കുനൂർ അപകടത്തിൽ പൊലിഞ്ഞ ബ്രിഗേഡിയർ: ലിഡറിനെക്കുറിച്ച് ഭാര്യയുടെ പുസ്തകം

Mail This Article
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ കൊല്ലപ്പെട്ട 2021ലെ കുനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ബ്രിഗേഡിയർ എൽ.എസ്. ലിഡറിനെപ്പറ്റി ഭാര്യ ഗീഥിക ഓർമപ്പുസ്തകമിറക്കി.
ഡൽഹിയിൽ സ്‌കൂൾ ടീച്ചറായ ഗീതിക ‘അയാം എ സോൾജിയേഴ്സ് വൈഫ്’ എന്ന പുസ്തകമാണു പുറത്തിറക്കിയത്. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയാണു പുസ്തകം പ്രകാശനം ചെയ്തത്. ലിഡറിന്റെ വ്യക്തിജീവിതവും കരിയറിനോടുള്ള ആത്മാർപ്പണവും വിശദമാക്കുന്നതാണു പുസ്തകം.
ബ്രിഗേഡിയർ എൽ.എസ്. ലിഡർ കരസേനയിലെ തിളങ്ങുന്ന താരമായിരുന്നു. പാർലമെന്‌റിലെ മിലിട്ടറി കാര്യ വകുപ്പിൽ സംയുക്ത സേനാ മേധാവിയുടെ ഡിഫൻസ് അസിസ്റ്റന്‌റ് എന്ന നിർണായകമായ പദവി കൈയാളിയിരുന്നത് ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ബ്രിഗേഡിയർ ലിഡറായിരുന്നു. മികച്ച സൈനികൻ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകൻ കൂടിയായിരുന്നു ലിഡർ.
സെന്‌റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസ് എന്ന പ്രതിരോധ ജേണലിൽ ചൈനയുടെ ബഹിരാകാശ, ഹൈ ടെക് യുദ്ധരീതികളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും വളരെ വിശദമായ പ്രബന്ധം ലിഡർ എഴുതിയിരുന്നു. പ്രതിരോധ ഗവേഷണത്തിൽ അദ്ദേഹത്തിന്‌റെ മികവും പാടവവും പ്രകടമാക്കുന്ന ലേഖനമായിരുന്നു അത്. ബഹിരാകാശ യുദ്ധം, ഹൈബ്രിഡ് യുദ്ധം, സാറ്റലൈറ്റ് അധിഷ്ഠിത പ്രതിരോധ രീതികൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ഒരു ലേഖനമായിരുന്നു ഇത്.
ഒരു മിലിറ്ററി ഉദ്യോഗസ്ഥനായ കേണൽ മെഹംഗ സിങ്ങിന്‌റെ മകനായാണു ലിഡറിന്‌റെ ജനനം. പഞ്ച്കുലയിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ ലിഡർ പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 1990ൽ ജമ്മു കശ്മീർ റൈഫിൾസിന്‌റെ ഭാഗമായാണ് അദ്ദേഹം സൈനിക ജീവിതം തുടങ്ങിയത്.ജമ്മു കശ്മീരിലെ വിഘടനവാദപ്രവർത്തനങ്ങളെ അമർച്ച ചെയ്യാൻ തന്‌റെ ആദ്യ കാല കരിയറിൽ ലിഡർ ശ്രദ്ധേയ സംഭാവനകൾ നൽകി.
സേന മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയ ഉന്നത സൈനിക പുരസ്‌കാരങ്ങൾ അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ നടത്തിപ്പ് ചുമതല ഇടക്കാലത്ത് കൈയാളിയിരുന്ന അദ്ദേഹം കസഖ്സ്ഥാൻ എംബസിയിൽ ഡിഫൻസ് അറ്റാഷേയായും ഇടയ്ക്ക് സേവനം നടത്തി. 16 വയസ്സുള്ള ഏക മകൾ പ്ലസ്ടുപരീക്ഷ എഴുതാൻ തയാറെടുക്കവേയാണു ലിഡറുടെ മരണം.