സ്റ്റേജ് പരിപാടികളിൽ നിന്നും റിയാലിറ്റി ഷോകളിലേക്ക്; ഇന്ന് ദുബായിൽ സ്വന്തമായൊരു 'കെ സ്ക്വാഡ് '

Mail This Article
'ഒന്നുമില്ലാതെയാണ് തുടങ്ങിയത്, പൂജ്യത്തിൽ നിന്ന്. അമ്പല പറമ്പിലും പൂര പറമ്പിലും സ്റ്റേജ് പരിപാടികൾ ചെയ്തു. അവിടെ നിന്നും റിയാലിറ്റി ഷോകളിലേക്ക്. അതിൽ അവസാനത്തേതായിരുന്നു ഡി 4 ഡാൻസ്'. നൃത്തത്തോടുള്ള അഭിനിവേശത്തിനപ്പുറം തന്നെ താനാക്കി മാറ്റിയ നൃത്തത്തെ ജനകീയമാക്കാനുള്ള ശ്രമത്തിന് സുഹൈദ് കുക്കു നൽകിയ പേരാണ് 'കെ സ്ക്വാഡ്'. ആ ശ്രമം തുടങ്ങിയത് തൃശൂരിലെ ചിറ്റാട്ടുകരയെന്ന തന്റെ സ്വന്തം ഗ്രാമത്തിൽ നിന്നു തന്നെ.
ഇന്ന് കേരളത്തിന് അകത്തും പുറത്തുമായി മൂന്ന് ഡാൻസ് സ്റ്റുഡിയോകളാണ് ഈ കലാകാരൻ പടുത്തുയർത്തിയത്. 2014ൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ രണ്ടാം സീസണിലെ ഫൈനലിസ്റ്റ് മത്സരാർഥികളിൽ ഒരാളായിരുന്നു സുഹൈദ് എന്ന കുക്കു. ഒന്നാം സമ്മാനം നേടിയില്ലെങ്കിലും മത്സരത്തിൽ വിജയിച്ചോ എന്ന് ചോദിച്ചാൽ വിജയിച്ചു എന്നു തന്നെ പറയാം. നൃത്ത ചുവടു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കുക്കുവിന് സാധിച്ചു.
ഡി 4 ഡാൻസിന് പിന്നാലെ 2017ൽ തൃശൂരിലെ ചിറ്റാട്ടുകരയെന്ന ഗ്രാമത്തിൽ കുക്കു ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചു. ഒരു നൃത്ത വിദ്യാലയമെന്നതിനു പകരം സ്റ്റേജ് പരിപാടികൾക്കായി പരിശീലനം നടത്താനുള്ള ഒരിടമായാണ് തുടക്കത്തിൽ സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്. വാരാന്ത്യങ്ങളിൽ നാട്ടിൻപുറത്തെ കുട്ടികൾക്ക് ക്ലാസുകളുമെടുത്തു. പിന്നീട് 2019 ഒക്ടോബറിൽ കൊച്ചിയിലെ കാക്കനാട് സ്റ്റുഡിയോ തുടങ്ങി. പിന്നാലെ 2024ൽ ദുബായ് അൽ നാദിൽ സ്വന്തമായി സ്റ്റുഡിയോ.

പലപ്പോഴായി ജീവിതത്തിലും വേദിയിലും ചുവട് പിഴച്ചപ്പോൾ മുന്നോട്ട് പോകാനുള്ള ഊർജവും പ്രതീക്ഷയും നൽകിയത് നൃത്തമാണ്. ജീവതാളമായി മാറിയ ഒരഭിനിവേശം. കുക്കുവിന്റെ ഈ ജീവതാളത്തിന് ഒപ്പമുണ്ട് ഭാര്യ ദീപ. ഇൻഫോപാർക്കിൽ എച്ച്ആർ ആയി ജോലി ചെയ്തിരുന്ന ദീപ കോവിഡ് കാലത്ത് ജോലി രാജിവച്ച് കുക്കുവിനും 'കെ സ്ക്വാഡി'നും പൂർണ പിന്തുണയുമായി സ്റ്റുഡിയോയിൽ ചേർന്നു. ഇപ്പോൾ നൃത്ത അധ്യാപനത്തിനൊപ്പം സ്റ്റുഡിയോയുടെ സുഗമമായ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത് ദീപയാണ്. ക്രിയാത്മകമായ പ്രവർത്തനത്തിന് കുക്കു ചുമതല വഹിക്കുമ്പോൾ സ്റ്റുഡിയോ മാനേജമെന്റ് ദീപയുടെ കയ്യിൽ ഭദ്രം.

∙ ദുബായ് അൽ നാദ് സ്റ്റുഡിയോ
ഏറെ പ്രതീക്ഷയോടെയാണ് 2019 ഒക്ടോബറിൽ കൊച്ചിയിലെ കാക്കനാട് സ്റ്റുഡിയോ ആരംഭിക്കുന്നത്. ലോൺ എടുത്താണ് സ്റ്റുഡിയോ തുടങ്ങിയത്. എന്നാൽ സ്വപ്നങ്ങൾക്ക് ഇരുൾ വീഴ്ത്തി കോവിഡ് എത്തി. ഏകദേശം രണ്ട് വർഷത്തോളം സ്റ്റുഡിയോ അടച്ചിടേണ്ടി വന്നു. സമൂഹ മാധ്യമത്തിൽ സജീവമായ കുക്കുവും ദീപയും പതുക്കെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. കോവിഡിന് ശേഷം കൊച്ചി സ്റ്റുഡിയോയ്ക്ക് ജീവൻ തിരിച്ചുകിട്ടി. കുക്കുവിനെയും ദീപയെയും കൂടാതെ എട്ട് പരിശീലകരാണ് നാട്ടിലെ ക്ലാസുകൾക്ക് നേത്യത്വം നൽകുന്നത്.
നൃത്തത്തെ നെഞ്ചോടുചേർത്തു പിടിച്ച് ഇവർ മേയ് 2024ൽ ദുബായിൽ സ്റ്റുഡിയോ ആരംഭിച്ചു. പ്രവാസി മലയാളികൾ കൂടുതലും താമസിക്കുന്ന ദുബായ് അൽ നാദിലാണ് പുതിയ സ്റ്റുഡിയോ. കുക്കുവിനെയും ദീപയെയും കൂടാതെ ഇവിടെ രണ്ട് പരിശീലകരാണുള്ളത്. അവധിക്കാലമായാൽ കുട്ടികൾ ഏറെ ഉത്സാഹത്തോടെ സ്റ്റുഡിയോയിലെത്തും. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി അവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ക്യാംപുകൾ ഒരുക്കും.

സമ്മർ ക്യാംപ്, വിന്റർ ക്യാംപ് തുടങ്ങിയവയിൽ പങ്കെടുക്കാൻ കുട്ടികൾക്കും അവരെ അയയ്ക്കാൻ മാതാപിതാക്കൾക്കും ഏറെ ഉത്സാഹമാണ്. ക്യാംപുകൾ കൂടാതെ പ്രശസ്ത കലാകാരന്മാരുടെ പ്രത്യേക സെഷനുകളും വർക്ഷോപ്പുകളും കുട്ടികൾക്കായി ഒരുക്കുന്നു. ഇന്ന് അൻപതോളം കുട്ടികളാണ് ദുബായ് അൽ നാദിലെ കെ സ്ക്വാഡിൽ നൃത്തം പഠിക്കുന്നത്.

∙ വെസ്റ്റേൺ ഡാൻസാണ് മെയിൻ
മറ്റ് നൃത്ത വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിപ്പ് ഹോപ്പ്, കൺടംപററി, വാക്കിങ്, ലോക്കിങ് തുടങ്ങിയ വെസ്റ്റേൺ ഡാൻസും ഒപ്പം ബോളിവുഡ് ഡാൻസും ഇവിടെ പഠിപ്പിക്കുന്നു. ഇതിനോടൊപ്പം കൊറിയോഗ്രഫി ക്ലാസുകളും ഫ്രീ സ്റ്റൈൽ കൊറിയോഗ്രഫി ക്ലാസുകളും നടത്തുന്നുണ്ട്. ക്ലാസുകൾ മാത്രമല്ല കല്യാണം പേലുള്ള ഫങ്ഷനു തയാറെടുക്കുന്നവർക്കും പരിശീലനത്തിനായി സ്റ്റുഡിയോ വിട്ടുനൽകുന്നുണ്ട്.
∙ കരുത്തും വെല്ലുവിളിയും
ഈ മേഖലയിലെ പ്രധാന കരുത്തും വെല്ലുവിളിയും കുട്ടികൾ തന്നെയാണ്. ഒരു വർഷം 30 കുട്ടികൾ അഡ്മിഷൻ എടുത്ത് കഴിഞ്ഞാൽ ഇവരെല്ലാവരും ഒരു വർഷവും തുടർന്നും നമ്മുക്കൊപ്പം കാണുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ലെന്ന് ദീപ പറയുന്നു. ഇവരിൽ പലരും പാതി വഴിയിൽ പഠനത്തിനായും ജോലിക്കും മറ്റുമായി ഇവിടെ നിന്നും പോകുന്നു. അതേസമയം മൂന്നും നാലും വർഷം നമ്മോടൊപ്പമുള്ള കുട്ടികളുമുണ്ട്.

∙ പരിശീലകരും ഉഷാർ
വിദ്യാർഥികളെ നൃത്തം പരിശീലിപ്പിക്കുന്ന കാര്യത്തിൽ പരിശീലകർ വളരെ ആക്ടീവ് ആണ്. അധ്യാപകരുടെ സമയക്രമവും ഫ്ലെക്സിബിൾ ആണ്. പരിശീലകർക്ക് മികച്ച അവസരങ്ങൾ ലഭിക്കുമ്പോൾ അവർക്ക് അതിലേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. പരിശീലകർ മാറി വരുന്നതനുസരിച്ച് പുതിയ പരിശീലകർക്ക് ആവശ്യമായ ട്രെയിനിങ്ങും സഹായങ്ങളും 'കെ സ്ക്വാഡ് ' നൽകുന്നു.