കെട്ടിയോനാണെന്റെ മാലാഖ! ഭർത്താവിന്റെ ഹോബി ഏറ്റെടുത്ത് സിബിത നേടുന്നത് ലക്ഷങ്ങൾ

Mail This Article
വിവാഹം കഴിഞ്ഞു ഭർത്താവ് ബൈജുവിനൊപ്പം കോഴിക്കോട് ജില്ലയിലെ മൂടാടി മൂതട്ടിൽവീട്ടിൽ താമസമാക്കിയപ്പോഴാണ് അലങ്കാരമത്സ്യങ്ങളുടെ വർണപ്രപഞ്ചം സിബിതയുടെ മുന്നിൽ ചിറകുവിരിച്ചത്. രാവിലെ ജോലിക്കു പോകുന്നതിനുമുൻപ് ടാങ്കിലെ മാലാഖാമത്സ്യങ്ങൾക്കും സ്വർണമത്സ്യത്തിനുമൊക്കെ തീറ്റ കൊടുക്കാനും മറ്റും സമയം കണ്ടെത്തിുന്ന ഭർത്താവിന്റെ കൂടെ സഹായിയായി കൂടിയതായിരുന്നു. വൈകാതെ അവയുടെ രക്ഷകർത്താവും മുഖ്യചുമതലക്കാരിയുമായി സിബിത മാറി. ടാങ്കിനുള്ളിൽ വെള്ളം മോശമാവാതെ സൂക്ഷിക്കുന്നതുമുതൽ പ്രജനന ടെക്നിക്കുകൾ വരെ ഒട്ടേറെ കാര്യങ്ങൾ പഠിച്ചാൽ മാത്രമേ അലങ്കാരമത്സ്യപ്രജനനം കാര്യക്ഷമമായി നടക്കുകയുള്ളൂവെന്ന് അവർ ചൂണ്ടിക്കാട്ടി. തീരെ പരിചയമില്ലാത്ത ഇക്കാര്യങ്ങളൊക്കെ പറഞ്ഞുതന്നു പഠിപ്പിച്ചത് ബൈജുവായിരുന്നു. അലങ്കാരമത്സ്യക്കൃഷിയിൽ അന്നേ പരിശീലനം നേടിയ ബൈജുവിനാകട്ടെ താൻ പഠിച്ചതൊക്കെ ഒരു സംരംഭമാക്കാൻ ഉത്സാഹമുള്ള ജീവിതപങ്കാളിയെ കിട്ടിയ സന്തോഷവും. ജോലി കഴിഞ്ഞ വീട്ടിലെത്തുമ്പോൾ ഉന്മേഷം പകർന്നിരുന്ന ഹോബി വരുമാനമേകുന്ന സംരംഭമാക്കാൻ ഇരുവരും തീരുമാനിച്ചു.
പത്തുവർഷം മുൻപ് രണ്ട് ടാങ്കുകളിലായി തുടങ്ങിയ നിഷ് അക്വാഫാമിന് ഇപ്പോൾ 85 ടാങ്കുകളിലായി വരുമാനമേകുന്ന വ്യത്യസ്ത ജലജീവികളുണ്ട്. വിപണിക്കാവശ്യമായ അലങ്കാരമീനുകളെയും അരുമകൾക്ക് തീറ്റയാകുന്ന പുഴുക്കളെയും മറ്റും വളർത്തി ഒരു വർഷം ലക്ഷങ്ങൾ വരുമാനം നേടുന്ന സബിത പറയുന്നു ‘‘കെട്ടിയോനാണെന്റെ വഴികാട്ടി’’. ഭർത്താവ് ബൈജുവിന്റെ പ്രോത്സാഹനവും പരിശീലനവുമാണ് തന്റെ നേട്ടങ്ങളുടെ അടിസ്ഥാനമെന്ന കാര്യത്തിൽ സിബിതയ്ക്കു തെല്ലും സംശയമില്ല. പിന്നീട് കോഴിക്കോട് കൃഷിവിജ്ഞാന കേന്ദ്രത്തിലും സമുദ്രോൽപന്ന കയറ്റുതി വികസന ഏജൻസിയിലും വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിലും നേടിയ പരീശീലനങ്ങളും ഏറെ സഹായകമായി. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വഴി കിട്ടിയ മൂന്നു ലക്ഷം രൂപ ഫാം വിപുലമാക്കുന്നതിന് ഏറെ സഹായകമായെന്ന് സിബിത പറഞ്ഞു.

തുടക്കകാലത്ത് സംരംഭം വളർന്നു തുടങ്ങിയപ്പോൾ ചില തിരിച്ചടികളുമുണ്ടായെന്നു സിബിത പറയുന്നു. ആദ്യകാലത്ത് സ്വർണമത്സ്യങ്ങളും മാലാഖമത്സ്യങ്ങളുമായിരുന്നു വളർത്തിയിരുന്നത്. അവ ചെന്നൈയിൽനിന്നു കുറഞ്ഞ വിലയിൽ കേരളത്തിൽ വന്നുതുടങ്ങിയതോടെ ആ വിപണി ആദായകരമല്ലാതായി. മാലാഖ മത്സ്യങ്ങളുമായി തുടരുമ്പോഴാണ് അലങ്കാരമത്സ്യവിപണിയിൽ പ്രിയമേറുന്ന ഓസ്കറിനെ ശ്രദ്ധിച്ചത്. ബൈജുവിനും ഓസ്കർ എറെ ഇഷ്ടമായിരുന്നു. വൈകാതെ തന്നെ ഒസ്കർ മത്സ്യങ്ങളുടെ 4 പ്രജനന ജോടികളെ സ്വന്തമാക്കി. പകിട്ടേറിയ നിറവും പരന്ന ശരീരവും ശാന്തസുന്ദരമായ ചലനങ്ങളുമായി കാണുന്നവരുടെയൊക്കെ മനം കവരുന്ന ഓസ്കർ മത്സ്യങ്ങൾക്ക് കേരളത്തിനകത്തും പുരത്തും ആവശ്യക്കാരുണ്ടെന്ന് സിബിത പറഞ്ഞു. മാസംതോറും മൂവായിരത്തോളം ഓസ്കർ മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കാൻ കഴിയുന്നു. ഒന്നര മാസം പ്രയാമാകുമ്പോൾ കൊടുത്തു തുടങ്ങും. ഒരിഞ്ച് നീളമുള്ള മത്സ്യക്കുഞ്ഞിന് 20 രൂപ ലഭിക്കും. ഫയർ റെഡ്, കോപ്പർ, ടൈഗർ തുടങ്ങിയ ഇനങ്ങൾ സിബിതയുടെ പക്കലുണ്ട്.

അടുത്ത കാലത്ത് സമുദ്രമത്സ്യങ്ങളായ ഡാംസൽ, ക്ലൗൺഫിഷ് എന്നിവയെയയും വളർത്തിത്തുടങ്ങിയിട്ടുണ്ട്. ഇവയെ വളർത്തുന്നതിനു മുന്നോടിയായി സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിൽ പരിശീലനം നേടി. കടൽത്തീരത്തിനു തൊട്ടടുത്തായി താമസിക്കുന്നതിനാൽ കടൽവെള്ളം ശേഖരിക്കുന്നതിനും മറ്റുമുള്ള സൗകര്യം പ്രയോജനപ്പെടുന്നുണ്ടെന്ന് സിബിത ചൂണ്ടിക്കാട്ടി. കടലിൽനിന്നു ജീവനോടെ ലഭിച്ച വലിയ ലോബ്സ്റ്ററുകളെയും ഇവർ അരുമയായി വളർത്തുന്നുണ്ട്. കടൽ ലോബ്സ്റ്റർ പൊഴിച്ച തോട് ഉണക്കി കരകൗശല വസ്തുവായി സൂക്ഷിച്ചിട്ടുമുണ്ട്.

അടുത്ത കാലത്തായി അലങ്കാരമത്സ്യവിപണിയിലെ പുതുതാരങ്ങളായ ക്രേ ഫിഷുകളെയും ഇവർ വളർത്തുന്നുണ്ട്. ശുദ്ധജലത്തിലെ ലോബ്സ്റ്റർ എന്നു വിളക്കാറുള്ള ക്രേ ഫിഷിന്റെ 4 ഇനങ്ങൾ ഇവിടെയുണ്ട്. മറ്റു ക്രേ ഫിഷുകളെ അപേക്ഷിച്ച് വലുപ്പം കൂടിയ ഓസ്ട്രേലിയൻ റെഡ് ക്ലോ, റെഡ്, ബ്ലൂ, മാർബിൾ ഗ്രീൻ എന്നീ ഇനങ്ങളാണ് ഇവിടുള്ളത്. ഇതിൽ റെഡ് ക്ലോ ഒഴികെയുള്ളവയുടെ കുഞ്ഞുങ്ങൾ വിൽക്കുന്നുണ്ട്. ക്രേഫിഷിനു ചില്ലറ പിപണിയിൽ 100 രൂപ വിലയുണ്ടെന്നു സിബിത പറഞ്ഞു.

വീടിനോടു ചേർന്നുള്ള ഷെഡിലെ മിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഇവയുടെ പ്രജനനം നടത്താൻ സിബിതയ്ക്കു സാധിക്കുന്നു. റെഡ്ക്ലോ ക്രേ ഫിഷിന്റെ രണ്ടു ബാച്ച് ഇതിനകം പുറത്തിറങ്ങി. മാർബിൾ ഗ്രീൻ കുഞ്ഞുങ്ങളെ പ്രജനനം നടക്കാതെ തന്നെ പാർത്തനോജനസിസ് പ്രതിഭാസത്തിലൂടെ ഉൽപാദിപ്പിക്കാനും കഴിഞ്ഞു. പ്രജനനം നടക്കാതെ തന്നെ പെൺമത്സ്യങ്ങളെ മാത്രം പ്രയോജനപ്പെടുത്തി കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാമെന്നതിനാൽ പാർത്തനോജനസിസ് നടക്കുന്ന ഇനങ്ങൾ തുടക്കക്കാരായ സംരംഭകർക്ക് പ്രയോജനപ്പെടുമെന്ന് സിബിത ചൂണ്ടിക്കാട്ടി.

ക്രേഫിഷിനെ വളർത്തുമ്പോൾ ടാങ്കിൽ ഒളിസ്ഥലമൊരുക്കേണ്ടതുണ്ട്. മാത്രമല്ല വെള്ളം മോശമാവുമ്പോൾ കയറിയിരിക്കാനായി ടൈലുകൊണ്ടുള്ള തട്ടുകളും സ്ഥാപിക്കണം. ക്രേഫിഷ് കൂടുതൽ നേരം തട്ടിലിരുന്ന് അന്തരീക്ഷവായു ശ്വസിക്കുന്നതു കാണുമ്പോൾ വെള്ളം ശുദ്ധികരിക്കേണ്ട സമയം അതിക്രമിച്ചെന്നു മനസ്സിലാക്കാം– സിബിത പറഞ്ഞു. ഇവയ്ക്കു കൃത്രിമത്തീറ്റയ്ക്കു പുറമേ ജലസസ്യങ്ങളും ചെറിയ ചെമ്മീൻ നുറുക്കിയതുമൊക്കെയാണ് തീറ്റയായി നൽകാറുള്ളത്. പൊന്തിക്കിടക്കുന്ന പെല്ലെറ്റ് തീറ്റയിലെ വായു ഞെക്കിക്കളഞ്ഞതിനുശേഷം നൽകിയാലേ ടാങ്കിന്റെ അടിത്തട്ടിൽ വഹിരിക്കുന്ന ക്രേഫിഷിനു ഭക്ഷിക്കാനാകൂ.

മത്സ്യത്തീറ്റയായി ഉപയോഗിക്കുന്ന മീൽവേമിന്റെ ഉൽപാദനവും അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ട്. ഓട്സും തവിടും ഉരുളക്കിഴങ്ങും ട്രേകളിൽ നിരത്തിയാണ് ഇവയെ വളർത്തുന്നത്. പണി തീരാത്ത വീടിനുള്ളിലെ ഒരൂ മുറിയിലാണ് ഈ സംരംഭം. കേവലം 10 ട്രേകളിലെ ഉൽപാദനം മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും ഒരു രൂപ നിരക്കിൽ കുറഞ്ഞത് 3000 പുഴുക്കളെ വിൽക്കാൻ കഴിയുന്നുണ്ടെന്ന് സിബിത ചൂണ്ടിക്കാട്ടി. അലങ്കാരമത്സ്യങ്ങൾക്കു മാതമല്ല ഷുഗർഗ്ലൈഡർ, പക്ഷികൾ പോലുള്ള അരുമജീവികളും ആഹാരമാക്കുന്നതിനാൽ ഇവയ്ക്ക് ആവശ്യക്കാരേറിവരികയാണ്. അരുമകളെ വളർത്തുന്നവരും പെറ്റ് പാർക്കുകളുമൊക്കെയാണ് പ്രധാനമായും മീൽവേം വാങ്ങുന്നത്.
നിഷ് അക്വാഫാമിന്റെ ഫേസ് ബുക്ക്, ഇൻസ്റ്റാ പേജുകളിലൂടെയാണ് മത്സ്യങ്ങളുടെ വിപണനം. മറ്റു ജില്ലകളിലിൽ നിന്നുമാത്രമല്ല കേരളത്തിനു പുറത്തുനിന്നും ഓർഡർ കിട്ടാറുണ്ട്. കേരളത്തിലെ കസ്റ്റമർമാർക്ക് പെറ്റ് കൊറിയർ വഴി മീനുകളെ അയക്കും. മറ്റു സംസ്ഥാനങ്ങളിലേക്ക് ട്രെയിൻവഴിയാണ് മത്സ്യങ്ങളെ അയയ്ക്കുക.

പ്ലാന്റഡ് അക്വേറിയങ്ങളിലെ പുതു താരമാണ് പായൽ ഇനമായ ജാവാ മോസ്. ചെറിയ ഫ്രിജ് ബോക്സിൽ പോലും അനായാസം വളർത്താൻ കഴിയുന്ന ജാവാ മോസിനും ഡിമാൻഡ് ഏറെയാണെന്ന് സിബിത. ഇതും തരക്കേടില്ലാത്ത വരുമാനം സിബിതയ്ക്കു നൽകുന്നുണ്ട്.
ഫോൺ: 8281452117