വാഷിങ്ടനിന്റെ പ്രിയ കൊമോഡോ ഡ്രാഗൺ: മർഫി 26–ാം വയസ്സിൽ ഓർമയായി

Mail This Article
യുഎസിലെ വാഷിങ്ടനിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്മിത്‌സോണിയൻ ദേശീയ മൃഗശാലയിലെ അന്തേവാസിയായ മർഫിയെന്ന കൊമോഡോ ഡ്രാഗൺ വിടപറഞ്ഞു. പൊതുവെ സംരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്ന കൊമോഡോ ഡ്രാഗണുകളുടെ ശരാശരി ജീവിത കാലയളവ് 20 വയസ്സാണ്. എന്നാൽ മർഫി 26 വയസ്സുവരെ ജീവിച്ചു.
മര്യാദയുള്ള പെരുമാറ്റമുള്ളവനും ആളുകളോട് നന്നായി ഇടപെടുന്നവനുമെന്നാണ് മൃഗശാല അധികൃതർ മർഫിയെക്കുറിച്ച് ഓർമിക്കുന്നത്. മൃഗശാലയിലെത്തുന്നവരുടെ പ്രിയപ്പെട്ടവനായിരുന്ന മർഫി രാജ്യാന്തര പ്രശസ്തിയുള്ള മൃഗശാലയുടെ ചിഹ്നങ്ങളിലൊന്നായിരുന്നു. വാതരോഗം ഈ കൊമോഡോ ഡ്രാഗണെ അലട്ടിയിരുന്നു.
1998ൽ മയാമിയിലെ മൃഗശാലയിലായിരുന്നു മർഫിയുടെ ജനനം. തൊട്ടടുത്ത വർഷം ദേശീയ മൃഗശാലയിലെത്തി.കൊമോഡോ ഡ്രാഗണുകൾ അനുഭവിക്കുന്ന വംശനാശ ഭീഷണിയെക്കുറിച്ചും ഈ ജീവികളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അമേരിക്കൻ ജനതയെ മനസ്സിലാക്കിക്കുന്നതിൽ മർഫി വലിയ പങ്കുവഹിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ ഇന്തൊനീഷ്യയിലുണ്ടായിരുന്ന ഡച്ച് കൊളോണിയൽ അധികൃതർക്കാണ് കൊമോഡോ ഡ്രാഗണെപ്പറ്റിയുള്ള ആദ്യ വിവരം ലഭിച്ചത്. ഇന്തൊനീഷ്യയിലെ ഒരു ദ്വീപിൽ ഡ്രാഗണോ, അതോ മുതലയോ എന്താണെന്നു പറയാൻ പറ്റാത്ത ഒരു ഭീകരജീവി വിഹരിക്കുന്നെന്നായിരുന്നു ആ വിവരം. 20 അടിയോളം നീളമുള്ള ഈ ജീവിയെ കരയിൽ ജീവിക്കുന്ന മുതല എന്നർഥം വരുന്ന ഓറ എന്ന പേരാണ് തദ്ദേശീയർ വിളിച്ചിരുന്നത്.
തുടർന്ന് 1926 വരെ കൊമോഡോ എന്നു പേരുള്ള ഈ ദ്വീപിൽ നിരവധി പര്യവേക്ഷണങ്ങൾ നടക്കുകയും ജീവി യാഥാർഥ്യമെന്നു തെളിയുകയും ചെയ്തു. പല്ലിവർഗത്തിലെ ഏറ്റവും വലിയ ജീവിയായ അതിന് ദ്വീപിന്റെ പേര് ചേർത്തു കൊമോഡോ ഡ്രാഗൺ എന്നു പേരും കൊടുത്തു. ഭൂമിയിൽ അധികമിടങ്ങളിൽ ഇല്ലെങ്കിലും ലോകത്ത് വളരെ പ്രശസ്തനായ ജീവിയാണ് കൊമോഡോ ഡ്രാഗൺ. കിങ് കോങ് എന്ന പ്രശസ്ത സിനിമയ്ക്കുവരെ കാരണമായത് ഈ ജീവിയാണ്. 1926 ഇതിനെ തേടിയെത്തിയ പര്യവേക്ഷണ സംഘത്തിലെ അംഗമായ വില്യം ഡഗ്ലസാണ് പിന്നീട് കിങ് കോങ് അണിയിച്ചൊരുക്കിയത്.
ഓസ്ട്രേലിയയിൽ ജനനം കൊണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും കൊമോഡോ ദ്വീപിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് നിലവിൽ കൊമോഡോ ഡ്രാഗണുകളുള്ളത്. എന്നാൽ ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്കു മാറിയിരിക്കുകയാണ് ഇപ്പോൾ. കൊമോഡോ ദ്വീപിൽ വർധിച്ചു വരുന്ന മനുഷ്യ പ്രവർത്തനങ്ങൾ ഇവയെ ഭീഷണിയിലാക്കുന്നെന്ന് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പറയുന്നു. ഡ്രാഗണുകൾ വിഹരിക്കുന്ന ഇടമായതിനാൽ ധാരാളം ടൂറിസം പ്രവർത്തനങ്ങൾ ദ്വീപ് കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്.
ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടിയാകുമ്പോൾ സ്ഥിതി ദുഷ്കരമാണ്. വർധിക്കുന്ന ആഗോള താപനം മൂലം അടുത്ത 5 ദശാബ്ദങ്ങൾക്കുള്ളിൽ കൊമോഡോ ദ്വീപിന്റെ 30 ശതമാനത്തോളം കടലെടുത്തു പോകുമെന്നും ശാസ്ത്രജ്‍ഞർ പറയുന്നു. ഇത് വൻതോതിൽ കൊമോഡോ ഡ്രാഗണുകളെ ബാധിക്കാം. ഇതോടൊപ്പം അനധികൃത വേട്ടയും കൊമോഡോ ഡ്രാഗണുകൾക്കു ഭീഷണി തീർക്കുന്നു.കൊമോഡോ ഡ്രാഗണുകളെ വേട്ടയാടുന്നത് വലിയ മികവായി കരുതുന്ന വേട്ടക്കാർ ഇന്തൊനീഷ്യയിലുണ്ട്.
ലോകത്തെ ഏറ്റവും വലിയ 7 പ്രകൃതി അദ്ഭുതങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കൊമോഡോ നാഷനൽ പാർക് മേഖലയിൽ ഉൾപ്പെട്ടതാണ് 390 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള കൊമോഡോ ദ്വീപ്. ഡ്രാഗണുകളുടെ പേരിലാണ് ഇതു പ്രശസ്തമെങ്കിലും രണ്ടായിരത്തോളം മനുഷ്യരും ഇവിടെ താമസക്കാരായുണ്ട്. ഇവിടെയും ചുറ്റുവട്ടത്തെ മറ്റു ചില ദ്വീപുകളിലുമായും താമസിക്കുന്ന കൊമോഡോ ഡ്രാഗണുകളുടെ എണ്ണം 4000 വരും.