എട്ടാം ദിനവും താരിഫ് വെള്ളിടി! പരിഭ്രാന്തരാകുന്ന ചെറുകിട നിക്ഷേപകർ : വിപണി എന്തിന് വീണു? എവിടെ വരെ വീഴും ?

Mail This Article
ട്രംപിന്റെ പ്രതികാര താരിഫ് ഇന്ത്യക്കും കെണിയായതോടെ വില്പന സമ്മർദ്ദം അതിജീവിക്കാനാകാതെ തുടർച്ചയായ എട്ടാം ദിനവും വിപണി നഷ്ടം കുറിച്ചു. ഡൽഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന വിപണിക്കാണ് ട്രംപ് താരിഫ് വെള്ളിടിയായി മാറിയത്. മറ്റ് വിപണികളെല്ലാം കഴിഞ്ഞ ആഴ്ചയിൽ നേട്ടവും കുറിച്ചു.
മുൻആഴ്ചയിൽ 23559 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 22929 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്സ് 77860 പോയിന്റിൽ നിന്നും 75939 പോയിന്റിലേക്കും വീണു. വീണ്ടും 22800 പോയിന്റ് മേഖലയിൽ പിന്തുണ നേടിയ നിഫ്റ്റി ഒരു ആശ്വാസ മുന്നേറ്റം പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം റീറ്റെയ്ൽ നിക്ഷേപകർ കൂടുതൽ പരിഭ്രാന്തരാകുന്നത് കടുത്ത പരീക്ഷണമാകും.
നിഫ്റ്റി-500 സൂചിക 4.7%വും, നിഫ്റ്റി നെക്സ്റ്റ്-50 സൂചിക 6.7%വും വീണപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയുടെ ആഴ്ചനഷ്ടം പത്ത് ശതമാനത്തിനടുത്താണ്. റിയൽറ്റി സെക്ടറും 9%ൽ കൂടുതൽ തകർച്ചയാണ് നേരിട്ടത്. ബാങ്ക് നിഫ്റ്റി 2%ൽ കൂടുതൽ വീണപ്പോൾ ഐടി 4%വും, ഫാർമ സെക്ടർ 6%വും നഷ്ടം കുറിച്ചു.

തകർന്ന് മിഡ് & സ്‌മോൾ ക്യാപ്
വെള്ളിയാഴ്ച മാത്രം നിഫ്റ്റി സ്‌മോൾ ക്യാപ് -100 സൂചിക 3.55%വും, മിഡ് ക്യാപ്-100 സൂചിക 2.41%വും നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപരുടെ നഷ്ട വ്യാപ്തി വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റി മൈക്രോ ക്യാപ്-250 സൂചിക 9.6%വും, നിഫ്റ്റി സ്‌മോൾ ക്യാപ്-50 സൂചിക 9.9%വും, നിഫ്റ്റി മിഡ്ക്യാപ് സെലക്ട് 7.7% വീണു.
ഓഹരികളിലെ വിലയിടിവ് മാർജിൻ ട്രേഡ് ഫണ്ടിങ് സൗകര്യം ഉപയോഗിച്ചിരുന്നവരെ കൂടുതൽ പ്രശ്നത്തിലാക്കിയതും തുടർന്ന് മാർജിൻ അനുവദിക്കാനാകാത്തതും സ്‌മോൾ & മിഡ് ക്യാപ് ഓഹരികളുടെ വീഴ്ചക്ക് കാരണമായിട്ടുണ്ട്.
വിദേശഫണ്ടുകൾക്കൊപ്പം റീറ്റെയ്ൽ നിക്ഷേപകരും
ആഭ്യന്തര ഫണ്ടുകൾ ഇന്ത്യൻ വിപണിയെ സ്ഥിരമായി പിന്തുണയ്ക്കുമ്പോൾ വിദേശഫണ്ടുകൾക്കൊപ്പം റീറ്റെയ്ൽ നിക്ഷേപകരും വിപണിവീഴ്ചയുടെ ഉത്തരവാദികളാകുന്നു. ഇന്ത്യൻ റീറ്റെയ്ൽ നിക്ഷേപകരിൽ മൂന്നിലൊന്ന് പേരും കഴിഞ്ഞ 14 മാസങ്ങൾക്കുള്ളിൽ മാത്രം ഇന്ത്യൻ വിപണിയിലെത്തിയവരാണെന്നതും ഓട്ടോ സ്‌ക്വയർ-ഓഫ് ബട്ടന്റെ ‘വ്യാപക’ ഉപയോഗവും ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടത്തോത് വർദ്ധിപ്പിക്കുന്നു. എംടിഎഫ് കെണി പുതിയ നിക്ഷേപകരെ വട്ടം കറക്കുന്നതും വിപണിയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.
ഫെബ്രുവരിയിലിതു വരെ 29183 കോടി രൂപയുടെ വില്പന നടത്തിക്കഴിഞ്ഞ വിദേശഫണ്ടുകളുടെ കഴിഞ്ഞ അഞ്ച് മാസത്തെ വില്പന മൂന്ന് ലക്ഷം കോടി രൂപയാണ്.
എന്തിന് വീണു? എവിടെ വരെ വീഴും ?
വിപണി എന്തുകൊണ്ടെല്ലാം വീണു എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ടെങ്കിലും വിദേശ ഫണ്ടുകളുടെ വില്പന തന്നെയാണ് പ്രധാന കാരണം. അമേരിക്കയും ചൈനയും കൂടുതൽ ആകർഷമാകുന്ന സമയത്ത് തന്നെ ഇന്ത്യയുടെ ഘടകങ്ങളെല്ലാം മോശമാകുന്ന ‘ഗതി’ വന്നതും വിദേശഫണ്ടുകളുടെ വിൽപ്പനയെ ത്വരിപ്പെടുത്തി.
ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നും തന്നെയാണ് ഇക്കണോമിക് ‘ഹെഡ്‌ലൈനുകൾ’ വരുന്നത് എന്നതും ഇന്ത്യ തലക്കെട്ടുകളിൽ ഇടംപിടിക്കുന്നില്ല എന്നതും വിദേശഫണ്ടുകളുടെ ഒഴുക്കിനെ സ്വാധീനിച്ചു.
ജിഡിപി വളർച്ച മെല്ലെയാകുന്നതും രൂപയുടെ വീഴ്ചയും റിസൾട്ടുകള്‍ മോശമായതും വ്യവസായികോല്പാദന വളർച്ചയുടെ വേഗം കുറയുന്നതും ഇന്ത്യൻ വിപണി സാഹചര്യങ്ങൾ കൂടുതൽ കടുത്തതാക്കി. മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ച ഓഹരികള്‍ വില്പന സമ്മർദ്ദം മറികടക്കാനാകാതെ വീണത് അവസരമാണ്.
റെസിപ്രോക്കൽ താരിഫ്
അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെമേൽ ഏറ്റവും കൂടിയ നികുതി ചുമത്തുന്ന രാജ്യമെന്ന ഖ്യാതി പേറുന്ന ഇന്ത്യയായിരിക്കും അമേരിക്കൻ താരിഫ് ‘ക്രമപ്പെടുത്ത’ലിന്റെ ഏറ്റവും വലിയ ഇരയാവുക എന്ന ധാരണ ഇന്ത്യൻ വിപണിക്ക് തിരുത്തൽ നൽകിയിരുന്നു. വ്യാഴാഴ്ച പ്രസിഡന്റ് ട്രംപ് ഒപ്പു വെച്ച റെസിപ്രോക്കൽ താരിഫ് ഓരോ രാജ്യവുമായി ആഴ്ചകൾ നീളുന്ന ചർച്ചകൾ നടത്തി മാർച്ച് 31ന് ശേഷമാകും നിലവിൽ വരിക.
ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ ചാർത്തുന്ന ഇറക്കുമതി തീരുവ ശരാശരി 9.5% മാണെങ്കിൽ ചൈന അമേരിക്കക്ക് ചുമത്തുന്ന തീരുവ 7.1% മാത്രമാണ്. അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങളുടെമേൽ ചുമത്തുന്ന ഇറക്കുമതി തീരുവ 3% മാത്രവും. അമേരിക്കൻ കാറുകൾക്ക് മേൽ ഇന്ത്യ ചുമത്തുന്നത് 70% ഇറക്കുമതി തീരുവയാണ്.
അമേരിക്കയുടെ ഓട്ടോ ഇറക്കുമതി താരിഫ് ഏപ്രിൽ രണ്ടിന് നിലവിൽ വരും. ഇന്ത്യയുടെ ഇറക്കുമതി തീരുവകൾ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവും വൈകിപ്പിച്ചിരുന്നു.

ഫെഡ് നിരക്ക് കുറക്കും
അമേരിക്കയുടെ വാർഷിക പണപ്പെരുപ്പവളർച്ച ജനുവരിയിൽ വിപണി അനുമാനം കടന്ന് മുന്നേറിയതും, സൂക്ഷിച്ച് മാത്രമേ ഫെഡ് നിരക്കിന്റെ കുറക്കൽ ഉണ്ടാകൂ എന്ന് ഫെഡ് ചെയർമാൻ പ്രഖ്യാപിച്ചത് ഡോളറിന് മുന്നേറ്റം നൽകിയിരുന്നു. എന്നാൽ ഫെഡ് നിരക്ക് തുടർന്നും കുറക്കും എന്ന ട്രംപിന്റെ സൂചനക്ക് ശേഷം ഡോളർ ക്രമപ്പെടുന്നത് ഇന്ത്യൻ രൂപക്ക് അനുകൂലമാണ്.
എന്നാൽ ഇന്ത്യയുടെ ജനുവരിയിലെ പണപ്പെരുപ്പം കുറഞ്ഞത് ആർബിഐ വീണ്ടും റീപോ നിരക്ക് കുറക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചു.
ലോക വിപണിയിൽ അടുത്ത വാരം
∙തിങ്കളാഴ്ച അമേരിക്കൻ കനേഡിയൻ വിപണികൾക്ക് അവധിയാണ്. അമേരിക്ക നാളെ ജോർജ് വാഷിങ്ങ്ടണിന്റെ ജന്മദിനം ആചരിക്കുന്നു. വ്യാഴാഴ്ച ഫെഡ് മിനുട്സ് വരാനിരിക്കുന്നതും, ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, ബുധനാഴ്ച വരുന്ന ഹൗസിങ് ഡേറ്റയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙വ്യാഴാഴ്ച അൺഎംപ്ലോയ്‌മെന്റ് ക്ലെയിമിന് അപേക്ഷിച്ചവരുടെ എണ്ണവും വെള്ളിയാഴ്ച്ച മാനുഫാക്ച്ചറിങ് & സർവീസ് പിഎംഐ ഡേറ്റയും വരുന്നത് പ്രധാനമാണ്.
∙ബ്രിട്ടീഷ് സിപിഐ ബുധനാഴ്ചയും, ജർമൻ സിപിഐ വ്യാഴാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.
∙ജപ്പാനീസ് ജിഡിപി തിങ്കളാഴ്ചയും, പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ലോൺ പ്രൈം റേറ്റ് വ്യാഴാഴ്ച്ചയും ഏഷ്യൻ വിപണികളെ സ്വാധീനിക്കും.
∙ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതിക്കണക്കുകൾ തിങ്കളാഴ്ച വരുന്നു. വെള്ളിയാഴ്ച്ചയാണ് മാനുഫാക്ച്ചറിങ് & സർവീസ് പിഎംഐ ഡേറ്റ വരുന്നത്.
ഓഹരികളും സെക്ടറുകളും
∙ഇന്ത്യയുടെ റീറ്റെയ്ൽ, ഹോൾസെയിൽ പണപ്പെരുപ്പവളർച്ച കുറഞ്ഞതും ആർബിഐ റീപോ നിരക്ക് കുറച്ചത് ശരിവയ്ക്കുന്നു. തുടർന്നും റീപോ നിരക്ക് കുറയുന്നത് ഓട്ടോ, കൺസ്യൂമർ ഓഹരികൾക്ക് അനുകൂലമാണ്.
∙പതിനഞ്ച് കോടി ഡീമാറ്റ് അക്കൗണ്ട് എന്ന നാഴികക്കല്ല് പിന്നിട്ടത് സിഡിഎസ്എലിനെ കൂടുതൽ ആകർഷകമാക്കുന്നു. ഇന്ത്യൻ വിപണിയിലെ റീറ്റെയ്ൽ സാന്നിദ്ധ്യം വർദ്ധിക്കുന്നത് വിപണിയുടെ അടിസ്ഥാനം ശക്തമാക്കും.
∙സെമികണ്ടക്ടർ ബിസിനസ് തായ്‌വാനിൽ നിന്നും അമേരിക്കയിലേക്ക് തന്നെ കൊണ്ട് വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന പ്രസ്താവന ഇന്ത്യൻ സെമികണ്ടക്ടർ മേഖലക്ക് പ്രതീക്ഷയാണ്.
യുഎസ്-ഇന്ത്യ ട്രസ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഇൻഫ്രാ സ്ട്രക്ച്ചർ സൃഷ്ടിക്കാനായുള്ള റോഡ് മാപ്പ് തയാറാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. കൂടാതെ ഇന്ത്യയുടെ സ്വന്തമായ എഐ അടിസ്ഥാനനിർമിതിയുടെ ഭാഗമായി 19,000 ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകൾ (ജിപിയു) സ്റ്റാർട്ടപ്പുകൾക്കും അക്കാദമിക് ആവശ്യങ്ങൾക്കുമായി ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
∙10000 ജിപിയുകൾക്കായുള്ള മെഗാ ടെൻഡറിനായി ഇന്ത്യ എഐ മിഷൻ ടാറ്റ കമ്മ്യൂണിക്കേഷൻ, ജിയോ പ്ലാറ്റ്ഫോംസ്, ഇ2ഇ നെറ്റ് വർക്സ്, ഓറിയന്റ് ടെക്‌നോളജീസ് മുതലായ പത്ത് സ്ഥാപനങ്ങളെ ഏർപ്പെടുത്തിയെന്ന വാർത്ത ഓഹരികൾക്ക് അനുകൂലമാണ്.
∙എഐയുടെ ആവിർഭാവം പ്രോഗ്രാമിങ്, ഡവലപ്മെന്റ് തൊഴിലുകളെ ബാധിക്കുമെന്ന പ്രചാരണം ഇന്ത്യൻ ഐടി ഓഹരികൾക്കും കെണിയായേക്കാം.
∙ഫാർമ ഉല്പാദനവും തിരിച്ച് അമേരിക്കയിലേക്ക് കൊണ്ട് പോകുമെന്ന ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ ഫാർമ ഓഹരികളിൽ വെള്ളിയാഴ്ച വലിയ വില്പന സമ്മർദ്ദം നൽകി.
∙ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവിന് കളമൊരുങ്ങുന്നത് റിലയൻസ് ജിയോയും എയർടെലും ഐഡിയയും അടങ്ങുന്ന ടെലികോം സെക്ടറിന് ക്ഷീണമായേക്കാം.
∙ഇന്ത്യയുടെ വ്യവസായികോല്പാദനവളർച്ച സൂചിപ്പിക്കുന്ന ഐഐപി ഡേറ്റ വളർച്ച ഡിസംബറിൽ വീണ്ടും കുറഞ്ഞതും വിപണിക്ക് ക്ഷീണമാണ്.
∙റിലയൻസ് ഇൻഡസ്ട്രീസ് നിലവിലെ വിലയിൽ നിക്ഷേപത്തിന് യോഗ്യമാണെന്നു പ്രഖ്യാപിച്ച ജെപി മോർഗൻ ഓഹരിയെ ഓവർവെയ്‌റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി 1520 രൂപ ലക്ഷ്യവും കുറിച്ചു.
∙ഭെല്ലിന് കഴിഞ്ഞ ആഴ്ചയിൽ 6200 കോടിയുടെയും 6700 കോടി രൂപയുടെയും വീതം രണ്ട് പുതിയ കോൺട്രാക്ടുകൾ ലഭ്യമായത് അനുകൂലമാണ്.
∙കോട്ടക് ബാങ്കിന് ഓൺലൈൻ മൊബൈൽ ബാങ്കിങ് ഉപയോക്താക്കളെ സ്വീകരിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണം ആർബിഐ നീക്കിയത് ഓഹരിക്ക് അനുകൂലമാണ്.

രൂപ
അമേരിക്കൻ ഡോളറിനെതിരെ രൂപ 86.62/- എന്ന മികച്ച നിലയിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. ആർബിഐ ഫോറെക്സ് വിപണിയിൽ ഇടപെടൽ നടത്തിയതോടെ രൂപയുടെ 19 മാസത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ ആഴ്ചയിലേത്.
സ്വർണം
കഴിഞ്ഞ ആഴ്ചയിൽ ഔൺസിന് 2968 ഡോളർ എന്ന റെക്കോർഡ് കുറിച്ച രാജ്യാന്തര സ്വർണ അവധി പിന്നീട് അമേരിക്കൻ പണപ്പെരുപ്പം അടക്കമുള്ള ഡേറ്റകൾ എതിരായതിനെ തുടർന്ന് നേട്ടങ്ങൾ കൈവിട്ട് 2900 ഡോളറിൽ ക്രമപ്പെട്ടു. വെള്ളിയാഴ്ച മാത്രം സ്വർണം ഒന്നര ശതമാനവും നഷ്ടം കുറിച്ചു.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ച്ചയിൽ 74.74 ഡോളറിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തിയപ്പോൾ നാച്ചുറൽ ഗ്യാസ് എട്ടര ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ചയിൽ നേടിയത്. വെള്ളിയാഴ്ച കോപ്പർ 2.30% വീണപ്പോൾ അലുമിനിയം 1.08% മുന്നേറ്റവും നേടി.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക