കടൽകാക്കകൾ പെരുകുന്നു; വിസർജ്യങ്ങൾ മനുഷ്യജീവനെടുത്തേക്കാം: മുന്നറിയിപ്പുമായി വിദഗ്ധർ
Mail This Article
യുകെയിലെ ജനങ്ങൾക്ക് അസാധാരണമായ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ പെസ്റ്റ് കൺട്രോൾ വിദഗ്ധർ. കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം എന്നതാണ് മുന്നറിയിപ്പ്. കടൽകാക്കകളുടെ വിസർജ്യമാണ് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് യുകെയിൽ ജീവിക്കുന്നവർ സ്വയരക്ഷക്കായി പ്രത്യേക ജാഗ്രത പാലിക്കണം.
വരും ആഴ്ചകളിൽ കടൽകാക്കകൾ രാജ്യത്തുടനീളം കൂടുതൽ സജീവമാകുമെന്ന് റെന്റോക്കിൽ പെസ്റ്റ് കൺട്രോൾ കമ്പനിയുടെ തലവനായ പോൾ ബ്ലാക്ക്ഹേസ്റ്റ് അറിയിക്കുന്നു. എല്ലാ പ്രദേശങ്ങളിലും ഈ സാഹചര്യം നിലനിൽക്കും. കടൽകാക്കകളുടെ വിസർജ്യത്തിൽ ഇ കോളി, സാൽമോണെല്ല എന്നീ ബാക്ടീരിയകളുണ്ട്. ശ്വസനത്തിലൂടെയോ അല്ലാതെയോ ഇവ ഉള്ളിൽ എത്തുന്നത് കുടലിൽ മാരകമായ അണുബാധയ്ക്ക് കാരണമാകും. വിസർജ്യങ്ങൾ ഉണങ്ങിയ അവസ്ഥയിൽ പോലും അവയുടെ സമീപത്തുനിന്ന് ശ്വസിക്കുന്നത് ബാക്ടീരിയ ഉള്ളിലെത്താൻ വഴിയൊരുക്കുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
തീരമേഖലയിലെ നഗരപ്രദേശങ്ങളിൽ ഉള്ളവരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. പ്രജനനകാലമായതിനാൽ ജനവാസ മേഖലകളിൽ കടൽകാക്കകൾ അധികമായി എത്തുന്നതുമൂലം വീടുകൾക്കു സമീപത്തും മേൽക്കൂരകളിലും നടവഴികളിലും വാഹനങ്ങളിലുമൊക്കെ ഇവയുടെ വിസർജ്യം കണ്ടെന്നു വരാം. വിസർജ്യത്തിൽ സ്പർശിക്കുകയോ അതിന് സമീപത്തേക്ക് എത്തുകയോ ചെയ്യാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണം. ഇതിനു പുറമേ കടൽകാക്കകൾ കൂടുതൽ ആക്രമണകാരികളാകുന്ന സമയം കൂടിയാണ് ഇത്. കൂടുകൾക്ക് സംരക്ഷണം ഒരുക്കുന്നതിനും ഭക്ഷണമെത്തിക്കാനുമുള്ള ശ്രമങ്ങൾ തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ അവ ആക്രമിച്ചെന്നു വരാം.
ജലസ്രോതസ്സുകൾ തുറന്നിടാതിരിക്കാനും വഴിയോര ഭക്ഷണശാലകളിൽ ഭക്ഷണസാധനങ്ങൾ അടച്ചുവയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. വിസർജ്യത്തിൽ നിന്നുള്ള അണുബാധയേറ്റാൽ അതിന് കൃത്യമായി ചികിത്സ ലഭ്യമല്ല എന്നതും ഭീഷണി ഉയർത്തുന്നു. എന്നാൽ ഇത് ആദ്യമായല്ല കടൽകാക്കളുടെ വിസർജ്യത്തിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തുന്നത്. 1993 ൽ ന്യൂയോർക്കിൽ നൂറുകണക്കിന് ആളുകൾക്ക് അജ്ഞാത രോഗം പിടിപെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനകളിൽ കടൽകാക്കളുടെ വിസർജ്യമാണ് രോഗം പടർന്നു പിടിക്കാനുള്ള കാരണമെന്ന നിഗമന എത്തിച്ചേരുകയും ചെയ്തു.
കടൽകാക്കകളുടെ കൂടുകളുള്ള ഇടങ്ങളിൽ പുഴുക്കൾ, ചെള്ളുകൾ, ചെറു വണ്ടികൾ എന്നിവയുടെ എണ്ണവും പെരുകും. ഇതും പലതരത്തിലുള്ള രോഗങ്ങളും പടർന്നു പിടിക്കുന്നതിന് കാരണമായെന്നു വരാം. ഈ സാഹചര്യങ്ങൾ മുന്നിൽകണ്ട് ജനവാസ മേഖലകളിൽ കടൽകാക്കകൾ എത്താതിരിക്കാനായി പെസ്റ്റ് കൺട്രോൾ കമ്പനികൾ നെറ്റുകളും ബേർഡ് സ്പൈക്കുകളും സ്ഥാപിക്കുന്നുണ്ട്.