ഇന്ത്യയെ പിടിച്ചുകുലുക്കിയ റാഗിങ് കേസ്: ക്രൂരതയ്ക്കെതിരെ ഉയർന്ന അവബോധം

Mail This Article
വിദ്യാർഥികളെ ഏറ്റവും പേടിപ്പെടുത്തുന്ന ചിന്തകളിലൊന്ന് റാഗിങ്ങിനെക്കുറിച്ചാണ്. നമുക്കു ചുറ്റും പരിശോധിച്ചാൽ റാഗിങ് മൂലം കഷ്ടതകൾ അനുഭവിച്ച വിദ്യാർഥികളുടെ ധാരാളം കഥകൾ കണ്ടെത്താനാകും. കോളജുകളിലെ സ്വച്ഛമായ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുകയും പേടിയുടെ ഒരു വലയം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയായ റാഗിങ്ങിനെതിരെ നിയമപരവും ബോധവത്കരണപരവുമായ നിരവധി നടപടികളുണ്ടായിട്ടുണ്ട്.
ലോകത്ത് പലയിടങ്ങളിലും റാഗിങ്ങിന്റെ പല രൂപങ്ങൾ ഉണ്ട്. യുഎസിലെ ഹേസിങ് ഇതിന് ഉദാഹരണമാണ്. സ്‌പോർട്‌സ് അക്കാദമികളിലും ചില ക്ലബ്ബുകളിലും ഗ്രൂപ്പുകളിലും ഫ്രറ്റേണിറ്റി, സൊറോറിറ്റി ഹൗസുകളിലുമെല്ലാം ഇത്തരം പ്രവർത്തനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ ബോധവത്കരണവും നിയമനടപടികളുമെല്ലാം യുഎസ് പല കാലങ്ങളിൽ സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ പൊതുവായ ക്യാംപസ് വിദ്യാഭ്യാസത്തിൽ സംഘടിതമായ രീതിയിൽ റാഗിങ് യുഎസ് കോളജുകളിലും സർവകലാശാലകളിലുമൊന്നും അത്ര ദൃശ്യമല്ലെന്ന് അധികൃതർ പറയുന്നു.
ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവരടങ്ങിയ ദക്ഷിണേഷ്യയിൽ റാഗിങ് വ്യാപകമായുണ്ട്. അതിശക്തമായ വിദ്യാഭ്യാസരംഗമുള്ള ഇന്ത്യയിൽ റാഗിങ്ങിനെതിരെ ശക്തമായ നിയമനിർമാണങ്ങൾ നടന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ നടപടികൾ തുടങ്ങിയത് 2009 മുതലാണ്. ഇതിനു പ്രധാനകാരണമായത് ഒരു കേസാണ്. അമൻ ഖച്‌റു കൊലപാതകക്കേസ്.

ഹിമാചൽ പ്രദേശിലെ മെഡിക്കൽ വിദ്യാർഥിയായ അമൻ റാഗിങ്ങുമായി ബന്ധപ്പെട്ടുള്ള സീനിയേഴ്‌സിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഈ കേസ് ചലനം സൃഷ്ടിച്ചു. അമനിന്റെ പിതാവ് രാജേന്ദ്ര രാജ്യമെമ്പാടുമുള്ള റാഗിങ് വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമായി പിൽക്കാലത്ത് മാറി. അദ്ദേഹം അമൻ എന്നൊരു സന്നദ്ധസംഘടനയ്ക്കും രൂപം നൽകി.
സുപ്രീം കോടതി ശക്തമായി ഇടപെട്ടതിനെത്തുടർന്ന് 2009 മുതൽ ആന്റി റാഗിങ് ഹെൽപ് ലൈൻ രാജ്യത്ത് പ്രാവർത്തികമായി. പിൽക്കാലത്ത് റാഗിങ്ങിനെതിരെ അവബോധം വളർന്നെങ്കിലും സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നു. സീനിയേഴ്‌സിന്റെ കോപം ഭയന്ന് ഫ്രഷർ വിദ്യാർഥികൾ പരാതിപ്പെടാൻ മടിക്കുന്നത് റാഗിങ്ങിനെതിരെയുള്ള നടപടികളെ ബാധിക്കുന്ന കാര്യമാണ്. പല സ്ഥലങ്ങളിലും മൃദുവായ റാഗിങ് എന്ന പേരിൽ മാനസിക ചൂഷണങ്ങൾ സീനിയർ വിദ്യാർഥികൾ നടത്താറുണ്ട്. ഇതൊക്കെ നിയമവിരുദ്ധമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ റാഗിങ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് പ്രശ്‌നത്തിന്റെ ഗൗരവം കാട്ടുന്ന കാര്യമാണ്.