കാനഡയിൽ ജനിച്ച ആദ്യ വെളുത്ത കാണ്ടാമൃഗം; ഷബൂലയ്ക്ക് വിടനൽകി രാജ്യം

Mail This Article
കനേഡിയൻ മണ്ണിൽ ജനിച്ച ആദ്യ കാണ്ടാമൃഗത്തിനു രാജ്യം വേദനയോടെ വിട നൽകി. ക്യുബെക്കിലെ ഗ്രാൻബി മൃഗശാലയിൽ കഴിഞ്ഞ ഷബൂലയെന്ന 45 വയസ്സുള്ള കാണ്ടാമൃഗമാണ് ഓർമയായത്. 1979ൽ ടൊറന്റോ മൃഗശാലയിലാണു വൈറ്റ് റൈനോ ഇനത്തിലുള്ള ഷബൂല ജനിച്ചത്. 3 പതിറ്റാണ്ടോളം ടൊറന്റോയിൽ കഴിഞ്ഞശേഷമാണു ഷബൂല ക്യുബെക്കിലെത്തിയത്. സാധാരണഗതിയിൽ മൃഗശാലകളിൽ കഴിയുന്ന കാണ്ടാമൃഗങ്ങളുടെ ശരാശരി പ്രായം 36 വയസ്സാണ്.
കരയിലെ ഏറ്റവും വലിയ രണ്ടാമത്തെ സസ്തനിയായ കാണ്ടാമൃഗങ്ങൾ അപകടകാരികളാണെങ്കിലും കഴിയുന്നത്ര മനുഷ്യരുമായി അകന്നു നിൽക്കാൻ ആഗ്രഹിക്കുന്ന ജീവികളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 5 ലക്ഷം കാണ്ടാമൃഗങ്ങൾ ഭൂമിയിലുണ്ടായിരുന്നു. എന്നാൽ ഇന്ന് വെറും കാൽലക്ഷത്തിലധികം മാത്രം. വൈറ്റ് റൈനോ കൂടാതെ ലോകത്ത് 4 തരം കാണ്ടാമൃഗങ്ങൾ കൂടിയുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം അഥവാ ഇന്ത്യൻ റൈനോ, ബ്ലാക്ക് റൈനോ, സുമാത്രൻ റൈനോ, ജാവൻ റൈനോ എന്നിവയാണ് ഇവ. ബ്ലാക്ക് റൈനോ, വൈറ്റ് റൈനോ എന്നിവ ആഫ്രിക്കയിലും ബാക്കിയുള്ളവ ഏഷ്യയിലും ജീവിക്കുന്നു. ഇക്കൂട്ടത്തിൽ സുമാത്രൻ റൈനോ, ജാവൻ റൈനോ ,ബ്ലാക്ക് റൈനോ എന്നിവ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്.

ഇന്ത്യൻ റൈനോ അഥവാ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അപരിമിതമായ വേട്ട കാരണം വംശനാശം വന്നുപോകേണ്ടിയിരുന്ന ജീവിയായിരുന്നു. വെറും 200 മൃഗങ്ങൾ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. തുടർന്ന് സർക്കാരിന്റെ ശക്തമായ നടപടികൾ ഈ കാണ്ടാമൃഗങ്ങളുടെ എണ്ണത്തെ സുരക്ഷിത നിലയിലേക്കുയർത്തി. ഇന്ന് ഇത്തരം കാണ്ടാമൃഗങ്ങളുടെ 80 ശതമാനവും അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജീവിക്കുന്നു. അസമിലെ കാസിരംഗ ദേശീയ പാർക്കിന്റെ മുഖമുദ്ര തന്നെ ഈ കാണ്ടാമൃഗങ്ങളാണ്.
ശക്തരായ ജീവികളാണെങ്കിലും വലിയ പ്രതിസന്ധി നേരിടുന്ന ജീവികളാണു കാണ്ടാമൃഗങ്ങൾ. ഇന്ത്യയിലെ കാസിരംഗ നാഷനൽ പാർക്കില്‍ 2021ൽ 2500ലധികം കാണ്ടാമൃഗക്കൊമ്പുകൾ ചൂളകളിൽ കത്തിച്ചതിന്റെ വാർത്തയും ചിത്രങ്ങളും ലോശ്രദ്ധ നേടിയിരുന്നു. മൃഗത്തിന്റെ സവിശേഷതയായ കൊമ്പാണ് അതിനു പ്രതിസന്ധിയുമാകുന്നത്.
കാണ്ടാമൃഗത്തിന്റെ കൊമ്പുകൾക്ക് അപൂർവമായ ഔഷധശേഷികളുണ്ടെന്നുള്ള വിശ്വാസമാണ് ഇതിനു കാരണമാകുന്നത്. വിയറ്റ്നാമിലും ചൈനയിലുമാണ് കാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ഏറ്റവും വലിയ കരിഞ്ചന്തകളുള്ളത്. പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ് കാണ്ടാമൃഗ കൊമ്പുകൾ വാങ്ങിക്കപ്പെടുന്നത്. ചൈനീസ് പാരമ്പര്യ വൈദ്യമനുസരിച്ച് കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ പൊടിച്ചത്, ലൈംഗിക ഉത്തേജക മരുന്നായി പ്രവർത്തിക്കുമെന്നുള്ള പ്രചാരണവും വിശ്വാസവുമുണ്ട്. ഇത് കാണ്ടാമൃഗങ്ങളുടെ നിയമവിരുദ്ധ വേട്ടയിലേക്കു നയിക്കുന്നു.
എന്നാൽ ഇത്തരത്തിലുള്ള യാതൊരു ഔഷധമൂല്യവും ഇതിനില്ലെന്ന് മെഡിക്കൽ ഗവേഷകർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. മനുഷ്യരുടെ നഖത്തിലുള്ള കെരാറ്റിൻ തന്നെയാണ് കാണ്ടാമൃഗത്തിന്റെ കൊമ്പിലുമടങ്ങിയിരിക്കുന്നത്. ചൈനീസ് വൈദ്യത്തിൽ പനിയും മറ്റ് അണുബാധകൾക്കും ഫലപ്രദമായ ഔഷധമായി കാണ്ടാമൃഗക്കൊമ്പിനെ കണക്കാക്കുന്നുണ്ട്. ഇതും യാതൊരു അടിസ്ഥാനവുമില്ലാത്ത വിശ്വാസം തന്നെ.
സമ്പന്നർ കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ ഒരു പ്രദർശന വസ്തുവായും വാങ്ങാറുണ്ട്. ഈ കൊമ്പുപയോഗിച്ചു നിർമിച്ച ബ്രേസ്‌ലെറ്റുകൾ, മാലകൾ തുടങ്ങിയവയ്ക്കൊക്കെ വലിയ ഡിമാൻഡാണ്. വിയറ്റ്നാമിലെ ചില ധനികർ ശരീരത്തിലെ വിഷവസ്തുക്കൾ പുറത്തുചാടിക്കാൻ പൊടിച്ച കാണ്ടാമൃഗക്കൊമ്പിനു കഴിയുമെന്നു വിശ്വസിച്ച് ഇത് മദ്യത്തിലും, വെള്ളത്തിൽ ചാലിച്ച് ടോണിക്കു രൂപത്തിലും കുടിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് വിയറ്റ്നാമിലെയും ചൈനയിലെയും കരിഞ്ചന്തക്കാർ കൂടുതൽ മാർക്കറ്റിങ് തന്ത്രങ്ങൾ കാണ്ടാമൃഗ കൊമ്പ് കച്ചവടത്തിൽ പയറ്റുന്നുണ്ടെന്ന് സയന്റിഫിക് അമേരിക്കൻ മാസിക റിപ്പോർട്ട് ചെയ്യുന്നു. കാൻസറിനെ വരെ ഇതു പ്രതിരോധിക്കുമെന്നാണ് ഇത്തരത്തിൽ ഒരു മാർക്കറ്റിങ് തന്ത്രം.