അന്റാർട്ടിക്കയിലെ ഭീമൻ ദ്വാരം; ‘മോഡ് റൈസ് പോളിന്യ’യുടെ രഹസ്യം കണ്ടെത്തി
Mail This Article
അന്റാർട്ടിക്കയിലെ വെഡ്ഡൽ സമുദ്രത്തിലെ (Weddell sea) ഹിമപാളികളിൽ ഇടയ്ക്ക് ഭീമൻ ദ്വാരം രൂപപ്പെടാറുണ്ട്. ഇതിനെ പോളിന്യകൾ എന്നാണ് വിളിക്കുന്നത്. കൊടുംതണുപ്പിലെ ജലസ്രോതസ്സായാണ് ഇവയെ കണക്കാക്കുന്നത്. 1974ലാണ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് 1975 ലും 1976 ലും പോളിന്യകളെ കാണാനായി. ഇപ്പോഴിതാ, ഇത്തരം ദ്വാരത്തിനുപിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുന്നത് ഒരുകൂട്ടം ഗവേഷകർ. സതാംപ്ടൻ സർവകലാശാല, ഗോതൻബർഗ് സർവകലാശാല, കലിഫോർണിയ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. ഇതിനായി അവർ തിരഞ്ഞെടുത്തത് വെഡ്ഡൽ സമുദ്രത്തിലെ മോഡ് റൈസ് പോളിന്യ (Maud rise polynya) എന്ന ദ്വാരമായിരുന്നു.
1974ൽ മോഡ് റൈസ് പോളിന്യയുടെ വലുപ്പം ന്യൂസിലൻഡിന്റെ അത്ര വലുപ്പമുള്ളതായിരുന്നു. ഇത് ആഴ്ചകളോളം നിലനിന്നിരുന്നതായി പോളാർ ജേണലിൽ വ്യക്തമാക്കുന്നുണ്ട്. 2016, 2017 വർഷങ്ങളിലും ഇവയെ കാണാനായി. അന്ന് ഇതിന് സ്വിറ്റ്സർലൻഡിന്റെ വലുപ്പമായിരുന്നു. വെഡ്ഡൽ സമുദ്രത്തിലുള്ള സമുദ്രജലപ്രവാഹത്തിന് (Weddel gyre) ശക്തി പ്രാപിച്ചതാണ് വീണ്ടും ദ്വാരം രൂപപ്പെടുന്നതിലേക്ക് നയിച്ചതെന്ന് കരുതുന്നു.
തണുത്തുറഞ്ഞ ജലോപരിതലത്തിൽ ലവണാംശമുള്ള ജലമെത്തുന്നത് പോളിന്യകൾക്ക് കാരണമായെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇവ നിലനിൽക്കാൻ കൂടുതൽ ലവണാംശം ആവശ്യമാണെന്നും ഇത് മറ്റെവിടെനിന്നെങ്കിലും ലഭിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. കടൽസിംഹങ്ങളും തിമിംഗലങ്ങളും പോളിന്യകളിലൂടെയാണ് ശ്വാസമെടുക്കാനായി സമുദ്രോപരിതലത്തിലെത്തുന്നത്.
ആഴത്തിനനുസരിച്ച് ഉപരിതലത്തിലും അടിത്തട്ടിലും സമുദ്രജലത്തിന്റെ ദിശയും വേഗതയും മാറുന്നു. ഇത് 100 മുതൽ 150 മീറ്റർ വരെ ചുഴി രൂപത്തിലേക്കെത്തുന്നതിലേക്ക് നയിക്കുന്നു. ഏക്മാൻ സ്പൈറൽ എന്നാണ് ഇതിനെ വിളിക്കുന്നത്. വരുംവർഷങ്ങളിൽ അന്റാർട്ടിക്കയിൽ ഭീമൻ പോളിന്യകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.