പ്രണയമോ ഇണയോ വേണ്ട, ഒറ്റയ്ക്കുള്ളവരുടെ ചെലവ് രീതികളറിയാൻ കമ്പനികള്ക്കെന്തൊരു താൽപര്യം!

Mail This Article
2000 ത്തിൽ കേരളവും ഇന്ത്യയും വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും തൊഴില്‍പരമായും കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വളരെയധികം മാറിയിരിക്കുന്നു. പരമ്പരാഗത കുടുംബ ഉത്തരവാദിത്തങ്ങൾക്ക് മുകളിൽ തൊഴിലിനെ കാണുന്ന രീതിയിലേക്കും ഉത്തരവാദിത്വങ്ങൾ അധികം ഇല്ലാതെ ജീവിക്കാനും യുവ തലമുറ ഇഷ്ടപ്പെടുന്നുണ്ട്.
അവിവാഹിതരുടെ എണ്ണം കൂടും
മോർഗൻ സ്റ്റാൻലിയുടെ സർവേ പ്രകാരം, കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് 2030 ആകുമ്പോഴേക്കും അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കുത്തനെ കൂടും. 25-44 പ്രായപരിധിയിലുള്ള ഏകദേശം 45 ശതമാനം സ്ത്രീകളും കുട്ടികളില്ലാത്തവരും അവിവാഹിതരുമാകുമെന്ന് മോർഗൻ സ്റ്റാൻലി സർവേ പറയുന്നു. 20 കളിൽ സ്ത്രീകൾ വിവാഹം കഴിച്ചിരുന്ന കാര്യത്തിൽ നിന്ന് വലിയൊരു മാറ്റമായിരിക്കും 2030 ആകുമ്പോൾ ഉണ്ടാകുക എന്നാണ് ഇവരുടെ പ്രവചനം.

സ്ത്രീകൾ മുൻകാലങ്ങളെ വച്ച് തങ്ങളുടെ വ്യക്തിത്വ വികസനത്തിനും കരിയറിനും മുൻഗണന നൽകുന്നതാണ് ഈ മാറ്റം ഉണ്ടാക്കുക. അവിവാഹിതരായി തുടരുന്നത് കൂടുതൽ ആകർഷകമായ കാര്യമായി ഇപ്പോൾ കേരളത്തിൽ പോലും യുവതലമുറ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന കാര്യം ഇവിടെ കൂട്ടി വായിക്കാം. യുവതികൾക്കിടയിൽ മാത്രമല്ല യുവാക്കൾക്കിടയിലും വിവാഹം വേണ്ട എന്ന ചിന്ത കൂടുകയാണ്.
ചെലവ് രീതികളുടെ പഠനം
2023 ലെ കണക്കുകൾ അനുസരിച്ച് അമേരിക്കയിലെ ജനസംഖ്യയിൽ പകുതിയോളം പേർ ഒറ്റക്ക് ജീവിക്കുന്നവരാണ്. ഇവർക്ക് മാത്രമായി പരസ്യം ചെയ്യുന്ന തന്ത്രങ്ങൾ വരെ അവിടെ കമ്പനികൾ സ്വീകരിക്കാറുണ്ട്. നമ്മുടെ നാട്ടിലേക്കും ഈ പ്രവണത എത്തി തുടങ്ങി. ആഗ്രഹങ്ങളും അഭിലാഷങ്ങളും ലൈഫ് സ്റ്റൈൽ രീതികളും കുടുംബങ്ങളിൽ നിന്ന് വ്യത്യസ്തരായിരിക്കുന്ന അവിവാഹിതർക്ക്, ചെലവാക്കുന്നതിൽ പലപ്പോഴും റോൾ മോഡലുകൾ അവരുടെ കൂടെ ജോലി ചെയ്യുന്നവർ തന്നെ ആയിരിക്കും.

ഭക്ഷണത്തിനും, വീട് വാങ്ങുന്നതിനും, വീട് മോടി പിടിപ്പിക്കുന്നതിനും, കാറുകൾ വാങ്ങുന്നതിനും, യാത്രക്കും എല്ലാം ഒറ്റക്ക് ജീവിക്കുന്നവർ ചെലവാക്കുന്ന തുക കൂടുതലായിരിക്കും. ഒരു കുടുംബം പിശുക്കി പിടിച്ചു ചെലവാക്കുന്ന രീതി ആയിരിക്കില്ല, നല്ല ജോലിയുള്ള അവിവാഹിതരായവരുടേത്. അവരുടെ ചെലവ് രീതികൾ പഠിക്കാൻ അതുകൊണ്ടു കമ്പനികൾക്ക് താല്പര്യം കൂടുതലായിരിക്കും.
ഇത്തരക്കാരുടെ ഡേറ്റ വിശകലനം ചെയ്ത് അവർ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ മനസിലാക്കി അതിനനുസരിച്ച പരസ്യങ്ങൾ എത്തിക്കാൻ വേണ്ടിയാണ് കമ്പനികൾ 'സ്‌പെൻഡിങ് പാറ്റേണുകൾ' പഠിക്കുന്നത്. അതുപോലെ ഇത്തരക്കാർക്ക് 'ലോയൽറ്റി കാർഡുകൾ' കൊടുക്കുന്നതും കമ്പനികൾക്ക് ഇഷ്ടമായിരിക്കും. തങ്ങളുടെ തന്നെ സാധനങ്ങൾ ഭാവിയിലും തുടർന്ന് വാങ്ങാൻ ഡിസ്‌കൗണ്ട് ഉള്ള ലോയൽറ്റി കാർഡുകൾ പ്രേരിപ്പിക്കും.
സാമ്പത്തികം
ഒറ്റയ്ക്ക് ജീവിക്കുന്നവരിൽ ഒരു കൂട്ടർക്ക് സാമ്പത്തിക സാക്ഷരത ഉണ്ടെങ്കിൽ മറ്റൊരു കൂട്ടർ കഠിനാധ്വാനം ചെയ്യാനും അത് അപ്പോൾ തന്നെ ചെലവാക്കാനും ആയിരിക്കും ഇഷ്ടപ്പെടുന്നത്. ആരെയും ആശ്രയിക്കാതെ ജീവിക്കുന്നതിനാൽ ചിലർ ദീർഘകാല സാമ്പത്തിക സുരക്ഷക്ക് മുൻതൂക്കം നൽകും.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും മരണങ്ങളും മാധ്യമങ്ങളിൽ നിറയുമ്പോൾ അതും പെൺകുട്ടികളെ പേടിപ്പിക്കുന്നുണ്ട്. കല്യാണം ഒരു തടവറയാണ് എന്ന ചിന്ത മൂലം പലരും വിവാഹമെന്ന വ്യവസ്ഥിതിയോട് മുഖം തിരിക്കുന്നുണ്ട്. തന്റെ സ്വത്തിന്റെ വിഹിതം സ്വന്തമായി കൈകാര്യം ചെയ്യാൻ എനിക്കറിയാം എന്ന് ചങ്കുറപ്പോടെ സ്ത്രീകൾ ചിന്തിച്ചു തുടങ്ങിയതും സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നുണ്ട്.

ആണിനും പെണ്ണിനും കുടുംബത്തിന് അപ്പുറത്തേക്കുള്ള വിശാല ചിന്തകൾ വന്ന് തുടങ്ങിയതിനാൽ ഇന്ത്യൻ സമൂഹവും മാറി തുടങ്ങിയിരിക്കുന്നു. ജപ്പാനിലെയും ചൈനയിലെയും യുവജനങ്ങളുടെ പോലെ കല്യാണമോ, കുട്ടികളോ വേണ്ട എന്ന ലൈനിൽ തന്നെയാണ് ഇന്ത്യൻ യുവത്വവും പോകുന്നത്.
കൈയയച്ചു ചെലവ് ചെയ്യുന്നതിനാലാണ് ഒറ്റക്കുള്ളവരുടെ ചെലവ് രീതികൾ കമ്പനികൾ മനസിലാക്കുന്നതിന് ശ്രമിക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയുടെ ചില പോക്കറ്റുകളിൽ വൻ ഡിമാന്‍ഡിന് വഴിതെളിയിക്കുന്നുണ്ട്. വാലെന്റൈൻസ് ദിനത്തിൽ ഇണയ്ക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനേക്കാൾ സ്വന്തമായി എന്ത് വാങ്ങി സന്തോഷിപ്പിക്കാം എന്നായിരിക്കും ഇക്കൂട്ടർ ചിന്തിക്കുന്നത് എന്ന് ചുരുക്കം.