‘മദ്യപിച്ചവരെ കാട്ടാന തിരഞ്ഞെടുത്ത് കൊല്ലുകയാണോ, എങ്കിൽ മൂന്നാറിലെത്തുന്നവരുടെ അവസ്ഥ എന്താകും?’

Mail This Article
വന്യജീവി ആക്രമണത്തിന്റെ വാർത്തകളാണ് അനുദിനം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നത്. വന്യമൃഗങ്ങൾ ഏറ്റവുമധികം മനുഷ്യരെ കൊലപ്പെടുത്തിയ ജില്ലയാണു വയനാട്. ഇതിൽ ഏറ്റവും ഒടുവിലേതായിരുന്നു അട്ടമലയിലെ ബാലകൃഷ്ണന്റെ മരണം. മദ്യത്തിന്റെ മണം കാട്ടാന വേഗം അറിയുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. മദ്യലഹരിയിലായിരുന്ന ബാലകൃഷ്ണൻ, അട്ടമല പാടിയിൽ താമസിക്കുന്ന ബന്ധുക്കളെ കാണാൻ പുലർച്ചെ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നും പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. ഈ പറയുന്നത് വാസ്തവമാണോ? പ്രമുഖ ആന ചികിത്സകന്‍ പി.ബി ഗിരിദാസ് ‘മനോരമ ഓൺലൈനോ'ട് വ്യക്തമാക്കുന്നു.
ഈ വാദം ശുദ്ധമണ്ടത്തരമാണെന്ന് ഗിരിദാസ് പറഞ്ഞു. മദ്യത്തിന്റെ മണംകൊണ്ട് ആന വന്നതെന്ന് പറയാനാകില്ല. അങ്ങനെയെങ്കിൽ മൂന്നാറിലെത്തുന്ന എത്ര സഞ്ചാരികൾ കൊല്ലപ്പെട്ടേനെ. മദ്യപിച്ച ഒരാളെ തിരഞ്ഞെടുത്ത് കൊല്ലാൻ മാത്രം കാട്ടാനയ്ക്ക് വൈരാഗ്യം വല്ലതുമുണ്ടോ? മദ്യപിച്ച ഒരാൾക്ക് തന്റെ ശരീരം നിയന്ത്രണത്തിലായിരിക്കില്ല. ഈ സമയം കാട്ടാന ആക്രമിക്കാനെത്തുമ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചാലും പ്രതീക്ഷിച്ചത്ര രീതിയിൽ വേഗത ലഭിക്കില്ല. ബാലകൃഷ്ണന്റെ കേസിൽ അങ്ങനെ എന്തെങ്കിലുമായിരിക്കും സംഭവിച്ചിരിക്കുക. നാട്ടാനകൾ മദ്യത്തിന്റെ മണംപിടിച്ച് ആക്രമം തുടങ്ങിയാൽ ഉത്സവപറമ്പുകളുടെ അവസ്ഥയെന്താകും? കേരളത്തിൽ 50 കൊമ്പനാനകളെ പിടിച്ചാൽ തീരാവുന്ന പ്രശ്നമാണിത്. കൊല്ലണമെന്നല്ല. അവയെ കാട്ടിൽനിന്ന് പിടിച്ച് കാട്ടിൽ തന്നെ പരിശീലനം നൽകി സെക്യുരിറ്റി ഗാർഡാക്കി മാറ്റാവുന്നതാണ്. അല്ലെങ്കിൽ കുങ്കിയാനകളാക്കി മാറ്റാം– പി.ബി. ഗിരിദാസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി നൂൽപ്പുഴ കാപ്പാട് വെള്ളരി ഊരിലെ മാനുവിന്റെ ജീവൻ കാട്ടാനയെടുത്തു. തൊട്ടടുത്ത ദിവസമാണ് അട്ടമലയിലെ ബാലകൃഷ്ണനെയും കാട്ടാന ചവിട്ടിക്കൊന്നത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈയുടെയും ചൂരൽമലയുടെയും തൊട്ടടുത്താണ് അട്ടമല. ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല മേഖലയിൽ കുടുങ്ങിപ്പോയ 12 കാട്ടാനകളിലൊന്നാണ് ബാലകൃഷ്ണന്റെ ജീവനെടുത്തത്. ഉരുൾപൊട്ടലിൽ ആനത്താര ഇല്ലാതായതോടെയാണ് ആവാസവ്യവസ്ഥയായ നിലമ്പൂർ വനമേഖലയിലേക്ക് ഈ കാട്ടാനകൾക്ക് മടങ്ങാൻ കഴിയാതായത്. ഉൾക്കാട്ടിലേക്കു പോകുന്നവരാണു വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞതിനു പിന്നാലെയാണ് ജനവാസ മേഖലയിൽ കൊല്ലപ്പെട്ട ബാലകൃഷ്ണനെതിരെ വനംവകുപ്പിന്റെ നിലപാട്.
ആനകളുടെ പെരുമാറ്റം ഒറ്റനോട്ടത്തിൽ
> ആനകൾ പതുക്കെ ചെവിയാട്ടിക്കൊണ്ട് നിൽക്കുന്നത് അവ വളരെ ശാന്തരാണെന്നതിന്റെ സൂചനയാണ്.
> ആനകൾ തുമ്പിക്കൈ ഉയർത്തി മണംപിടിക്കുന്നുവെങ്കിൽ അവ ചുറ്റുപാടിനെ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
> ആനകൾ നിശ്ചലരായി ഇരു ചെവികളും വിടർത്തി നിൽക്കുകയാണെങ്കിൽ അവർ എന്തോ അപകടം മണത്തു എന്നതിന്റെ ലക്ഷണമാണ്.
> വാൽ മുകളിലേക്കോ താഴേക്കോ ബലം പിടിച്ച അവസ്ഥയിലാണെങ്കിൽ ആനകൾ അതീവ സമ്മർദ്ദത്തിലാണെന്ന് കണക്കാക്കാം.
> ആനകൾ തുമ്പിക്കൈ ചുരുട്ടി തലകുനിച്ച് നിങ്ങൾക്ക് നേരെ തിരിയുന്നുവെങ്കിൽ അവ നിങ്ങളെ തുരത്തിയോടിക്കാൻ തയ്യാറെടുക്കുന്നു എന്നർഥം.

ഓർമിക്കുക
> ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ അവയെ തിരികെ അയക്കാൻ പ്രദേശത്തിന്റെ കിടപ്പും ആനയുടെ സ്വഭാവ രീതികളും അറിയേണ്ടതുണ്ട്. ആയതിനാൽ വനംവകുപ്പിന്റെ സഹായം തേടുക
> മദപ്പാടിൽ (ഇണചേരൽ കാലത്ത്) ആണാനകൾ കൂടുതൽ പ്രതികരണ സ്വഭാവമുള്ളരായിരിക്കും
> ഒറ്റയാനകൾ, ആനക്കൂട്ടങ്ങൾ, കുഞ്ഞുങ്ങളുള്ള കൂട്ടങ്ങൾ എന്നിവർ സ്വഭാവത്തിലും പ്രതികരണത്തിലും വ്യത്യസ്തനായിരിക്കും
> യാതൊരു കാരണവശാലും ആനയെ സമീപിക്കുകയോ പ്രകോപിപ്പിക്കുയോ ചെയ്യരുത്. വാഹനത്തിലാണെങ്കിൽ എൻജിൻ ഓഫാക്കുകയോ ഫോൺ മുഴക്കുകയോ ചെയ്യരുത്. സുരക്ഷിതമായ അകലം പാലിക്കുക.
> വന്യജീവികൾ പുറത്തിറങ്ങിയതായി അറിവ് ലഭിച്ചാൽ സുരക്ഷിതമായ സ്ഥലത്ത് നിലയുറപ്പിക്കുക. വിദഗ്ധർ അവരുടെ ജോലി നിർവഹിക്കുമ്പോൾ അതിന് തടസ്സമാകാതെ സ്വയം സുരക്ഷിതരാവുക, മറ്റുള്ളരെയും സുരക്ഷിതരാക്കുക. കൂടാതെ അവരുടെ നിർദേശം അനുസരിക്കുകയും ചെയ്യുക.