കാമുകിയുടെ ഫോട്ടോ ‘ഒളിച്ച്’ ലൈക്ക് ചെയ്യുന്ന ഓർബിറ്റിങ്; പങ്കാളിയെ മാറ്റിനിർത്തി ബെഞ്ചിങ്; പ്രണയമേ, ഇതിലേതാണ് നീയെന്ന സത്യം..!

Mail This Article
‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്... പരിഭ്രമിക്കാൻ ഒന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല... ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ... വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’ ‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല. നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്. രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ്