഒരു പഠനം മൂന്ന് വർഷത്തിനിടെ പുരുഷന്മാരും സ്ത്രീകളുമായ 2,800 നിക്ഷേപകരെ വിശകലനം ചെയ്തു. വനിതാ നിക്ഷേപകർ ഓരോ വർഷവും 1.8% വീതം നിക്ഷേപത്തിൽ പുരുഷന്മാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും, യുകെയിലെ ഏറ്റവും വലിയ 100 ലിസ്റ്റഡ് കമ്പനികളായ എഫ്‌ടിഎസ്‌ഇ 100 സൂചികയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി.
കോംപൗണ്ടിങ് ശക്തിയിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം വളരുന്നതാണ് സ്ത്രീകൾക്ക് അനുകൂലമാകുന്നത് എന്ന വിലയിരുത്തലുകളുണ്ട്. റീറ്റെയ്ൽ നിക്ഷേപകരിലും, വ്യാപാരികളിലും മാത്രമല്ല ഫണ്ട് മാനേജ്‌മന്റ് രംഗത്തും സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുന്നു എന്ന് ഫിഡിലിറ്റിയുടെ പഠനത്തിൽ പറയുന്നു. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി കുടുംബത്തിന്റെ നിക്ഷേപത്തിന്റെയും പണം കൈകാര്യം ചെയ്യുന്നതിന്റെയും പൂർണ ഉത്തരവാദിത്വം സ്ത്രീകൾക്ക് കൈമാറിയാലോ?