ശരീരത്തിന്റെ പിൻഭാഗത്ത് കൃത്രിമമുഖം; ചിതലുകളെ പറ്റിക്കുന്ന വിരുതൻ പുഴു

Mail This Article
മൊറോക്കോയിലെ മല നിരകളിൽ ഒരു അദ്ഭുതക്കാഴ്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ചിതലുകളെ തന്റെ ശരീരം ഉപയോഗിച്ചു പറ്റിച്ച് ഫ്രീയായി ഫുഡ് അടിച്ചു ജീവിക്കുന്ന ചില പുഴുക്കളെയാണു ഗവേഷകർ കണ്ടെത്തിയത്. ഹാർവസ്റ്റർ ടെർമൈറ്റ്‌സ് എന്നറിയപ്പെടുന്ന ചിതലുകളുടെ പുറ്റിലാണു ഗവേഷകർ ഈ കാഴ്ച കണ്ടത്. ഇത്തരം ചിതൽപ്പുറ്റിൽ ധാരാളം ഭക്ഷണം ശേഖരിക്കപ്പെട്ടിരിക്കും എന്നതിനാൽ പല ജീവികൾക്കും ഇതിനുള്ളിൽ കടക്കാൻ താൽപര്യമുണ്ട്. എന്നാൽ അങ്ങനെ കയറുന്ന ജീവികളെ ചിതലുകൾ തിരിച്ച് ജീവനോടെ വിടാറില്ല. അപകടം പേടിച്ച് ജീവികൾ അതിനാൽ ചിതൽപ്പുറ്റുകൾ ഒഴിവാക്കുകയും ചെയ്യും. ഈ അവസ്ഥ നിലനിൽക്കുമ്പോഴാണു കിടിലൻ ഫാൻസി ഡ്രസുമായി പുഴുക്കൾ ഇവയെ പറ്റിക്കുന്നത്.
ചിതലുകളുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഈ പുഴുക്കൾക്ക് തങ്ങളുടെ ശരീരത്തിന്റെ പിൻഭാഗത്ത് ഒരു കൃത്രിമമുഖമുണ്ട്. ഈ മുഖം കണ്ട് തങ്ങളുടെ കൂട്ടത്തിലൊരാളാണെന്നു ചിതലുകൾ തെറ്റിദ്ധരിക്കും. ഈ രീതിയിൽ പിടിക്കപ്പെടാതെ ഈ പുഴുക്കൾ ചിതൽപ്പുറ്റിൽ കഴിഞ്ഞുകൂടും. ചിതലുകളുടെ കണ്ണുകളെയും തലയിലെ കൊമ്പുകളെയും അനുസ്മരിപ്പിക്കുന്ന ഘടനകൾ പോലും ഈ ചിതലുകളുടെ പിൻഭാഗത്തുണ്ടെന്നുള്ളതാണ് അദ്ഭുതകരമായ സംഗതി.
രൂപപരമായ സാദൃശ്യങ്ങൾ മാത്രമല്ല, ചിതലുകളുടെ ശരീരത്തിൽ നിന്നു പുറപ്പെടുന്ന ഗന്ധവും ഇവ ശരീരത്തിൽ നിന്നു കൃത്രിമമായി പുഃനസൃഷ്ടിക്കും. ഇവരുടെ കള്ളക്കളി ചിതലുകൾ കണ്ടുപിടിക്കാതിരിക്കുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നും ഇതാണ്.
റിൻകോമ്യ എന്നയിനം ഈച്ചകളുടെ ലാർവകളാണ് ഈ പുഴുക്കൾ. റിൻകോമ്യ വിഭാഗത്തിൽ വേറെയും ലാർവകളുണ്ടെങ്കിലും ഇത്തരം പ്രച്ഛന്നവേഷം മറ്റൊന്നിലും കണ്ടെത്തിയിട്ടില്ല. കൂടുതൽ ഗവേണങ്ങളിലൂടെയെ വിവരങ്ങൾ ലഭിക്കൂ.