ഇതാണ് ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വതം; സഞ്ചാരികള്‍ക്ക് പോകാനാകുമോ?

Mail This Article
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യകാലം. കൃത്യമായി പറഞ്ഞാല്‍ വര്‍ഷം 1843. അന്നാണ് ഹവായിയിലെ മൗന ലോവ(Mauna Loa) അഗ്നിപര്‍വതത്തിന്‍റെ പൊട്ടിത്തെറി ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. പിന്നീടിങ്ങോട്ട് ഏകദേശം മുപ്പത്തി മൂന്നോളം സ്ഫോടനങ്ങള്‍. കണക്കു നോക്കിയാല്‍, ഓരോ അഞ്ചര വര്‍ഷത്തിലും ഒരു തവണ ഇത് പൊട്ടിത്തെറിക്കുന്നുണ്ട്. ഏറ്റവും അവസാനം പൊട്ടിത്തെറിച്ചതാവട്ടെ, 2022 ലായിരുന്നു.
∙ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വതം
പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഹവായിയിലെ അഞ്ച് അഗ്നിപർവതങ്ങളിൽ ഒന്നാണ് മൗന ലോവ. ഹവായിയുടെ പകുതിയോളം വരും ഇതിന്‍റെ വിസ്തൃതി. താമു മാസിഫ് കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവതമായി ഇതിനെ കണക്കാക്കുന്നു. എന്നാല്‍, പിണ്ഡത്തിന്‍റെയും വിസ്തീർണ്ണത്തിന്‍റെയും കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ അഗ്നിപർവതം മൗന ലോവയാണ്. സമുദ്രത്തിന്‍റെ അടിത്തട്ടിൽ നിന്ന് അളക്കുകയാണെങ്കിൽ, മൗന ലോവക്ക് 33,500 അടി (10,210 മീറ്റർ) ഉയരമുണ്ട്, അതായത് എവറസ്റ്റ് കൊടുമുടിയെക്കാളധികം!
∙ മൗന ലോവ എന്നാല്‍
ഹവായിയൻ ഭാഷയിൽ മൗന ലോവ "നീണ്ട പർവതം" എന്നാണർഥം. പര്‍വതത്തിന്‍റെ മുകള്‍വശം, ദ്വീപിന്‍റെ തെക്കേ അറ്റത്തു നിന്ന് കാൽഡെറയുടെ കൊടുമുടി വരെയും, പിന്നീട് കിഴക്ക്-വടക്കുകിഴക്ക് ഹിലോയ്ക്കു സമീപമുള്ള തീരപ്രദേശം വരെയും ഏകദേശം 120 കിലോമീറ്റർ (74 മൈൽ) വരെ വ്യാപിച്ചുകിടക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് വന്നത്.
∙ അഗ്നിപർവതമുകളില്‍ ഒരു ഹൈക്കിങ്
മൗന ലോവയിലൂടെ ഹൈക്കിങ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ട്. മൗന ലോവ ട്രയല്‍, ഐനാപോ ട്രയല്‍ എന്നിങ്ങനെ രണ്ടു പാതകളാണ് അതിനായി ഉള്ളത്. ആദ്യത്തേത് ഏകദേശം പന്ത്രണ്ടു കിലോമീറ്ററും രണ്ടാമത്തേത് പതിനാറു കിലോമീറ്ററും ആണ് ദൂരം. നിലവില്‍ ഐനാപോ ട്രയല്‍ മാത്രമേ സഞ്ചാരികള്‍ക്കു തുറന്നു കൊടുത്തിട്ടുള്ളൂ.
രണ്ടു തരം പെര്‍മിറ്റുകള്‍ നേടിയ ശേഷമാണ് ഹൈക്കിങ്. 13,250 അടി (4039 മീറ്റർ) ഉയരത്തിലുള്ള മൗന ലോവ ക്യാബിൻ പെർമിറ്റിന് 10 ഡോളര്‍ ചെലവാകും. ഇവിടെ മൂന്ന് രാത്രികൾ വരെ താമസിക്കാം. മൗന ലോവയുടെ കൊടുമുടി കയറുന്ന ആളുകള്‍ക്ക് താമസിക്കാന്‍ ഹലേവായിയിൽ ഐനാപോ ക്യാബിനുണ്ട്. ഐനാപോ ക്യാബിന്‍റെ രാത്രികാല ഉപയോഗത്തിന് സംസ്ഥാന പെർമിറ്റ് ആവശ്യമാണ്, ഇതിന് ഹവായ് നിവാസികൾക്ക് ഒരു രാത്രിക്കുള്ള ഫീസ് 30 ഡോളറും വിദേശികള്‍ക്ക് 50 ഡോളറും ആണ് നല്‍കേണ്ടത്. ഈ ക്യാബിനിലും തുടര്‍ച്ചയായ മൂന്നു രാത്രികള്‍ തങ്ങാം.
വളരെ ബുദ്ധിമുട്ടേറിയ ഒരു യാത്രയാണ് ഇത്. ഹിമാപാതവും ശക്തമായ കാറ്റും സ്ഥിരമാണ്. വർഷത്തിൽ ഏതു സമയത്തും മഞ്ഞുവീഴ്ചയോ ശക്തമായ മഴയോ ഉണ്ടാകാം. മുന്നറിയിപ്പില്ലാതെ തന്നെ കൊടുങ്കാറ്റുകൾ ഉണ്ടാകാം. വർഷം മുഴുവനും രാത്രിയിൽ താപനില പൂജ്യത്തിന് താഴെയായിരിക്കും എന്നതാണ് മറ്റൊരു കാര്യം. ഉയരത്തിലേക്ക് നടന്നു കയറുമ്പോള്‍ 'ആൾട്ടിറ്റ്യൂഡ് സിക്ക്നെസ്സ്' പോലെയുള്ള അവസ്ഥകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. അപ്പോള്‍ തിരിച്ചിറങ്ങുക എന്നത് മാത്രമേ വഴിയുള്ളൂ.
സ്കൂബ ഡൈവ് ചെയ്തു വന്ന ആളുകള്‍ 24 മണിക്കൂറിനു ശേഷം മാത്രമേ ഹൈക്ക് തുടങ്ങാവൂ. 16 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, അമിതഭാരം എന്നിവ ഉള്ളവര്‍ക്ക് കയറാന്‍ അനുവാദം ഇല്ല.
ഹൈക്കിങ് മാത്രമല്ല, ഗൈഡഡ് ടൂറുകളും സൈറ്റ് സീയിങ് ടൂറുകളുമെല്ലാം ഇവിടെ സജീവമാണ്. ലാവപ്പാടങ്ങള്‍ക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ റൈഡുമുണ്ട്. പര്‍വതത്തിന് ചുറ്റുമുള്ള റോഡിലൂടെ കാര്‍ യാത്രയും സാധ്യമാണ്.
∙ നക്ഷത്രങ്ങള്‍ വിരിയും രാവ്
നിലാവും നക്ഷത്രങ്ങളുമുള്ള രാത്രിയില്‍, ആകാശം നോക്കിയിരിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. പ്രകാശ മലിനീകരണം കുറവും ഉയരം കൂടുതലുമായതിനാല്‍ നക്ഷത്ര നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മൗന ലോവ. മൗന ലോവയുടെ അടുത്തുള്ള മറ്റൊരു അഗ്നിപർവതമായ മൗന കിയയ്ക്ക് സമീപമാണ് ലോകപ്രശസ്തമായ ചില നിരീക്ഷണാലയങ്ങൾ സ്ഥിതി ചെയ്യുന്നത്. രാത്രി ആകാശത്ത് തിളങ്ങുന്ന ആകാശക്കാഴ്ചകളും ക്ഷീരപഥവും കാണാൻ സന്ദർശകർക്ക് നക്ഷത്ര നിരീക്ഷണ ടൂറുകൾ ബുക്ക് ചെയ്യാം.
∙ കാലാവസ്ഥയും കാർബൺ ഡൈ ഓക്സൈഡും
ഏകദേശം 11,135 അടി (3,394 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗന ലോവ ഒബ്സർവേറ്ററി (MLO), ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്. 1958 മുതൽ ഇവിടെ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡിന്‍റെ(CO₂) അളവ് രേഖപ്പെടുത്തുന്നു. 'കീലിംഗ് കർവ്' എന്നറിയപ്പെടുന്ന ഈ ഡാറ്റ, ആഗോള കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും കാലാവസ്ഥാ ഗവേഷണത്തിനായി മൗന ലോവയില്‍ നിന്നുള്ള ഈ ഡാറ്റ ഉപയോഗിക്കുന്നു.
മൗന ലോവ വളരെ വലുതായതിനാൽ അത് ഹവായിയുടെ മൊത്തം കാലാവസ്ഥയെ വളരെയധികം ബാധിക്കുന്നുണ്ട്. പര്‍വതക്കാറ്റ് വീശുന്ന ഭാഗങ്ങളില്‍ നല്ല മഴ ലഭിക്കുന്നതിനാല്‍ ഇവിടെ സമൃദ്ധമായ മഴക്കാടുകൾ കാണാം. അതേ സമയം, മറുവശത്ത് വരണ്ട കാലാവസ്ഥയാണ്.
ജീവനുള്ള അഗ്നിപർവതം
മൗന ലോവയുടെ ഭൂരിഭാഗവും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഹവായ് അഗ്നിപർവത ദേശീയോദ്യാനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വർഷത്തെ അഗ്നിപർവത പ്രവർത്തനങ്ങളാൽ രൂപപ്പെട്ട ലാവാ ട്യൂബുകൾ, നീരാവി ദ്വാരങ്ങൾ, ഗർത്തങ്ങൾ എന്നിവ ഈ പാർക്കിൽ കാണാം. കിലാവിയ കാൽഡെറ, തർസ്റ്റൺ ലാവ ട്യൂബ്, ചെയിൻ ഓഫ് ക്രേറ്റേഴ്‌സ് റോഡ് തുടങ്ങിയ, ഹവായിയൻ അഗ്നിപർവത ചരിത്രത്തിലെ പ്രധാന സ്ഥലങ്ങൾ ഇവിടെയാണ് ഉള്ളത്.
മൗന ലോവ ഇപ്പോഴും സജീവമാണ്. ഇത് അവസാനമായി പൊട്ടിത്തെറിച്ചത് 2022 നവംബറിലാണ് നടന്നത്, അന്ന് റോഡുകൾക്ക് സമീപം അപകടകരമായ രീതിയിൽ ലാവാ പ്രവാഹമുണ്ടായി. ഹവായിയൻ അഗ്നിപർവത നിരീക്ഷണാലയം(HVO), സെൻസറുകൾ വഴി അഗ്നിപർവതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സ്ഫോടനങ്ങൾ പതിവല്ലെങ്കിലും, 1843 മുതൽ അഗ്നിപർവ്വതം 33 തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്, ഇത് ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നായി മൗന ലോവയെ മാറ്റുന്നു.
സ്ഫോടനങ്ങളും കടുത്ത നാശനഷ്ടങ്ങളും ഉണ്ടാക്കുന്ന മൗണ്ട് സെന്റ് ഹെലൻസ് അല്ലെങ്കിൽ വെസൂവിയസ് പോലുള്ള അഗ്നിപർവതങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മൗന ലോവ. ഉരുകിയ പാറകൾ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ശക്തമായി പൊട്ടിത്തെറിക്കുന്നതിനുപകരം, പര്‍വതത്തിന്‍റെ ചരിവുകളിലൂടെ ലാവയ്ക്കൊപ്പം ഒഴുകുന്നു.
അഗ്നിപർവതത്തിന്‍റെ സമീപകാല സ്ഫോടനങ്ങളൊന്നും വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമായില്ല, പക്ഷേ 1926 ലും 1950 ലും ഉണ്ടായ പൊട്ടിത്തെറികൾ ചുറ്റുമുള്ള ഗ്രാമങ്ങളെ നശിപ്പിച്ചു. ജനവാസകേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടം വരുത്താൻ സാധ്യതയുള്ളതിനാൽ, ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന 'ദശകത്തിലെ അഗ്നിപർവതങ്ങള്‍(Decade Volcanoes) പരിപാടിയുടെ ഭാഗമാണ് മൗന ലോവ.
1912 മുതൽ ഹവായിയൻ അഗ്നിപർവത നിരീക്ഷണാലയം മൗന ലോവയെ നിരീക്ഷിക്കുന്നുണ്ട്. അന്തരീക്ഷ നിരീക്ഷണങ്ങൾ മൗണ ലോവ ഒബ്സർവേറ്ററിയിലും സൂര്യ നിരീക്ഷണങ്ങൾ മൗന ലോവ സോളാർ ഒബ്സർവേറ്ററിയിലും നടക്കുന്നു, മൗന ലോവയുടെ കൊടുമുടിക്ക് സമീപം ആണ് ഈ ഒബ്സർവേറ്ററികളെല്ലാം തന്നെ സ്ഥിതിചെയ്യുന്നത്.