ദുബായിലെ 28–ാമത്തേത്; സത്വയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

Mail This Article
ദുബായ്∙ ലുലു ഗ്രൂപ്പ് ദുബായിലെ സത്വയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് സിഇഒ മാജിദ് സഖർ അൽമർറിയാണ് ഉദ്ഘാടനം ചെയ്തത്. ദുബായിലെ 28-ാമത്തേതും യുഎഇയിലെ 112-ാമത്തേതുമാണ് സത്വയിലേത്.
സത്വ, ജാഫ്‍ലിയ, ജുമൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ താമസക്കാർക്കും സൗകര്യപ്രദമായ വിധത്തിലാണ് ഹൈപ്പർ മാർക്കറ്റിന്റെ രൂപകൽപന. 62,000 ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഫ്രഷ് മാർക്കറ്റും ഡിപ്പാർട്ട്മെന്റ് സ്റ്റോറുമുണ്ട്. ഗ്രോസറി, ബേക്കറി, ആരോഗ്യ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഐടി ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇ–കൊമേഴ്സ് സേവനവും ഉറപ്പാക്കിയിരിക്കുന്നു.

മൂന്ന് മുതൽ അഞ്ച് വർഷത്തിനകം 100 ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്റെ 23-ാമത്തെ സ്റ്റോറാണ് സത്വയിലേതെന്ന് എം.എ. യൂസഫലി പറഞ്ഞു. ദുബായിൽ ജെഎൽടി, നാദ് അൽ ഹമ്മാർ, ദുബായ് എക്സ്പോ സിറ്റി, ഊദ് അൽ മുതീന എന്നിവിടങ്ങളിലായി നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ഉടൻ തുറക്കും. ഇത് കൂടാതെ ഖോർഫക്കാൻ, ഗലീല, സെയോഹ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങും. സിഇഒ സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു ദുബായ് റീജനൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും പങ്കെടുത്തു.